- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല, ഒരു സാംസ്കാരിക പദമാണ്; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; 'അഖണ്ഡ ഭാരതം' യാഥാർഥ്യമാകും, പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ന്യൂഡൽഹി: ആർഎസ്എസിന്റെ കാലങ്ങളായുള്ള ആശയമാണ് 'അഖണ്ഡ ഭാരതം' എന്ന സങ്കൽപ്പം. ഇപ്പോഴും ഈ ആശയത്തിൽ നിന്നും അവർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആർഎസ്എസ് നേതാക്കളുടെ പ്രതികരണങ്ങളിൽ വ്യക്തമാകുന്നതും. ഇത്തരമൊരു പ്രസ്താവനയുായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയിലെ ഓരോ പൗരന്റെയും സാംസ്കാരിക പൗരത്വമാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല. ഹിന്ദു എന്നത് ഒരു സാംസ്കാരിക പദമാണ്. വരുംകാലത്ത് അഖണ്ഡഭാരതം യാഥാർഥ്യമാകുമെന്നും എ.ബി.പി ന്യൂസ് ചാനലിൽ നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു. 'ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നത്. അവരെ അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ല. അവരെ ഇസ്ലാമായി സ്വീകരിക്കുന്നില്ല. അവിടെ ഹിന്ദുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. കാരണം, ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോൾ, ഹിന്ദുവിനെ മനസിലാക്കുന്നതിൽ നമ്മൾ തെറ്റ് വരുത്തുകയാണ്' -യോഗി പറഞ്ഞു.
അഖണ്ഡ ഭാരതം വരുംകാലത്ത് യാഥാർഥ്യമാകുമെന്നും യോഗി പറഞ്ഞു. ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാക്കിസ്ഥാന്റെ താൽപര്യമായിരിക്കും. ആത്മീയലോകത്ത് പാക്കിസ്ഥാൻ എന്ന ഒന്നില്ല. അങ്ങനെ ഇല്ലാത്ത ഒന്ന് ഇത്രയും കാലം നിലനിൽക്കുകയെന്നത് തന്നെ അവരുടെ ഭാഗ്യം. എത്രയും വേഗം ഇന്ത്യയിൽ ലയിക്കുകയെന്നത് അവരുടെ താൽപര്യമായിരിക്കുമെന്നും യോഗി പറഞ്ഞു.
സംഘ്പരിവാറിന്റെ എല്ലാക്കാലത്തെയും ആശയമാണ് പുരാണത്തിലെ അഖണ്ഡഭാരത സങ്കൽപം. നേരത്തെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും അഖണ്ഡ ഭാരതത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞുപോയ പ്രദേശങ്ങൾ ഇപ്പോൾ ഭാരതം എന്ന് സ്വയം വിളിക്കുന്നില്ല. ഭാരതവുമായി വീണ്ടും ഒന്നിക്കേണ്ടതിന്റെ ആവശ്യകത അവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാണ്ഡഹാർ ഭാരതവുമായി പിരിഞ്ഞ് അഫ്ഗാനിസ്ഥാനായിട്ട് അവിടെ എന്തെങ്കിലും സമാധാനം ഉണ്ടോ. പാക്കിസ്ഥാൻ രൂപീകരിച്ച തീയതി മുതൽ ഇന്നുവരെ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഖണ്ഡഭാരതം വരണമെന്നായിരുന്നു ഭാഗവത് മുമ്പ് പറഞ്ഞത്.
അതേസമമയം ഒരു ആശയത്തിനോ ഒരു വ്യക്തിക്കോ മാത്രമായി ഒരു രാഷ്ട്രത്തെ നിർമ്മിക്കാനോ തകർക്കാനോ സാധിക്കില്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തു മികച്ചു നിൽക്കുന്ന രാഷ്ട്രങ്ങളെല്ലാം ബഹുസ്വര ആശയങ്ങളുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ ചടങ്ങിൽ പ്രസംഗിക്കവെയാണ് വ്യക്തിആരാധന സമൂഹത്തിനു ഗുണകരമല്ലെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചത്. മികച്ച രാഷ്ട്രങ്ങളിലെല്ലാം ഭിന്നാശയങ്ങളുള്ള സമൂഹമുണ്ട്. ബഹുസ്വരമായ ചിന്തകളുണ്ട്. അതു നടപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്. അതിലൂടെ അവ വളരുന്നു.
സമൂഹം രാഷ്ട്രത്തിന്റെ ഗുണത്തിലും രാഷ്ട്രം സമൂഹത്തിന്റെ ഗുണത്തിലുമാണു പ്രവർത്തിക്കുന്നത്. ഏകവ്യക്തി, ഏകവിഭാഗം, ഏകാശയം എന്നിവയിലൂടെ ഒരു രാഷ്ട്രത്തെ രൂപപ്പെടുത്താനോ തകർക്കാനോ കഴിയില്ല. മികച്ച അവസ്ഥയിലല്ലാത്ത രാഷ്ട്രങ്ങളിൽ നല്ല നേതാക്കളുണ്ട്. പക്ഷേ, അവർക്ക് മികച്ച രാഷ്ട്രം രൂപപ്പെടുത്താനാവുന്നില്ല. സമൂഹത്തിന്റെ ഗുണവും ഐക്യവുമാണ് രാഷ്ട്രനിർമ്മാണത്തിൽ പ്രധാനമെന്നും ഭാഗവത് പറഞ്ഞു.
മറുനാടന് ഡെസ്ക്