ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുന്‍ ജഡ്ജിയുമായ എച്ച്.ആര്‍ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം.

നിലവില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ തിതരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി ഇന്ദിര ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അമ്മാവനായ ജസ്റ്റിസ് എച്ച്.ആര്‍.ഖന്നയ്ക്കു നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവന്‍ 47 വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്നത്.

അന്യായമായി തടങ്കലില്‍ വയ്ക്കുന്നതിന് എതിരെ പൗരനുള്ള അവകാശം സര്‍ക്കാരിനു റദ്ദു ചെയ്യാമെന്ന എഡിഎം ജബല്‍പുര്‍ കേസിലെ ഭൂരിപക്ഷാഭിപ്രായത്തില്‍ വിയോജന വിധിയെഴുതിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച്.ആര്‍.ഖന്ന. ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരായ ആ വിധിയെഴുത്തിനു പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി മറികടന്നു ജൂനിയറായ എം.എച്ച്.ബെയ്ഗിനെ ചീഫ് ജസ്റ്റിസാക്കി. പിന്നാലെ അദ്ദേഹം ജഡ്ജി പദവിയില്‍ നിന്ന് രാജിവച്ചു.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അച്ഛന്‍ ദേവ്രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും അമ്മ സരോജ് ലേഡി ശ്രീറാം കോളജിലെ അധ്യാപികയുമായിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. അതിന് മുമ്പ് 14 വര്‍ഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.

മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് സഞ്ജീവ് ഖന്നയെ 2019ല്‍ സുപ്രീം കോടതി ജഡ്ജിയാക്കിയതും വിവാദമായിരുന്നു. പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളില്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അരവിന്ദ് കേജ്രിവാളിന് മദ്യനയക്കേസില്‍ ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചായിരുന്നു.