ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് എതിരെ മത്സരിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുകയായിരുന്നു ശശി തരൂർ. പാർട്ടിയിൽ ജനാധിപത്യം ഉണ്ടെന്ന് ഉറപ്പിക്കാൻ എന്ന വാദം ഉന്നയിച്ചുള്ള മത്സരത്തിൽ തോറ്റെങ്കിലും, കൂടുതൽ യുവാക്കളുടെ മനസ്സിൽ ഇടം പിടിക്കാനും, ഇമേജിന് തിളക്കം കൂട്ടാനും കഴിഞ്ഞു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ പര്യടനത്തിന് പുറപ്പെട്ടത് സംസ്ഥാന നേതൃത്വത്തിനും, ഹൈക്കമാൻഡിലെ ഒരുവിഭാഗത്തിനും അനിഷ്ടമായെങ്കിലും, തരൂരിന്റെ പ്രസക്തി കൂടി വരികയാണുണ്ടായത്. ഇതോടെ, ഹൈക്കമാൻഡുമായി തരൂർ അകന്നുവെന്നും, വേണ്ട പരിഗണന ഇനി കിട്ടാൻ പോകുന്നില്ലെന്നും പ്രചാരണമുണ്ടായി. പ്രവർത്തക സമിതിയിലെ ഒഴിവിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യവും ഉയർന്നു. എന്നാൽ, ഈ ആശങ്കകൾ എല്ലാം അപ്രസക്തമാക്കി, ശശി തരൂരിനെ പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിൽ തരൂർ ഇടം പിടിച്ചിരുന്നില്ല. ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിലാണ് തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിൽ നിന്നുള്ള ചില എംപിമാർ നേതൃത്വത്തോടാവശ്യപ്പെട്ടിട്ട് ഉണ്ടെങ്കിലും അത് പരിഗണിക്കുമോയെന്ന് വ്യക്തമല്ല.

നാമനിർദ്ദേശം ചെയ്യപ്പെട്ടില്ലെങ്കിൽ തരൂർ പിന്മാറാനാണ് സാധ്യത. ജി23 നേതാക്കൾക്കൊപ്പം നേരത്തെ ഉറച്ചുനിൽക്കുമ്പോൾ തന്നെ ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ച നേതാവാണ് തരൂർ. അദ്ദേഹം കോൺഗ്രസ് വിടാൻ തീരുമാനിച്ചാലുള്ള ആഘാതത്തെ കുറിച്ചും നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ കൈവിട്ട കളിക്ക് ഹൈക്കമാൻഡ് മുതിരാനിടയില്ല.

സംസ്ഥാന കോൺഗ്രസിൽ ആരൊക്കെ പ്രവർത്തക സമിതിയിലേക്ക് എത്തുമെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. നിലവിൽ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരാണു പ്രവർത്തക സമിതിയിലുള്ള മലയാളികൾ. ഉമ്മൻ ചാണ്ടിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. പ്രവർത്തക സമിതിയിൽ തുടരാനും അദ്ദേഹത്തിന് താൽപര്യമില്ല. അതുപോലെ എകെ ആന്റണി നേരത്തെ തന്നെ പ്രവർത്തക സമിതിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചതാണ്.

12 അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയും, പതിനൊന്ന് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയുമാണ് വർക്കിങ് കമ്മിറ്റിയിലെ രീതി. സോണിയയും ഖാർഗെയും കമ്മിറ്റിയിൽ ഉറപ്പാണ്. കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പ്രവർത്തക സമിതിയിൽ കസേര പ്രതീക്ഷിക്കുന്നവർ. ഈ മാസം 24 മുതൽ 26 വരെ റായ്പൂർ പ്ലീനറി സമ്മേളനത്തിൽ ദേശീയ നേതൃത്വം എന്ത് തീരുമാനം എടുക്കുമോയെന്നാണ് തരൂരും ഉറ്റുനോക്കുന്നത്. പ്ലീനറിക്ക് മുന്നോടിയായി തരൂർ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.