മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെ ലാക്കാക്കി വീണ്ടും ആരോപണവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആരോപണം. തൃശ്ശൂര്‍ പൂരം കലക്കി ബിജെപിക്ക് വഴിവെട്ടിക്കൊടുത്തതാര് എന്ന ചോദ്യത്തോടെയാണ് അന്‍വറിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്നത്തെ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. താരതമ്യേന ജൂനിയറായ എ.സി.പി. അങ്കിത് അശോകന്‍ സ്വന്തം താത്പര്യപ്രകാരം ഇങ്ങനെയൊരു വിവാദത്തില്‍ ഇടപെടുമെന്ന് നിങ്ങള്‍ ഇന്നും കരുതുന്നുണ്ടോ നിഷ്‌കളങ്കരേ എന്നാണ് അന്‍വര്‍ ചോദിക്കുന്നത്. സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി താനായി പ്രത്യേകിച്ച് പറയുന്നില്ലെന്നും അദ്ദേഹം പോസ്റ്റിന്റെ അവസാനം കുറിച്ചു.

'അവന്മാരൊക്കെ കമ്മികളാണ് സാറേ.'

'തൃശ്ശൂര്‍ പൂരം കലക്കി' ബിജെപിക്ക്
വഴി വെട്ടി കൊടുത്തതാര്?

ഒരു വര്‍ഷത്തിന് മുന്‍പ് നടന്ന ഒരു കാര്യമാണ്. മറുനാടന്‍ വിഷയം കത്തി നില്‍ക്കുന്ന സമയം. തൃശ്ശൂര്‍ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകള്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ എന്നെ കാണാനെത്തിയിരുന്നു. മറുനാടനെതിരെയും, പോലീസിനെതിരെയുമുള്ള അവരുടെ ചില പരാതികള്‍ നേരിട്ട് പറയാനാണ് അവര്‍ എത്തിയത്.

അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെയും, അവര്‍ക്കെതിരെ വ്യാജവാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മറുനാടനെതിരെയും അവര്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനാണ് അവര്‍ എത്തിയത്.

'വിഷയം എഡിജിപി അജിത്ത് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന്' അവരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.

'അയ്യോ സാര്‍..വിഷയത്തില്‍ ഇടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല,അദ്ദേഹത്തോട് പറയേണ്ടതില്ല' എന്നായിരുന്നു അവരുടെ മറുപടി. കാരണം അവരോട് അന്വേഷിച്ചു. അവര്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ ഇന്നത്തെ തൃശ്ശൂര്‍ എം.പി.ശ്രീ.സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. വിഷയങ്ങള്‍ കേട്ട ശേഷം,അദ്ദേഹം മൊബൈല്‍ സ്പീക്കറിലിട്ട് 'നമ്മുടെ സ്വന്തം ആളാണെന്ന്' പറഞ്ഞ് എഡിജിപി അജിത്ത് കുമാറിനെ വിളിച്ചു. ഭവ്യതയോടെ കോള്‍ എടുത്ത എഡിജിപി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത് ഇങ്ങനെയാണ്.

'അവന്മാരൊക്കെ കമ്മികളാണ് സാറേ..'

ഇതോടെ സ്പീക്കര്‍ ഓഫ് ചെയ്ത സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു. ഇയാളുടേത് ഒരേ സമയം രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടിയുള്ള നില്‍പ്പാണെന്ന് ഇത് കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയം ഉണ്ടാവണമെന്നല്ല പറഞ്ഞ് വരുന്നത്.

'അവന്മാരൊക്കെ കമ്മികളാണെന്ന' സ്റ്റേറ്റ്മന്റ് എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത് എന്നതാണിവിടെ പ്രശ്നം. ഇത്തവണ തൃശ്ശൂരിലേത് ബിജെപിയുടെ അഭിമാനപോരാട്ടമായിരുന്നു. ബിജെപി അവരുടെ 'പോസ്റ്റര്‍ ബോയിയായി' സുരേഷ് ഗോപിയെ അവതരിപ്പിച്ച്, പ്രധാനമന്ത്രി ഉള്‍പ്പെടെ രണ്ട് തവണ നേരില്‍ വന്ന് പ്രചരണം നടത്തിയ മണ്ഡലം. എന്ത് വില കൊടുത്തും തൃശ്ശൂര്‍ പിടിക്കുക എന്നത് ബിജെപിയുടെ ഇത്തവണത്തെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു.

എന്നാല്‍ സഖാവ് വി.എസ്.സുനില്‍ കുമാറിന്റെ ജനകീയ മുഖം അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. തൃശ്ശൂര്‍ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ അവിടെ നിന്ന് സഖാവ് വി.എസ് സുനില്‍ കുമര്‍ ഉറപ്പായും തിരഞ്ഞെടുക്കപ്പെടും എന്ന സാഹചര്യമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.

ഇതൊക്കെ മാറ്റിമറിച്ചത് 'തൃശ്ശൂര്‍ പോലീസിന്റെ പൂരം കലക്കല്‍' തന്നെയാണ്. 'താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത് അശോക് സ്വന്തം താല്‍പര്യപ്രകാരം ഇങ്ങനെ ഒരു വിവാദത്തില്‍ ഇടപെടുമെന്ന് നിങ്ങള്‍ ഇന്നും കരുതുന്നുണ്ടോ നിഷ്‌ക്കളങ്കരേ..'സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച് പറയുന്നില്ല..

പത്തനംതിട്ട എസ്പി സുജിത്ദാസുമായി പി വി അന്‍വര്‍ എംഎല്‍എ ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു. ആ സംഭാഷണത്തിലും എഡിജിപി അജിത്കുമാറിന് എതിരെ രൂക്ഷവിമര്‍ശനമാണ് അന്‍വര്‍ ഉന്നയിക്കുന്നത്.

എഡിജിപിക്കെതിരെ ഗുരുതര ആരോപണം

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇരുവരും ശബ്ദരേഖയിലെ സംഭാഷണത്തില്‍ ഉന്നയിക്കുന്നത്. മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനായി വിളിക്കുന്ന സുജിത്ത് ദാസിനോട്, പി വി അന്‍വര്‍ തന്ത്രപൂര്‍വം എം ആര്‍ അജിത്ത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച്് തിരിച്ച് ചോദിക്കയാണ്. ഇതോടെ സുജിത്ത് ദാസ് കാര്യങ്ങള്‍ പറയുകയാണ്.

സേനയില്‍ അജിത്ത് കുമാര്‍ സര്‍വ്വശക്തനാണ്. എല്ലാകാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇദ്ദേഹമാണ്്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത്ത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത്ത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ് എന്ന് സുജിത് ദാസ് പറയുന്നു. തൃശൂരും പാലക്കാടുമൊക്കെ എസ്പിമാരായി ഉള്ളത് അജിത്കുമാറിന്റെ ആജാനുവര്‍ത്തികള്‍ ആണെന്നും സുജിത് ദാസ് പറയുന്നു.

'സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളിലൂടെയും മറ്റും പ്രശസ്തിയില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കിടയില്‍ പോപുലര്‍ ഫിഗറായിരുന്ന വിജയന്‍ സാറിനെ സസ്പെന്‍ഡ് ചെയ്ത് നശിപ്പിച്ചു കളഞ്ഞില്ലേ?. അതിനൊക്കെ ഒറ്റ കാര്യമേയുള്ളൂ, എം.ആര്‍ അജിത്കുമാര്‍. ഇദ്ദേഹം ഇത്രയും ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളായി നില്‍ക്കുകയാണ്' -സുജിത് ദാസ് പറയുന്നു.

എന്നാല്‍, അദ്ദേഹം ഗവണ്‍മെന്റിന് വേണ്ടപ്പെട്ട ആളൊന്നും അല്ലെന്നും അങ്ങനെയാണെങ്കില്‍ മറുനാടന്‍ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്താന്‍ ഇത്രയും വലിയ ശ്രമം നടത്തുമോയെന്നും അന്‍വര്‍ മറുപടി പറഞ്ഞു. ഷാജന്‍ ജാമ്യം കിട്ടാതെ ഒളിവില്‍ പോയ സമയത്ത് എം.ആര്‍ എന്നോട് കൂടി പറഞ്ഞതാണ്, എം.എല്‍.എയും ഒന്നന്വേഷിക്കണമെന്ന്. വിവരം കിട്ടിയാല്‍ അറിയിക്കണമെന്നും പറഞ്ഞു. പുണെയില്‍ ഉണ്ടെന്ന വിവരം ലഭിച്ച് അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും ഷാജന്‍ അവിടെനിന്ന് മുങ്ങി. മൂന്ന് ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ മുതിര്‍ന്ന വക്കീലിന്റെ അപ്പോയിന്‍മെന്റ് എടുത്തിട്ടുണ്ടെന്ന കൃത്യമായ വിവരവും കൈമാറി. ലൊക്കേഷന്‍ വരെ കിട്ടി. സീനിയര്‍ ഓഫിസറോടല്ലാതെ മറ്റാരോടും ഈ വിവരം പറയരുതെന്നും ആവശ്യപ്പെട്ടു. പൊലീസ് അവിടെ പോയെങ്കിലും ഷാജന്‍ സ്‌കറിയ എത്തിയില്ല. അതോടെയാണ് എനിക്ക് സംശയം വരുന്നത്. പിന്നെ നമ്മള്‍ അന്വേഷിക്കുമ്പോള്‍ എം.ആര്‍ അജിത് കുമാര്‍ തന്നെയാണ് ഈ വിവരം കൊടുക്കുന്നതെന്ന് മനസ്സിലായി. അതിനുള്ള റിവാര്‍ഡും വാങ്ങി. അത് കണ്ടീഷനലാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 66 എഫിട്ട് അവനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ജാമ്യമില്ലല്ലോ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ ടെററിസം ആക്ടാണ് ആ വരുന്നത്. അതില്‍നിന്ന് രക്ഷപ്പെടുത്തിക്കൊടുക്കാനാണ് അവര്‍ തമ്മില്‍ ധാരണയിലെത്തുന്നത്. നേര്‍ക്കുനേരെയല്ല, അതിനിടയില്‍ ആരൊക്കെയോ ഉണ്ട്. ഇയാളെങ്ങനെയാണ് സര്‍ക്കാറിന്റെ ആളാകുന്നത്. ഈയൊരു കോലത്തില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും തെറിവിളിച്ചുകൊണ്ടിരിക്കുന്നില്ലേ ഷാജനിപ്പോഴും. അവനെ എം.ആര്‍ സഹായിക്കുക എന്നാല്‍ എന്താണര്‍ഥം' -അന്‍വര്‍ ചോദിച്ചു.

'ശരിയാണ് എം.എല്‍.എ, പക്ഷെ ഇത് അവിടെ ഇരിക്കുന്നവര്‍ക്ക് കൂടി തോന്നണ്ടേ. അവിടെയാണ് ഇതിന്റെ വിഷയം. ശശിസാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അയാള്‍ ചെയ്തുകൊടുക്കുന്നുണ്ട്. അതാവാം കാരണം. ഒരു കാര്യത്തില്‍ മാത്രം റിസര്‍ച്ച് നടത്തിയാല്‍ മതി. പുള്ളിയുടെ ഭാര്യയുടെ ആങ്ങളമാര്‍ക്ക് എന്താണ് പരിപാടി, എങ്ങനെയാണ് അവരുടെ സെറ്റപ്പ്' -സുജിത് ദാസ് മറുപടി പറയുന്നു.

മലപ്പുറത്തെ ലീഗുകാരായ ബിസിനസുകാര്‍ക്കും അല്ലാത്തവര്‍ക്കും പൈസയുള്ളവര്‍ക്കുമെല്ലാം പുള്ളി നന്നായി സഹായിക്കുന്നുണ്ടല്ലോ എന്ന് അന്‍വര്‍ പറയുന്നു. പിന്നെ എങ്ങനെയാണ് അയാള്‍ സര്‍ക്കാറിന്റെ ആളാകുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്. മുമ്പ് കലക്ടറായിരുന്ന ജാഫര്‍ മാലികുമായി കശപിശ ഉണ്ടായപ്പോള്‍ എം.എല്‍.എ ഇടപെട്ട് അടിയന്തമായി അദ്ദേഹത്തെ മാറ്റി, എന്തുകൊണ്ട് ഇപ്പോള്‍ അതുണ്ടാകുന്നില്ല എന്നാണെന്റെ ചോദ്യമെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി.

എന്നാല്‍, ഇതില്‍ ഒരുപാട് വലിയ വലിയ ആളുകളില്ലേയെന്നും അവരൊക്കെ ഇടപെടട്ടെ എന്നുമായിരുന്നു അന്‍വറിന്റെ മറുപടി. 'നമ്മളൊരു പാവപ്പെട്ട എം.എല്‍.എ. ആവശ്യമുള്ളതിലും അല്ലാത്തതിലും ഇടപെടേണ്ടതില്ലല്ലോ. ഇതില്‍ പാര്‍ട്ടി ഇടപെടട്ടെ, നമ്മുടെ വിഷയമല്ലല്ലോ. ഏറ്റവും കൂടുതല്‍ മനുഷ്യരെ വെറുപ്പിക്കാന്‍ എല്ലാ പൊലീസിനെ കൊണ്ടും പണിയെടുപ്പിച്ചത് എം.ആര്‍ അജിത്കുമാര്‍ ആണ്. ഈ മനുഷ്യരെ വെറുപ്പിച്ച് എങ്ങനെയാണ് ഈ പാര്‍ട്ടി മുന്നോട്ടുപോകുക. അവിടയല്ലേ ഇതിന്റെ വിഷയം, അത് പാര്‍ട്ടി ആലോചിക്കട്ടെ. പറയേണ്ട ഉത്തരവാദിത്തം നമ്മള്‍ പറഞ്ഞു' -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.