- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്; സഹിഷ്ണുതയുള്ള മതമാണ് ഹിന്ദു മതം; 2017 ല്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല; യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും എന്നാല്‍ തിരിച്ചാണെങ്കില്‍ അങ്ങനെയായിരിക്കുമോ എന്നും യോഗി ചോദിക്കുന്നു.
സഹിഷ്ണുതയുള്ള മതമാണ് ഹിന്ദു മതമെന്ന് പറഞ്ഞ യോഗി ആദിത്യനാഥ്, നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്നും അവര്‍ക്ക് എല്ലാ മതസ്വാതന്ത്ര്യവും ഉണ്ടാകുമെന്നും പറഞ്ഞ യോഗി, നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ അമ്പത് ഹിന്ദുക്കള്‍ സുരക്ഷിതരായിരിക്കില്ലെന്നും ബംഗ്ലാദേശ് അതിനൊരു ഉദാഹരണമാണെന്നും പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു. 2017 ല്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടായില്ലെന്നു കൂടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറയുന്നുണ്ട്.
'ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണ്, അവിടെ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്. 2017 ന് മുമ്പ് ഉത്തര്‍പ്രദേശില്‍ കലാപങ്ങളുണ്ടായിട്ടുണ്ടെങ്കില്‍, ഹിന്ദുക്കളുടെ കടകള്‍ കത്തിച്ചിട്ടുണ്ടെങ്കില്‍, മുസ്ലീങ്ങളുടെ കടകളും കത്തിച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ വീടുകള്‍ കത്തിച്ചിട്ടുണ്ടെങ്കില്‍ മുസ്ലീങ്ങളുടെ വീടുകളും കത്തിച്ചിട്ടുണ്ട്. 2017 നു ശേഷം കലാപങ്ങള്‍ ഇല്ലാതായി'. യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാധാരണ പൗരനാണ് താന്‍. എല്ലാവര്‍ക്കും സൗഖ്യമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന യോഗി. എല്ലാവരുടേയും പിന്തുണയിലും വികസനത്തിലും താന്‍ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മമെന്ന് പറഞ്ഞ യോഗി ആദിത്യനാഥ്, ലോക ചരിത്രത്തില്‍ ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ഉദാഹരണങ്ങളൊന്നുമില്ലെന്നും പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്ന മുറയ്ക്ക് സര്‍ക്കാര്‍ ക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കള്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും ആദിത്യനാഥ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ അഭിയാന്‍' മാര്‍ച്ച് യഥാര്‍ത്ഥത്തില്‍ ഭാരതത്തെ തകര്‍ക്കാനുള്ള മാര്‍ച്ച് ആണ്. ഇന്ത്യക്ക് പുറത്തു പോയാല്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ വിമര്‍ശിക്കും. അദ്ദേഹത്തിന്റെ സ്വഭാവവും ഉദ്ദേശ്യവും രാജ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പോലെ ചില മാതൃകകള്‍ ഉള്ളത് ബിജെപിക്ക് ഗുണകരമാണെന്നും ആദിത്യനാഥ് പറഞ്ഞു.
അതേസമയം, നിരവധി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്ഷേത്ര- പള്ളി തര്‍ക്കങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, ഹിന്ദു സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുന്നത് എന്തിനാണെന്നായിരുന്നു ആദിത്യനാഥിന്റെ ചോദ്യം. സംഭലില്‍ നിലവിലുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 64 തീര്‍ഥാടന കേന്ദ്രങ്ങള്‍ സംഭലിലുണ്ട്. അതില്‍ 54 എണ്ണം ഞങ്ങള്‍ കണ്ടെത്തി. എന്തായാലും, ഞങ്ങള്‍ അത് കണ്ടെത്തും. സംഭലില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ലോകത്തോട് പറയും- ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.