ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലുമായി സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ ഉന്നയിച്ച ചോദ്യങ്ങളെല്ലാം രേഖകളിൽ നിന്ന് നീക്കം ചെയ്തു. 264 ചോദ്യങ്ങളാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട 146 എംപിമാർ ഇരു സഭകളിലുമായി ഉന്നയിച്ചത്. രാജ്യത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ചോദ്യങ്ങൾ. എന്നാൽ പാർലമെന്റ് അതിക്രമത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തതോടെ ഈ ചോദ്യങ്ങൾക്കും ഉത്തരമില്ലാതായി. ഈ ചോദ്യങ്ങൾ കൂട്ടത്തോടെ പട്ടികയിൽ നിന്നും ഒഴിവാക്കി.

പാർലമെന്റ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്ലക്കാർഡ് അടക്കം ഉയർത്തി പ്രതിഷേധിച്ചതിനാണ് ഇരു സഭകളിൽ നിന്നും 146 എംപിമാരെ സസ്‌പെൻഡ് ചെയ്തത്. എട്ട് ദിവസം കൊണ്ടാണ് ഇത്രയും എംപിമാരെ പുറത്താക്കിയത്. ഇത് ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തന്നെ അപൂർവ സംഭവമായിരുന്നു. ഈതോടെ ഈ നടപടിക്കെതിരെ പ്രതിഷേധവുമായി പാർട്ടികളും രംഗത്തുവന്നു.

സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ഇവർ ഉന്നയിച്ച ചോദ്യങ്ങൾ ഇരു സഭകളുടെയും വെബ്‌സൈറ്റുകളിൽ ലഭ്യമല്ല. അതുപോലെ, വിവിധ മന്ത്രിമാരോട് ഒരേ ചോദ്യം ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എംപിമാരുടെ പേരുകൾ നീക്കം ചെയ്തതായി ഇരു സഭകളുടേയും വെബ്സൈറ്റുകൾ പറയുന്നു.

പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ പ്രസ്താവന നടത്തണമെന്നും അക്രമികൾക്ക് പാസ് നൽകിയ ബിജെപി എംപി പ്രമോദ് സിംഹയെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് 146 എംപിമാരെ ഇരു സഭകളിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡിസംബർ 14 മുതൽ 21 വരെയുള്ള ദിവസങ്ങളിലായിരുന്നു നടപടി. ഇതിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഉയർത്തിയത്. ഡൽഹിയിലും മറ്റ് വിവിധിയിടങ്ങളിലും വലിയ പ്രതിഷേധമാണ് നടന്നത്.

അതേസമയം ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ജഗ്ദീപ് ധൻകറിന്റെ കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം വീണ്ടും തള്ളി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ. രണ്ടാം തവണയാണ് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഖാർഗെ നിരസിച്ചത്. ഡൽഹിക്ക് പുറത്തായതിനാൽ കൂടിക്കാഴ്ച സാധിക്കില്ലെന്ന് ഖാർഗെ കത്തിലൂടെ അറിയിച്ചു.

അതേസമയം, ചെയർമാൻ സഭയുടെ സംരക്ഷകനും പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനുമാണെന്ന് മറുപടി കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും പാർലമെന്റ് അംഗങ്ങളുടെ പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കാനും പാർലമെന്റിലെ ചർച്ചകളിലൂടെയും മറുപടികളിലൂടെയും സർക്കാറിന്റെ ഉത്തരവാദിത്തം വഹിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ചെയർമാൻ ബാധ്യസ്ഥനാണ്. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയത് ചരിത്രത്തിലെ തെറ്റായ തീരുമാനമാണെന്നും അത് പ്രതിപക്ഷത്തെ വേദനപ്പെടുത്തിയെന്നും ഖാർഗെ വ്യക്തമാക്കി.

ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താനായാണ് ജഗ്ദീപ് ധൻകർ മല്ലികാർജുർ ഖാർഗെയെ ക്ഷണിച്ചത്. വൈകിട്ട് നാല് മണിക്ക് ഉപരാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. പാർലമെന്റ് അതിക്രമ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ എംപി.മാരെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും കൂട്ടമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കവെ തൃണമൂൽ എംപി കല്യാൺ ബാനർജി രാജ്യസഭ അധ്യക്ഷനെ അനുകരിച്ച് പരിഹസിച്ചിരുന്നു.

ഇതിനെതിരെ രൂക്ഷ പ്രതികരണം നടത്തിയ ജഗ്ദീപ് ധൻകർ പാർലമെന്റിനെയും ഉപരാഷ്ട്രപതി സ്ഥാനത്തെയും തന്റെ സമുദായത്തെയും അപമാനിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഇത്രയും വലിയ സംഭവമാണ് നടന്നത്. പദവിയോട് അനാദരവുണ്ടായി. കർഷക സമൂഹം അപമാനിക്കപ്പെട്ടു. എന്റെ സമൂഹം അപമാനിക്കപ്പെട്ടു -ഉപരാഷ്ട്രപതി വ്യക്തമാക്കി.

ജഗ്ദീപ് ധൻകറിനെ പരാമർശത്തെ വിമർശിച്ച രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സഭയിൽ ജാതിവാദമുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. സഭക്കുള്ളിൽ അംഗങ്ങൾക്ക് സംരക്ഷണം നൽകേണ്ടയാളാണ് ചെയർമാൻ. ചെയർമാൻ തന്നെ ഇങ്ങനെ സംസാരിച്ചാൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത് ദലിത് നേതാവായതുകൊണ്ടാണെന്ന് തനിക്ക് പറയാമോ എന്ന് ഖാർഗെ ചോദിച്ചു.

സഭക്കുള്ളിൽ അത്തരം ജാതിവാദങ്ങളുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന പണി ആരും ചെയ്യരുത്. ഓരോ വ്യക്തിയും ഏതു വിഷയത്തിലും തന്റെ ജാതിയെ ബാധിച്ചു എന്ന് പറയുകയാണെങ്കിൽ പിന്നെ ഇതെല്ലാം തന്റെ ജാതിയെയും ബാധിക്കുന്നുണ്ട്. താൻ എഴുന്നേറ്റുനിന്ന് സഭയിലെന്തൊക്കെ ചോദിച്ചിട്ടും അതിന്റെ ഉത്തരം ഇന്നുവരെ ലഭിച്ചിട്ടില്ലെന്നും ഖാർഗെ ധൻഖറിനെ ഓർമിപ്പിച്ചു.