ചെന്നൈ: തമിഴ്‌നാട് ബിജെപിയിൽ ജനപ്രീതിയിൽ മുന്നിലാണ് കെ അണ്ണാമലൈ എന്ന യുവനേതാവ്. അദ്ദേഹം രംഗപ്രവേശനം ചെയ്തതോടെ അണികളിൽ ആവേശമെല്ലാം ഉണ്ടായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തിയ നേതാവ് ആൾക്കൂട്ടത്തിന്റ ഹീറ ആയും മാറി. സൈബറിടങ്ങളിലും വലിയ പിന്തുണയാണ് അണ്ണാമലൈക്ക് ലഭിച്ചത്. എന്നാൽ ഗ്രൂപ്പിസവും ദ്രാവിഡ വികാരം മാനിക്കാതെയുള്ള പ്രസ്താവനകളും കൂടിയായപ്പോൾ തമിഴ്‌നാട്ടിൽ ബിജെപിക്ക് പ്രതീക്ഷകൾ നഷ്ടമാകുകയാണ്. തമിഴകത്തിൽ ബിജെപിയെ പിടിച്ചു നിർത്തുന്ന എഐഎഡിഎംകെയുമായി സഖ്യം വേണ്ടെന്ന കടുത്ത തീരുമാനത്തിലേക്ക് കൂടി അണ്ണാമലൈ എത്തിയതോടെ തമിഴ്കത്തിൽ ബിജെപിയിൽ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.

ലോക്സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിക്കുമെന്ന കെ. അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി തമിഴ്‌നാട് ബിജെപി.യിൽ ഭിന്നത രൂക്ഷമായിരിക്കയാണ്. അണ്ണാമലൈയുടേത് വ്യക്തിപരമായ തീരുമാനമാണെന്നാണ് മറ്റുനേതാക്കൾ പറയുന്നത്. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയാൽ രാജിവെക്കുമെന്ന് അണ്ണാമലൈ ദേശീയനേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിയുന്നത്. ചെന്നൈയിൽനടന്ന പാർട്ടിഭാരവാഹികളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പിൽ ബിജെപി. തനിച്ചുമത്സരിക്കണമെന്ന് അണ്ണാമലൈ നിർദ്ദേശിച്ചത്.

പാർട്ടിയുടെ അധ്യക്ഷപദവിയേറ്റത് ബിജെപി.യെ അധികാരത്തിലെത്തിക്കാനാണെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പിന്നിൽ നിൽക്കാനല്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തെ പ്രബലകക്ഷിയാവുകയെന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ ബിജെപി. തനിച്ചുമത്സരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, അണ്ണാമലൈയുടെ തീരുമാനത്തിൽ കടുത്ത എതിർപ്പിലാണ് ബിജെപി നേതാക്കൾ തന്നെ. പാർട്ടിയുടെ മുതിർന്നനേതാക്കളായ വാനതി ശ്രീനിവാസനും നാരായണൻ തിരുപ്പതിയും എതിർപ്പുപ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. ഇക്കാര്യം വിശദീകരിക്കണമെന്ന് നാരായണൻ ആവശ്യപ്പെട്ടു. സഖ്യം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്ന് വാനതി ശ്രീനിവാസൻ പറഞ്ഞു.

പാർട്ടിനേതാവ് നൈനാർ നാഗേന്ദ്രൻ അണ്ണാമലൈയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ചു. അണ്ണാമലൈയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ദേശീയനേതൃത്വത്തിന്റെ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യമില്ലാതെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പു നടക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിച്ചുമത്സരിക്കുന്ന കാര്യം ബിജെപി. ദേശീയനേതൃത്വവുമായി ചർച്ചചെയ്യാൻ അണ്ണാമലൈ സമയംതേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈമാസം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തുമ്പോൾ ഈ വിഷയം അണ്ണാമലൈ ഉന്നയിക്കും. തന്റെ അഭിപ്രായം മറികടന്ന് സഖ്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ പാർട്ടി അധ്യക്ഷപദം രാജിവെക്കുമെന്ന് അദ്ദേഹം അടുത്ത അനുയായികളെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ സഖ്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് ബിജെപി.യല്ല, എ.ഐ.എ.ഡി.എം.കെ.യാണെന്നായിരുന്നു പാർട്ടിനേതാവ് ഡി. ജയകുമാറിന്റെ പ്രതികരണം. പ്രവർത്തകരെ രസിപ്പിക്കാനാവും അണ്ണാമലൈ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ജയകുമാർ പറഞ്ഞു. ബിജെപി. ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എ.ഐ.എ.ഡി.എം.കെ.യിലും പ്രബലമാണ്.

നേതാക്കളുടെ രാജി തുടരുന്നു

തമിഴ്‌നാട് ബിജെപിയിൽ നിന്നും നേതാക്കൾ രാജിവെക്കുന്നതും തുടരുകയാണ്. കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും കടുത്ത വിള്ളൽ വീണിരുന്നു. ബിജെപി സംസ്ഥാന ഭാരവാഹികൾ അടക്കം 13 പേർക്കൂടി രാജിവെച്ചിരുന്നു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാഡിഎംകെയിൽ ചേരും. ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സി.ടി.ആർ.നിർമൽ കുമാർ സംസ്ഥാനാധ്യക്ഷൻ കെ.അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടർന്നു പാർട്ടി വിട്ടതിനു പിന്നാലെ 8 സംസ്ഥാനതല നേതാക്കളാണ് ഇതുവരെ രാജിവച്ചത്. ചെന്നൈ വെസ്റ്റ് ജില്ല ഐടി ഭാരവാഹികളായ 13 പേരാണ് ഒടുവിൽ രാജി പ്രഖ്യാപിച്ചത്.

അണ്ണാമലൈയ്ക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യധാരണയുണ്ടെന്ന് ആരോപിച്ചാണ് സി.ടി.ആർ.നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിലേക്കു ചേക്കേറുന്നത്. അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാഡിഎംകെ സ്വീകരിക്കുന്നതിനെതിരെ ഇരു പാർട്ടി നേതാക്കളും തമ്മിലുള്ള വാക്പോര് തുടരുകയാണ്. 'അധാർമിക' നടപടി എന്നു വിശേഷിപ്പിച്ച ബിജെപി നേതാക്കൾ സഖ്യകക്ഷി നേതാവായ എടപ്പാടി പളനിസാമിക്കെതിരെ പ്രാദേശികതലത്തിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങൾക്കു മൗനാനുവാദവും നൽകിയിട്ടുണ്ട്. കോവിൽപട്ടിയിൽ നാലംഗ ബിജെപി ഭാരവാഹികൾ എടപ്പാടിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ഇതിനെതിരെ അതിരൂക്ഷമായ വിമർശനവുമായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവ് ഡി.ജയകുമാർ രംഗത്തെത്തി.

പാർട്ടി പ്രവർത്തകർ മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത അണ്ണാമലൈ ഉൾപ്പെടെ എല്ലാവർക്കും ഉണ്ടാകണമെന്നും ഇപിഎസിന്റെ ചിത്രം കത്തിച്ചവരെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും ജയകുമാർ ആവശ്യപ്പെട്ടു. പാർട്ടിക്കെതിരെയുള്ള വിമർശനങ്ങളെയും തള്ളിയ നേതാവ് ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി ഉന്നത നേതൃനിരയുടെ യോഗവും എടപ്പാടി വിളിച്ചു ചേർത്തു. അതേസമയം, രണ്ടും മൂന്നും നേതൃനിരയിലുള്ളവരുടെ തുടർച്ചയായ രാജിവയ്ക്കൽ ബിജെപി പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി സഖ്യത്തിൽ മത്സരിച്ച് മൂന്ന് തിരഞ്ഞെടുപ്പുകളിലും എഐഎഡിഎംകെയ്ക്ക് തിരിച്ചടിയാണ് ഉണ്ടായത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് പ്രചാരണം നടത്താൻ തയാറായിരുന്നില്ല. നിലവിൽ തമിഴ്‌നാട്ടിൽ ബിജെപി തങ്ങൾക്ക് ബാധ്യതയാണെന്നുള്ള സമീപനമാണ് മിക്ക എഐഎഡിഎംകെ നേതാക്കൾക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നവംബറിൽ തമിഴ്‌നാട്ടിൽ സ്വകാര്യസന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണേണ്ട കാര്യമില്ലെന്ന് ഇടപ്പാടി പളനിസാമി പറഞ്ഞതും ചർച്ചയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുമായുള്ള അഭിപ്രായഭിന്നതകളാണ് ഇരുപാർട്ടികളും തമ്മിലുള്ള സ്വരചേർച്ചയുടെ പ്രധാനവിഷയമായി ഉയർന്നുവരുന്നത്.

ട്വിറ്ററിൽ ജനപ്രീതിയിൽ മുന്നിൽ

അതേസമയം കർശന നിലപാട് സ്വീകരിക്കുമ്പോഴും തമിഴ്‌നാട്ടിൽ ശക്തമായ രാഷ്ട്രീയ നിലപാടുകളുള്ള നേതാവെന്ന നിലയിൽ ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ജനപ്രീതി ഉയരുകയാണ്. ഇപ്പോൾ ട്വിറ്ററിൽ അണ്ണാമലൈയെ ഫോളോ ചെയ്യുന്നവർ 5.36 ലക്ഷം പേരാണ്. പ്രതിപക്ഷ നേതാവായ എഐഎ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് 5.52 ലക്ഷം ഫോളോവേഴ്‌സേ ഉള്ളൂ. വൈകാതെ അണ്ണാമലൈ ട്വിറ്റർ ജനപ്രീതിയിൽ പളനിസ്വാമിയെ മറികടക്കുന്ന കാലം വിദൂരമല്ല. അണ്ണാമലൈ രാഷ്ട്രീയ പ്രവർത്തനംതുടങ്ങിയിട്ട് 3 വർഷമേ ആയിട്ടുള്ളൂ എങ്കിൽ പളനിസ്വാമി 25 വർഷം ഈ മേഖലയിലുള്ള നേതാവാണ്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ ജീവൻ സുരക്ഷിതമല്ലെന്ന പ്രചാരണമുണ്ടായിരുന്നു. ഇതേ തുടർന്ന് ഹിന്ദിക്കാരായ തൊഴിലാളികൾ തമിഴ്‌നാട് കൂട്ടത്തോടെ വിട്ടുപോകുന്ന സാഹചര്യമുണ്ടായിരുന്നു എന്ന പ്രചരണം ഉണ്ടായി. ഇത് വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അണ്ണാമലൈയ്‌ക്കെതിരെ ഡിഎംകെ സർക്കാർ പൊലീസ് കേസെടുത്തിരുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ 24 മണിക്കൂറിൽ അറസ്റ്റ് ചെയ്യാനും ഡിഎംകെ സർക്കാരിനെ അണ്ണാമലൈ വെല്ലുവിളിച്ചിരുന്നു. ഇങ്ങിനെ ഓരോ ഘട്ടത്തിലും ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന അണ്ണാമലൈയെ സാധാരണ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു.

സ്റ്റാലിൻ സർക്കാർ കൈക്കൊള്ളുന്ന ഓരോ നിലപാടുകളെയും നിശിതമായാണ് അണ്ണാമലൈ വിമർശിക്കുന്നത്. പലതിലും സ്റ്റാലിൻ സർക്കാരിന് മറുപടിയില്ല. 2022ൽ ബലം പ്രയോഗിച്ച് ഒരു സ്‌കൂൾ വിദ്യാർത്ഥിയെ മതം മാറ്റിയ പ്രശ്‌നത്തിൽ സ്‌കൂളിലെ അദ്ധ്യാപികയെ പ്രതിക്കൂട്ടിൽ നിർത്താൻ അണ്ണാമലൈയുടെ പോരാട്ടത്തിന് കഴിഞ്ഞിരുന്നു. അണ്ണാമലൈ ബിജെപി അധ്യക്ഷനായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റിൽ വിജയം നേടിയിരുന്നു.

അണ്ണാമലൈ പുറത്തേക്കോ?

അതേസമയം അണ്ണാമലൈ ബിജെപിക്ക് പുറത്തേക്കുള്ള വഴിയൊരുക്കുകയാണ് എന്ന വികാരവും ശക്തമാണ്. അണ്ണാമലൈ ഇങ്ങനെ തുറന്നടിക്കുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടിക്കുള്ളിൽ ഇതേക്കുറിച്ച് ഒരു ചർച്ചയും നടത്താതെ പെട്ടെന്ന് വേദിയിൽ പ്രഖ്യാപനം നടത്തിയതോടെ അണ്ണാമലൈയോട് മറ്റു ഭാരവാഹികൾക്കുള്ള അതൃപ്തി പിന്നെയും വർധിച്ചു. ബിജെപിക്ക് വ്യക്തികളെയല്ല, രാജ്യമാണു പ്രധാനമെന്നും രാജ്യത്തിന്റെ ഉന്നമനത്തിനായി ദേശീയ നേതൃത്വം എന്ത് നിലപാടിൽ ഉറച്ചുനിൽക്കുന്നുവോ അത് നേതാക്കളും പ്രവർത്തകരും പാലിക്കുമെന്നും വനിതാ നേതാവും എംഎൽഎയുമായ വാനതി ശ്രീനിവാസൻ അണ്ണാമലൈയെ ഉന്നമിട്ട് പറഞ്ഞതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി.

അണ്ണാമലൈയുടെ നിലപാടിനെ പാർട്ടി നിയമസഭാ കക്ഷി നേതാവായ നൈനാർ നാഗേന്ദ്രനും തള്ളി. അദ്ദേഹം വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്നും പാർട്ടി തീരുമാനമല്ലെന്നായിരുന്നു നൈനാറിന്റെ പ്രതികരണം. തമിഴ്‌നാട്ടിൽ ഒരു പാർട്ടിയും സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നും ചരിത്രം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നൈനാർ നിഷേധിച്ചു.

അതേ സമയം, പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാനാകാത്തതിനാലും മുതിർന്ന നേതാക്കളോടു പരസ്യമായ പോരടിക്കുന്നതിനാലും അണ്ണാമലൈയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്ന സൂചനയും ചില നേതാക്കൾ പുറത്തുവിടുന്നുണ്ട്. പുറത്താകും മുൻപുള്ള ചില മുൻകൂർ നാടകങ്ങളാണ് അണ്ണാമലൈയുടേതെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നു. എന്നാൽ, അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയാൽ രാജിവയ്ക്കുമെന്ന് അണ്ണാമലൈ പറഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നു വിശദീകരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി മാത്രം രംഗത്തു വന്നിട്ടുണ്ട്.

ദ്രാവിഡ പാർട്ടികൾ അരങ്ങു വാഴുന്ന തമിഴകത്ത് ജാതി സമവാക്യങ്ങൾ മാറ്റിമറിച്ചും പാർട്ടിയുടെ സവർണ മുഖം ഒളിപ്പിച്ചും വേരുപിടിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതികൾ ഏതാണ്ട് പാളിപ്പോയെന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം, നീറ്റ് വിരുദ്ധ സമരം, ഗവർണറുമായുള്ള പോര്, കൊങ്കുനാട് രൂപീകരിച്ച് തമിഴ്‌നാടിനെ വിഭജിക്കാനുള്ള നീക്കം അടക്കമുള്ളവ ബിജെപിക്കുണ്ടാക്കിയ പരുക്ക് ചില്ലറയില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ എന്തു നിലപാട് സ്വീകരിക്കണമെന്നറിയാതെ സംസ്ഥാന നേതൃത്വം നെട്ടോട്ടമോടി. കേന്ദ്ര നേതൃത്വത്തെയും സംസ്ഥാനത്തിന്റെ സ്വത്വത്തെയും തള്ളിപ്പറയാനാകാതെ ചെകുത്താനും കടലിനുമിടയിലായി അവർ.

ഏറ്റവും ഒടുവിൽ ഹിന്ദി സംസാരിക്കുന്ന അതിഥി തൊഴിലാളികൾ തമിഴ്‌നാട്ടിൽ അതിക്രൂര പീഡനങ്ങൾക്ക് ഇരയാകുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് ബൂമറാങ് പോലെ തിരിച്ചടിച്ചത്. ഇത് ഇത് വ്യാജമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ സംസ്ഥാന നേതൃത്വം വീണ്ടും അങ്കലാപ്പിലായി. സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കണോ അതോ കേന്ദ്ര നിലപാടിനൊപ്പം പോകണോയെന്ന ആശയക്കുഴപ്പം ശക്തമാണ്. ഇതിനിടെയാണ് അണ്ണാമലൈ രാജിവെക്കുമെന്ന് പരസ്യമായി പറഞ്ഞതും.