- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിയെ കിട്ടി, രണ്ട് കേന്ദ്രമന്ത്രിമാരെയും; കിനാലൂര്‍ ഒരുങ്ങിയിട്ടും എയിംസില്ല; സര്‍ക്കാര്‍ നല്കിയ 150 ഏക്കര്‍ മതിയാകില്ലെന്ന് സുരേഷ് ഗോപി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന് ഒരു എംപിയെയും പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാരെയും ലഭിച്ചിട്ടും കേന്ദ്രബജറ്റില്‍ സംസ്ഥാനത്തിന് എയിംസ് പ്രഖ്യാപിക്കാത്തതില്‍ കടുത്ത നിരാശ. വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോളും കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും അവഗണിച്ചു.
കോഴിക്കോട്ടെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളായത്. ജില്ലയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു എയിംസ്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ എയിംസ് ഉള്‍പ്പെട്ടില്ല. അതേ സമയം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ലെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. കോഴിക്കോട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ 150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ചുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അവര്‍ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രി പ്രതികരിച്ചത്.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരിഗണിക്കപ്പെടുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സംസ്ഥാനത്ത് എയിംസ് വരുമെന്ന തരത്തില്‍ നിരവധി തവണ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.
'എയിംസ് കോഴിക്കോടിനുതന്നെ, കേരളത്തിന്റെ ചിരകാലസ്വപ്നമായ എയിംസ് യാഥാര്‍ഥ്യമാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍' എന്ന വാചകങ്ങളോടെ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി കോഴിക്കോട് എത്തിയപ്പോളും ഉയര്‍ന്ന പ്രധാന ചോദ്യം എയിംസ് സ്ഥാപിക്കുമോ എന്നായിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്കാന് അദ്ദേഹം തയാറായില്ല.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 22 എയിംസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കാന്‍ അംഗീകാരം നല്‍കിയെങ്കിലും കേരളത്തെ അവഗണിച്ചു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എയിംസിനായി മുറവിളി കൂട്ടുന്നുവെങ്കിലും ഒന്നും ഫലം കാണുന്നില്ല.
കിനാലൂര്‍ കൂടാതെ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളും എയിംസിനായി കേരളം മുന്നോട്ടുവച്ചിരുന്നു. എയിംസ് അനുവദിക്കപ്പെടുകയാണെങ്കില്‍ അത് കിനാലൂരില്‍തന്നെ സാധ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കിനാലൂരില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്ഐഡിസി) പക്കലുള്ള വ്യവസായ വികസന കേന്ദ്രത്തിലെ 153 ഏക്കര്‍ ഭൂമി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു (എയിംസ്) കൈമാറാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിനായി ഭൂമി ആരോഗ്യവകുപ്പിനു കൈമാറി വ്യവസായ വകുപ്പ് 2023ല്‍ ഉത്തരവിറക്കി. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശനിയമം 19 പ്രകാരമുള്ള അന്തിമവിജ്ഞാപനം പുറത്തിറക്കുന്നതിന്റെ മുന്നോടിയായുള്ള നടപടികള്‍ വരെ തുടങ്ങിയതാണ്.
ഈ ബജറ്റ് വട്ടപൂജ്യമാണെന്ന് കോണ്‍ഗ്രസ് എം.പി. കെ. സുധാകരന് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഒന്നിച്ച് നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം ബി.ജെ.പി മറന്ന മട്ടാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കേന്ദ്രബജറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നും ഈ ബജറ്റില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.