- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രാദേശിക കര്‍ഷകരുടെ ചെലവില്‍ മുന്‍നിര വ്യവസായികളെ സഹായിക്കുന്നു'; പാര്‍ലമെന്റില്‍ കന്നി പ്രസംഗത്തിനിടെ സെല്‍ഫ് ഗോളടിച്ച് പ്രിയങ്ക; രാഷ്ട്രീയ സര്‍ക്കസ് തുടങ്ങിയിട്ടേയുള്ളൂവെന്ന് ബിജെപി
പാര്‍ലമെന്റില്‍ ഹിമാചല്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. ഇതിനു പിന്നാലെ ഹിമാചലില്‍ സ്വന്തം പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി. സഹോദരനായ രാഹുല്‍ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സര്‍ക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു.
പ്രാദേശിക കര്‍ഷകരുടെ ചെലവില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മുന്‍നിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കര്‍ഷകര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അവര്‍ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലില്‍ ഇന്ന് എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും അതെല്ലാം മുന്‍നിര വ്യവസായികള്‍ക്ക് അനുകൂലമാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.
ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങള്‍ പ്രിയങ്കയെ ഓര്‍മ്മിപ്പിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെയാണ് തന്റെ വിമര്‍ശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക ആരോപിച്ചു. വിമാനത്താവളങ്ങളും റെയില്‍വേയും റോഡുകളും ഫാക്ടറികളുമെല്ലാം കേന്ദ്രസര്‍ക്കാര്‍ അദാനിയ്ക്ക് മാത്രം നല്‍കുകയാണെന്നും 142 കോടി ജനങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് നിരവധി ട്രോളുകള്‍ എത്തിയിട്ടുണ്ട്.