ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരുഷമായ മറുപടിയുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് സോണിയ കത്തയച്ചത്. സോണിയയ്ക്ക് ഒരുപക്ഷേ കീഴ് വഴക്കങ്ങളെ കുറിച്ച് ബോധ്യമുണ്ടാകില്ല എന്നാണ് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ മറുപടിയിൽ പറയുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം, വർഗീയത, മണിപ്പൂർ സ്ഥിതിഗതികൾ, ചൈനയുമായുള്ള അതിർത്തി സംഘർഷം തുടങ്ങി ഒൻപത് വിഷയങ്ങളാണ് സോണിയ ഉന്നയിച്ചത്.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഒരു അജണ്ടയും പ്രഖ്യാപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി 'കീഴ്‌വക്കങ്ങളെ ക്കുറിച്ച് ബോധവാനായിരിക്കില്ല', സമ്മേളനം ആരംഭിച്ചതിനുശേഷം മാത്രമേ സർക്കാർ പ്രതിപക്ഷവുമായി അജണ്ട ചർച്ച ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും സോണിയ വിമർശിച്ചു. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. സമ്മേളനത്തിൽ ഒൻപത് വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

' കീഴ് വഴക്കങ്ങൾ പാലിച്ചാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. ഒരുപക്ഷേ നിങ്ങൾ കീഴ്‌വഴക്കങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നുണ്ടാവില്ല. പാർലമെന്റിന്‌റെ സമ്മേളനം വിളിക്കുന്നിന് മുമ്പ് ഒരിക്കലും രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കുകയോ, വിഷയങ്ങൾ ചർച്ച ചെയ്യുകയോ പതിവില്ല. രാഷ്ട്രപതി സമ്മേളനം വിളിച്ച ശേഷം, സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് സർവകക്ഷി യോഗം വിളിക്കാറുള്ളത്. ആ യോഗത്തിലാണ് വിഷയങ്ങളും മറ്റും ചർച്ച ചെയ്യുക'.-പ്രഹ്ലാദ് ജോഷി കുറിച്ചു.

പ്രതിപക്ഷ പാർട്ടികളുമായി യാതൊരു വിധത്തിലുള്ള ചർച്ചകളുമില്ലാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതെന്നും കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്‌സണായ സോണിയ ഗാന്ധി കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത്തരത്തിൽ ഒരു പ്രത്യേക സമ്മേളമനം വിളിച്ചു ചേർത്തിരിക്കുന്നത്.

എന്താണ് പാർലമെന്റ് സമ്മേളനത്തിലെ അജണ്ട എന്നതിനെക്കുറിച്ച് ആർക്കും ഒരു വ്യക്തതയില്ല. ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുപ്രശ്‌നങ്ങൾക്കായുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും നിയമപരമായി സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- സോണിയാ ഗാന്ധി കത്തിൽ പറഞ്ഞു.

തുടർന്ന്, പാർലമെന്റ് സെഷനിൽ ചർച്ച ചെയ്യാൻ വേണ്ടി രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളും അക്കമിട്ട് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിലെ രാജ്യത്തെ സാമ്പത്തിക നില, അവശ്യ സാധനങ്ങളുടെ വില വർധനവ്, തൊഴിലില്ലായ്മ, കർഷകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അദാനി വിഷയത്തിൽ പുതിയ വെളിപ്പെടുത്തലിൽ ജെ.പി.സി. അന്വേഷണം, മണിപ്പൂരിലെ പ്രതിസന്ധി, ഹരിയാനയിലെ വർഗീയ സംഘർഷം, ലഡാക്ക് അരുണാചൽ പ്രദേശ് മേഖലയിൽ ചൈനയുടെ അതിർത്തി കൈയേറ്റം, ജാതി സർവെയുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ പാർലമെന്ററി പ്രത്യേക സമ്മേളനത്തിൽ ചർച്ചയാക്കണമെന്ന് സോണിയാ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടിരുന്നു.