ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ( ജെ പി സി) യോഗത്തില്‍ നാടകീയ രംഗങ്ങള്‍.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത്ത് ഗാംഗുലിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ മേശപ്പുറത്തിരുന്ന ഗ്ലാസ് കൊണ്ടുള്ള വെള്ളക്കുപ്പിയെടുത്ത് മേശയില്‍ അടിച്ച കല്യാണ്‍ ബാനര്‍ജിയുടെ കൈക്ക് മുറിവേറ്റു.

ബിജെപി എംപിയായ അഭിജിത് ഗംഗോപാധ്യായ കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയാണ്. കല്യാണ്‍ ബാനര്‍ജിയാകട്ടെ, മുമ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അനുകരിച്ച് വിവാദം സൃഷ്ടിക്കുകയും തലക്കെട്ടുകളില്‍ ഇടം പിടിക്കുകയും ചെയ്ത നേതാവാണ്.

വലതുകൈക്ക്് മുറിവേറ്റ ബാനര്‍ജിക്ക് പ്രഥമശുശ്രൂഷ നല്‍കി. ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്, എഐഎംഐഎം എംപിയും പാര്‍ട്ടി അദ്ധ്യക്ഷനുമായ അസദുദീന്‍ ഒവൈസിയും ചേര്‍ന്നാണ് ബാനര്‍ജിയെ പാര്‍ലമെന്റിലെ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയത്. വലതുതള്ളവിരലിലും, ചെറുവിരലിലുമാണ് ബാനര്‍ജിക്ക് പരിക്കേറ്റത്.

കല്യാണ്‍ ബാനര്‍ജിയും അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനാണ് ഇന്ന് യോഗം ചേര്‍ന്നത്. ഗംഗോപാധ്യായ സംസാരിക്കുന്നതിനിടെ, കല്യാണ്‍ ബാനര്‍ജി ഇടപെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ബിജെപി എം പി വഴങ്ങാന്‍ തയ്യാറാകാതെ വന്നതോടെ കടുത്ത വാഗ്വാദം നടന്നു. ഇരുവരും സഭ്യേതരമായ വാക്കുകള്‍ ഉപയോഗിച്ചെന്നാണ് സൂചന. അപ്പോഴാണ് ക്ഷുഭിതനായ ബാനര്‍ജി വെള്ളക്കുപ്പി മേശയിലടിച്ചത്.

പാര്‍ലമെന്റില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് വഖഫ് ഭേദഗതി ബില്‍ മേശപ്പുറത്ത് വച്ചത്. പ്രതിപക്ഷ എംപിമാരുടെ കടുത്ത പ്രതിഷേധത്തിനിടെ, ബില്‍ ജെപിസിക്ക് വിടുകയായിരുന്നു.