ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സുദര്‍ശന്‍ റെഡ്ഡിയെന്ന ന്യായാധിപനെ കളത്തിലിറക്കിയ എന്‍ഡിഎ സഖ്യത്തിന്റെ നീക്കം പാളുന്നു. തെലുങ്കു രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കാം എന്ന ചിന്തയോടെയുള്ള കരുനീക്കങ്ങളാണ് പാളിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസും വ്യക്തമാക്കി. ചന്ദ്രബാബു നായിഡുവും എന്‍ഡിഎ സ്ഥാനാര്‍ഥിക്കൊപ്പം ഉറച്ചു നില്‍ക്കും. ഇതോടെ ഇന്ത്യാ മുന്നണിയുടെ നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു.

സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ തേടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ വിളിച്ചതിനെ തുടര്‍ന്നാണ് വൈഎസ്ആര്‍സിപി തീരുമാനമെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 'തുടര്‍ന്ന്, ഞങ്ങളുടെ പാര്‍ട്ടി മേധാവി എംപിമാരുമായി ചര്‍ച്ച നടത്തി. ഞങ്ങളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വൈ വി സുബ്ബ റെഡ്ഡി പാര്‍ട്ടി തീരുമാനം ഞങ്ങളെ അറിയിച്ചു,' വൈഎസ്ആര്‍സിപി തിരുപ്പതി എംപി മദ്ദില ഗുരുമൂര്‍ത്തി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ നാല് എംപിമാരും രാജ്യസഭയില്‍ ഏഴ് എംപിമാരുമാണുള്ളത്. അതേസമയം, പിന്തുണ ആര്‍ക്കെന്നതില്‍ തീരുമാനം പിന്നീടെന്ന് ബിആര്‍എസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്.വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

തമിഴ് സ്ഥാനാര്‍ഥിക്ക് ബദലായി ഡി.എം.കെ നിര്‍ദേശിക്കുന്ന മറ്റൊരു തമിഴ് സ്ഥാനാര്‍ഥി ഇന്‍ഡ്യ സഖ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു മാധ്യമ പ്രചാരണം. അതിലും കടന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ കളത്തില്‍ പയറ്റിയത്. മികച്ച വിധിപ്രസ്താവങ്ങളിലൂടെ പേരെടുത്ത ആന്ധ്രപ്രദേശില്‍നിന്നുള്ള നിഷ്പക്ഷനായ, സുപ്രീംകോടതി മുന്‍ ജഡ്ജിയെ സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ ന്യായാധിപനെ കളത്തിലിറക്കിയ നീക്കം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന ആശങ്കയും ശക്തമാണ്.

മോദി സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന ആന്ധ്രയിലെ തെലുഗുദേശം പാര്‍ട്ടിക്ക് മുമ്പാകെ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉയര്‍ത്തിയത്. ഈ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പാണ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ മകനും തെലുഗുദേശം നേതാവുമായ നരേഷ് എന്‍.ഡി.എ സ്ഥാനാര്‍ഥിയെ നേരില്‍ കണ്ട് അഭിനന്ദിച്ചത്. ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പിന്തുണ എന്‍.ഡി.എക്ക് തന്നെയെന്ന് തെലുഗുദേശത്തിന് വീണ്ടും പറയേണ്ടിവന്നു.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതിനായി സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും പറഞ്ഞിരുന്നു. എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം മാനിക്കുമെന്ന വാക്ക് പാലിച്ചാണ് ഇന്‍ഡ്യ സഖ്യത്തിനുവേണ്ടി ഡി.എം.കെ മുന്നോട്ടുവെച്ച സ്ഥാനാര്‍ഥി തൃണമൂല്‍ കോണ്‍ഗ്രസിന് സ്വീകാര്യമാകാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് വേണ്ടെന്നുവെച്ചത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്നുളള ഒരു ഒബിസി വിഭാഗക്കാരനെ രംഗത്തിറക്കി പ്രതിപക്ഷ നിരയില്‍ വിളളലുണ്ടാക്കുകയും തമിഴ്നാട് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന എന്‍ഡിഎയുടെ ലക്ഷ്യത്തെയാണ് തെലുങ്ക് കാര്‍ഡിറക്കി ഇന്‍ഡ്യ സഖ്യം നേരിട്ടത്.