ന്യൂഡൽഹി: സാമ്പത്തിക വളർച്ചാ വേഗം കുറഞ്ഞാലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്ന ആത്മവിശ്വാസത്തോടെ സാമ്പത്തിക സർവേ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 6.5 ശതമാനമാണ്. നടപ്പ് സാമ്പത്തികവർഷം ഏഴുശതമാനം വളർച്ച നേടും. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണെന്ന് സാമ്പത്തിക സർവേ പറയുന്നു.

ലോക ബാങ്കും, ഐഎംഎഫും, എഡിബിയും റിസർവ് ബാങ്കും നൽകിയ വളർച്ചാനിരക്കിന്റെ കണക്കുകളോട് ചേർന്ന് നിൽക്കുന്നതാണ് സാമ്പത്തിക സർവേയിലെയും വിലയിരുത്തൽ. ആഭ്യന്തര ധനോത്പാദനം, അടുത്ത സാമ്പത്തിക വർഷം ആറ് ശതമാനത്തിനും 6.8 ശതമാനത്തിനും മധ്യേയായിരിക്കും. ഇതിലെ ഏറ്റക്കുറച്ചിൽ, ആഗോള തലത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ സംഭവവികാസങ്ങളെ കൂടി ആശ്രയിച്ചായിരിക്കും.
2021-22 വർഷത്തിൽ 8.7 ശതമാനമായിരുന്നു വളർച്ച.

നടപ്പുസാമ്പത്തിക വർഷത്തിലെ ഏഴുശതമാനത്തേക്കാൾ അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക് കുറയുമെങ്കിലും, ചില അനുകൂല ഘടകങ്ങൾ ഇന്ത്യക്കുണ്ടെന്ന് സാമ്പത്തിക സർവേ വിലയിരുത്തുന്നു. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികൾ മാന്ദ്യത്തിന്റെ സൂചനകളെ നേരിടുമ്പോൾ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിൽ താഴെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകിയേക്കാം. സ്വകാര്യ മേഖലയിൽ നിക്ഷേപത്തിന്റെ തോത് ഉയരുമെന്നും സാമ്പത്തിക സർവേ വിലയിരുത്തുന്നു.

എന്നിരുന്നാലും, വലിയ ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും മറ്റും സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭീതികളും ഉയർത്തുന്നു. കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യ വളരെ വേഗം കരകയറിയതായി സർവേയിൽ പറയുന്നു. പണപ്പെരുപ്പ നിരക്ക്, 2022 ഏപ്രിലിൽ 7.8 ശതമാനമായി ഉയർന്നിരുന്നു. നിലവിൽ ആറ് ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പ നിരക്കെങ്കിലും, ആഗോള സാഹചര്യങ്ങൾ മൂലം അപായസൂചനകൾ നിലനിൽക്കുകയും ചെയ്യുന്നു. നീണ്ടകാലത്തെ പണപ്പെരുപ്പം മൂലം ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ ധനകാര്യ അച്ചടക്കം കർക്കശമാക്കുകയും, സാമ്പത്തിക വളർച്ചയുടെ വേഗം കുറയുകയും ചെയ്തതായും സാമ്പത്തിക സർവേയിൽ പറയുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലാണ്. കോവിഡിനെ നിയന്ത്രിക്കാൻ, വാക്‌സിനേഷൻ വ്യാപകമായി നടത്തിയത് നേട്ടമായി. ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിലെ തിരക്കും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഘടകമാണ്. 2021 സാമ്പത്തിക വർഷത്തെ ഇടിവിനുശേഷം ജിഎസ്ടി വരവ് ഉയരുകയും, മഹാമാരിക്ക് മുമ്പുള്ള നിലവാരത്തിൽ എത്തുകയും ചെയ്തു.

കേന്ദ്രസർക്കാരിന്റെ മൂലധന ചെലവിലുണ്ടായ വർദ്ധനയും സാമ്പത്തിക സർവേയിൽ എടുത്തുപറയുന്നു. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-നവംബറിലായി മൂലധന ചെലവ് 63.4ശതമാനം കൂടി. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പാ വളർച്ച 2022 ജനുവരി-നവംബറിൽ 0.5ശതമാനം വർദ്ധിച്ചു. പിഎം ഗതിശക്തി, നിർമ്മാണവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎൽഐ), നാഷണൽ ലോജിസ്റ്റിക്സ് പോളിസി തുടങ്ങിയവ സാമ്പത്തിക വളർച്ചയ്ക്ക് പ്രേരകങ്ങളായി.

നാളെ ധനമന്ത്രി നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വച്ചത്. ആദായ നികുതി സ്ലാബുകളിൽ ഇളവ് അനുവദിച്ച് ഇടത്തരക്കാർക്ക് ആശ്വാസം പകരുമെന്നാണ് സൂചന. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ടാകും.