- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ആന്ധ്രക്ക് 15,000 കോടി, ബിഹാറിന് 26,000 കോടി; കേരളത്തിന് ആശ്വാസകരമായി പ്രത്യക്ഷത്തില്‍ ഒന്നുമില്ല; ഹാപ്പിയാകാതെ ഓഹരി വിപണിയും
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആന്ധ്രാ പ്രദേശിനും ബീഹാറിനും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനായി പ്രത്യക്ഷത്തില്‍ ഒന്നുമില്ല. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും ബീഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയും ബജറ്റില്‍ വകയിരുത്തി. ബീഹാറില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരും. ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന കക്ഷികള്‍ക്ക് വാരിക്കോരി സഹായം നല്കുന്ന അവസ്ഥയാണുള്ളത്.
ബീഹാറിന് പ്രളയ സഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്കു പ്രളയ പ്രതിരോധ പദ്ധതികള്‍ക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന് പ്രളയ സഹായത്തിന് പ്രഖ്യാപനങ്ങളൊന്നുമില്ല.
ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. പട്ന - പുര്‍ണിയ, ബക്സര്‍ - ഭഗല്‍പുര്‍, ബോധ്ഗയ - രാജ്ഗിര്‍ - വൈശാലി - ദര്‍ഭംഗ ഉള്‍പ്പെടെയുള്ള ദേശീയപാത വികസനത്തിനായി 26,000 കോടി രൂപ വകയിരുത്തി. ബക്സറില് ഗംഗാനദിക്കു കുറുകെ പുതിയ രണ്ടുവരി പാലം നിര്‍മിക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 11,500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് 2,400 മെഗാവാട്ട് പവര്‍ പ്ലാന്റ്, ഗയയില്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്നീ പദ്ധതികളും പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശ് സംസ്ഥാന പുനഃസംഘടന പ്രകാരം സംസ്ഥാനത്തിന് ഈ വര്‍ഷം പുതിയ തലസ്ഥാനം പ്രഖ്യാപിക്കേണ്ടതുണ്ട്. തലസ്ഥാന നഗര വികസനത്തിനായി 15,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.പോളവാരം ജലസേചന പദ്ധതിയുടെ വികസനത്തിന് ഫണ്ട് അനുവദിക്കും. സംസ്ഥാനത്തെ റെയില്‍, റോഡ് ഗതാഗത വികസനത്തിനും പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, തൊഴില്‍ നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദനസേവന മേഖല, നഗര വികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷന്ഗവേഷണംവികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുന്‍ഗണനാ വിഷയങ്ങള്‍. 30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 വന്‍ നഗരങ്ങളില്‍ ഗതാഗത വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഗുണവും കേരളത്തിന് ലഭിക്കില്ലെന്നതാണ് പ്രത്യേകത.
നേരത്തെ പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി നിതീഷും നായിഡുവും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം തയാറായില്ല. ഇതിനു പിന്നാലെയാണ് ബജറ്റിലൂടെ സന്തോഷിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
യുവാക്കള്‍ക്കായി പദ്ധതികള്‍
യുവാക്കള്‍ക്കും ലഘു സംരംഭകര്‍ക്കും ആശ്വാസം പകര്‍ന്ന് മുദ്ര ലോണ്‍ പരിധി 20 ലക്ഷമായി ഉയര്‍ത്തി ബഡ്ജറ്റ് പ്രഖ്യാപനം. നേരത്തേ ഇത് പത്തുലക്ഷമായിരുന്നു. അതാണ് ഒറ്റയടിക്ക് ഇരുപതുലക്ഷമായി ഉയര്‍ത്തിയത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനം. ചെറുകിട ഇടത്തരം മേഖലയിലെ 50 മള്‍ട്ടി-പ്രൊഡക്ട് യൂണിറ്റുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബഡ്ജറ്റിലുണ്ട്.
കൊള്ളപ്പലിശക്കാരില്‍ നിന്ന് ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണ് മുദ്ര ലോണ്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിര്‍മാണ, സേവന, വ്യാപാര മേഖലകളില്‍ ഉള്ളവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. കേരളത്തില്‍ ഉള്‍പ്പടെ മുദ്ര ലോണ്‍ പദ്ധതി പ്രയോജനപ്പെടുത്തിയത് ആയിരക്കണക്കിന് പേരാണ്.പതിനെട്ട് വയസ് തികഞ്ഞ ആര്‍ക്കും ലോണ്‍ ലഭിക്കാന്‍ അര്‍ഹതുണ്ടാവും. അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചശേഷമായിരിക്കും ലോണ്‍ ലഭിക്കുക. ഉയര്‍ന്ന സിബില്‍ സ്കോര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും. സംരംഭങ്ങള്‍ വരുമാന സാദ്ധ്യത ഉള്ളതായിരിക്കണം. അതു നടത്തുന്നതിന് ആവശ്യമായ കഴിവും പരിചയവും യോഗ്യതയും അപേക്ഷ നല്‍കുന്നയാള്‍ക്ക് ഉണ്ടായിരിക്കുകയും വേണം.
ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 75,000 ആക്കി
ആദായ നികുതിയിലും കാര്യമായ ആശ്വാസം നല്‍കുന്നല്ല നിര്‍മലയുടെ ബജറ്റ്. ശമ്പളക്കാര്‍ക്ക് നേരിയ ആശ്വാസം മാത്രമാണ് ലഭിച്ചത്. ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രി നിര്‍മല സീതാരാമന്. പുതിയ സ്കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കും. അതേസമയം, പഴയ സ്കീമിലുള്ള നികുതിദായകര്‍ക്ക് ഇളവുകളില്ല.
ഇനി മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും, ബഹിരാകാശ രംഗത്തിനും നേട്ടം
പുതിയ സ്കീമില്‍ നികുതി സ്ലാബ് ഇങ്ങനെ:
3 ലക്ഷം മുതല്‍ 7 ലക്ഷം വരെ 5%
7 ലക്ഷം മുതല്‍ 10 ലക്ഷം വരെ 10%
10 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15%
12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20%
15 ലക്ഷത്തിനു മുകളില്‍ 30%
പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് ഇതു നേട്ടമാകും. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി.
കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി
കാര്‍ഷികമേഖലയ്ക്ക് ഈ സാമ്പത്തികവര്‍ഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കും. സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണം. മികച്ച ഉദ്പാദനം നല്കുന്ന 109 ഇനങ്ങള്‍ വികസിപ്പിക്കും.
രണ്ടുവര്‍ഷംകൊണ്ട് രാജ്യത്തെ ഒരുകോടി കര്‍ഷകര്‍ക്ക് ജൈവ കൃഷിക്കായി സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിങ്ങും നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴി അവസരമൊരുക്കും. പതിനായിരം ജൈവകാര്‍ഷിക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പരിപ്പ്, എണ്ണക്കുരു എന്നിവയുടെ ഉദ്പാദനം, സംഭരണം, വിപണനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തും.
പച്ചക്കറി ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ഉപഭോഗ മേഖലകളോടനുബന്ധിച്ച് വന്‍കിട കേന്ദ്രങ്ങള്‍. കാര്‍ഷിക സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി പച്ചക്കറി സംഭരണത്തിനും വിപണനത്തിനും സൗകര്യമൊരുക്കും.
സംസ്ഥാനസര്‍ക്കാരുകളുമായി സഹകരിച്ച് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രെക്ചര്‍ കൊണ്ടുവരും. ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും.
ചെമ്മീന്‍ ഉദ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനായി വിത്ത് ഉദ്പാദന കേന്ദ്രങ്ങള്‍. നബാര്‍ഡ് മുഖേന ധനസഹായം നല്‍കും.
രണ്ട് ലക്ഷം കോടിയുടെ അഞ്ച് പദ്ധതികള്‍ പ്രഖ്യപിച്ചു. കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന ഒമ്പത് വിളകള്‍ വികസിപ്പിക്കാന്‍ പദ്ധതി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ. ആറ് കോടി കര്‍ഷകരുടെയും ഭൂമിയുടേയും വിവരങ്ങള്‍ ശേഖരിക്കും.