- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലോക്‌സഭയിലെ സുരക്ഷാ വീഴ്‌ച്ചയിൽ അമിത്ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം: പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കൂട്ടനടപടി; കേരളത്തിൽ നിന്നുള്ള ആറ് എംപിമാർ അടക്കം ഇരുസഭകളിലുമായി 15 എംപിമാർക്ക് സസ്‌പെൻഷൻ; സുരക്ഷാ വീഴ്‌ച്ചയിൽ സർക്കാർ തുടർചർച്ചക്കില്ല
ന്യൂഡൽഹി: രാജ്യത്തെ നടുക്കി പാർലമെന്റിൽ സുരക്ഷാ വീഴ്‌ച്ച ഉണ്ടായിട്ടും സംഭവത്തിൽ ലോക്‌സഭയിൽ തുടർ ചർച്ചകൾക്ക് ഇല്ലെന്ന കർശന നിലപാടിൽ കേന്ദ്രസർക്കാർ. സംഭവത്തിലെ വീഴ്‌ച്ച മറയ്ക്കാൻ വേണ്ടി വിഷയം ലഘൂകരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. അതേസമയം പ്രതിപക്ഷ ആവശ്യങ്ങളെ തീർത്തും അവഗണിക്കാനുമാണ് സർക്കാർ തീരുമാനം. ലോക്‌സഭയിലെ സുരക്ഷാ വീഴ്‌ച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ 15 എംപിമാരെ സസ്‌പെന്റ് ചെയ്തു. ലോക്‌സഭയിലും രാജ്യസഭയിലുമായാണ് 15 എംപിമാരെ സസ്‌പെന്റ് ചെയ്തത്.
സുരക്ഷാ വീഴ്ചക്കെതിരെ പാർലമെന്റിൽ ബഹളംവെച്ച് പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള ആറ് എംപിമാരെയും സസ്‌പെന്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ എന്നിവാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടിൽ നിന്നുള്ള ജ്യോതിമണി, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവെയും സസ്‌പെന്റ് ചെയ്തു. ഈ സമ്മേളനം സമാപിക്കുന്ന ഡിസംബർ 22 വരെയാണ് സസ്‌പെൻഷൻ.
സുരക്ഷ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബഹളത്തെ തുടർന്ന് ലോക്സഭ മൂന്ന് മണി വരെ നിർത്തിവെച്ചിരുന്നു. സുരക്ഷാ വീഴ്ചയെ ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയിൽ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ലോക്‌സഭയുടെ സുരക്ഷ തന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും വിശദീകരണം ഇന്നലെ തന്നെ നൽകിക്കഴിഞ്ഞെന്നും സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ഇനിമുതൽ പാസ് നൽകുമ്പോൾ എംപിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. സുരക്ഷ വീഴ്ച വിലയിരുത്താൻ രാവിലെ മുതിർന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി ഇന്നലത്തെ സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ സുരക്ഷ ചുമതലയുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
രാംപാൽ, അരവിന്ദ്, വീർ ദാസ്, ഗണേശ്, അനിൽ, പ്രദീപ്, വിമിത്, നരേന്ദ്ര എന്നി ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. വൻ സുരക്ഷാസംവിധാനങ്ങൾ മറികടന്ന് അക്രമികൾ എങ്ങനെ പാർലമെന്റിന് അകത്തെത്തി എന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. തുടർന്നാണ്, അക്രമികളായ രണ്ടുപേരും പാർലമെന്റിനകത്തേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായ രീതിയിൽ പരിശോധിക്കാതെ സുരക്ഷാ വീഴ്ച വരുത്തിയെന്നു കാട്ടി ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്തത്.
പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരേ യു.എ.പി.എ. അടക്കമുള്ള വകുപ്പുകൾ ചുമത്തി. കുറ്റകരമായ ഗൂഢാലോചന, അതിക്രമിച്ചു കയറൽ, മനപ്പൂർവ്വമായി പ്രകോപനം ഉണ്ടാക്കി കലാപത്തിന് ശ്രമിക്കൽ, പൊലീസ് നടപടികൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തത്.
ഇന്നലെയുണ്ടായ ഗ്യാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മകർ ദ്വാർ ഗേറ്റിലൂടെ എംപിമാരെ മാത്രമാണ് പാർലമെന്റിന് അകത്തേക്ക് കടത്തിവിടുന്നത്. പാർലമെന്റ് കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കുന്നവരെ, അവരുടെ ഷൂസുകൾ അഴിച്ചും മറ്റും കർശന പരിശോധനയാണ് നടത്തുന്നത്. പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അമർഷം രേഖപ്പെടുത്തി.
അതേസമയം ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇവരെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. അതിനിടെ ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളുടെ സഖ്യമായ ഇന്ത്യാ മുന്നണി നേതാക്കൾ യോഗം ചേർന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലാണ് യോഗം ചേർന്നത്.
പാർലമെന്റിന്റെ 22 ആം വാർഷികദിനത്തിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് പുലർച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞതായി വ്യക്തമാകുന്നത്.
ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങി. കേസിൽ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പാർലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തിൽ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നൽകി.
പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മറ്റൊരാൾ ആണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു. പാർലമെന്റിൽ എത്തുന്നതിന് മുമ്പ് പ്രതികൾ ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടിയെന്നും ഇവിടെ വെച്ച് കളർ പടക്കം കൈമാറിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെയാണ് പ്രതികൾ പരസ്പരം കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടിൽ ഇവർ കൂടിക്കാഴ്‌ച്ച നടത്തിയെന്നും സ്പെഷ്യൽ സെൽ വൃത്തങ്ങൾ പറയുന്നു.
പാർലമെന്റിൽ കടന്ന് അക്രമം നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകൾ അടക്കം വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗത്തു നിന്നുള്ള പ്രതികൾ സാമൂഹികമാധ്യമങ്ങൾ വഴിയായിരുന്നു പ്രധാനമായും ബന്ധപ്പെട്ടിരുന്നതും.
കാത്തിരിക്കുന്നത് വിജയമാണെങ്കിലും പരാജയമാണെങ്കിലും പരിശ്രമിക്കുന്നതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുതെന്നായിരുന്നു അക്രമത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതികളിലൊരാളായ സാഗർ ശർമ പങ്കുവെച്ച കുറിപ്പ്. സ്വപ്നങ്ങളാണ് ജീവിതത്തെ അർഥപൂർണമാക്കുന്നതെന്നും സ്വപ്നങ്ങൾക്കായി പ്രയത്‌നിച്ചില്ലെങ്കിൽ ജീവിതം വ്യർഥമാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്.
അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതി നീലം ആസാദ് നവംബർ 11-നു വരെയാണ് സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നത്. എക്‌സിൽ പങ്കുവെച്ച അവസാന പോസ്റ്റ് നിയമസഭയിലെയും പാർലമെന്റിലെയും സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവിനെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു. പാർലമെന്റിലും നിയമസഭയിലും എന്തുകൊണ്ട് സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുന്നില്ല? ഹരിയാനയിൽ ഗ്രാമപഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ട്. എന്തുകൊണ്ട് പാർലമെന്റിലും നിയമസഭയിലുമതില്ല എന്നായിരുന്നു നീലത്തിന്റെ കുറിപ്പ്.
ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനു നേരെ ആക്രമണമുണ്ടായ ദിവസമാണ് നീലം ഇതിനു മുമ്പ് ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് കുറിപ്പു പങ്കുവെച്ചത്. ദളിതർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുർത്തുന്നവരെ നിശബ്ദരാക്കാൻ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രവണതയാണ് ആക്രമത്തിലൂടെ വ്യക്തമാകുന്നതെന്നും ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പോസ്റ്റ്.
മറുനാടന് ഡെസ്ക്