ന്യൂഡല്‍ഹി: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കം 9 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബിജെപി പ്രഖ്യാപിച്ചു. ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നും മത്സരിക്കും.

കിരണ്‍ ചൗധരി-ഹരിയാന, മംത മോഹന്ത-ഒഡിഷ, രാജീവ് ഭട്ടാചാര്‍ജി-ത്രിപുര, ധൈര്യശില്‍ പാട്ടീല്‍-മഹാരാഷ്ട്ര, മനന്‍ കുമാര്‍ മിശ്ര-ബിഹാര്‍, മിഷന്‍ രഞ്ജന്‍ ദാസ്-അസം, രാമേശ്വര്‍ തെലി എന്നിവരാണ് മറ്റുസ്ഥാനാര്‍ഥികള്‍.

12 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 3 ന് നടക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഓഗസ്റ്റ് 14 മുതല്‍ 21 പുരോഗമിക്കുകയാണ്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിറ്റിംഗ് അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ പീയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടേതടക്കം 10 സീറ്റുകളില്‍ ഒഴിവ് വന്നിരുന്നു. തെലങ്കാനയിലെയും ഒഡിഷയിലെയും രണ്ടുസീറ്റുകളിലേക്കും ഒഴിവുവന്നു.

ഈ ഉപതിരഞ്ഞെടുപ്പോടെ, രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ പതിറ്റാണ്ടായി രാജ്യസഭയില്‍ സര്‍ക്കാരിന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ പ്രതിപക്ഷത്തിന്റെ അംഗബലം തടസ്സമായിരുന്നു. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍,വൈ എസ് ജഗ്മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ എന്‍ഡിഎ ഇതര കക്ഷികളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ബില്ലുകള്‍ രാജ്യസഭയുടെ കടമ്പ കടന്നിരുന്നത്.

ഒഡിഷയില്‍ 24 വര്‍ഷത്തിന് ശേഷം അധികാരം നഷ്ടമായ ബിജെഡി ഇപ്പോള്‍ ബിജെപിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. ബിജെഡിക്ക് രാജ്യസഭയില്‍ 8 അംഗങ്ങളുണ്ട്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് കൈകൊടുത്ത പശ്ചാത്തലത്തില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇനി കിട്ടുമോയെന്നും സംശയമാണ്.

229 അംഗ രാജ്യസഭയില്‍ എന്‍ഡിഎക്ക് 105 എംപിമാരുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആറ് അംഗങ്ങള്‍ കൂടിയാകുമ്പോള്‍ എന്‍ഡിഎയുടെ കരുത്ത് 111 ആകും. 115 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. നാല് അംഗങ്ങളുടെ കുറവ്. 12 സീറ്റില്‍ 11 ല്‍ ജയിക്കാമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്. അതോടെ എന്‍ഡിഎക്ക് 122 അംഗങ്ങളാകും. ബിജെപി 9 സീറ്റിലും സഖ്യകക്ഷികളായ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍പിയും അജിത് പവാറിന്റെ എന്‍സിപിയും ജയിച്ചുകയറിയേക്കും,.

കോണ്‍ഗ്രസിന് രാജ്യസഭയില്‍ 26 അംഗങ്ങളും സഖ്യകക്ഷികള്‍ക്ക് 58 അംഗങ്ങളും. ഇന്ത്യ സഖ്യത്തിന് ആകെ 84 സീറ്റ്. ഒരു സീറ്റ് കൂടുതല്‍ കിട്ടിയാല്‍ 85 ആകും അംഗബലം.