ന്യൂഡല്‍ഹി: ആദായ നികുതി പരിധി ഉയര്‍ത്തിക്കൊണ്ട് നിര്‍ണായക പ്രഖ്യാപനം. 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇനി ആദായ നികുതിയില്ല. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് സുപ്രധാന തീരുമാനം. ആദായ നികുതിയില്‍ സമഗ്രമാറ്റമെന്നാണ് പ്രഖ്യപിച്ചിരിക്കുന്ത്. രാജ്യത്തെ മധ്യവര്‍ഗത്തിന് ഏറെ സന്തോഷം പകരുന്നതാണ് ഈ തീരുമാനം. ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തില്‍ നിന്ന് നാലിരട്ടിയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാല്‍ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടിവരിക.

പുതിയ സ്ലാബ് ഇങ്ങനെ

0-4 ലക്ഷംവരെ നികുതി ഇല്ല

4-8 ലക്ഷം- അഞ്ച് ശതമാനം നികുതി

8-12 ലക്ഷം- 10 ശതമനം നികുതി

12-16 ലക്ഷം -15 ശതമാനം നികുതി

16-20 ലക്ഷം വരെ 20 ശതമാനം നികുതി

20-24 ലക്ഷം- 25 ശതമാനം നികുതി

25ന് മുകളില്‍ 30 ശതമാനം നികുതി

ആദായ നികുതി ഘടന ലളിതമാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ടി.ഡി.എസ് ഘടന മാറും, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തും, വാടകയിനത്തിലെ ടി.ഡി.എസ് രണ്ടര ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്തും. മധ്യവര്‍ഗത്തിന് ഗുണകരമാവുന്ന രീതിയില്‍ ആദായ നികുതി പരിഷ്‌കരിക്കാനും തീരുമാനമുണ്ട്.

ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ബില്ല് അടുത്താഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നികുതി ദായകരുടെ സൗകര്യം പരിഗണിച്ച് നടപടികള്‍ ലഘൂകരിക്കും. നികുതി പരിഷ്‌ക്കാരം വികസിത ഇന്ത്യയുടെ ലക്ഷ്യമാണെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

മധ്യവര്‍ഗ കേന്ദ്രീകൃതമായ പരിഷ്‌ക്കാരമാണ് നികുതി നിയമത്തില്‍ കൊണ്ടുവരിക. നവീകരിച്ച ഇന്‍കംടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കിയതായും മുതിര്‍ന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.