- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കടമെടുപ്പിലും പുതു റെക്കോർഡിട്ട് കേന്ദ്രസർക്കാർ; അടുത്ത സാമ്പത്തിക വർഷം 15.4 ലക്ഷം കോടി രൂപ കടമെടുക്കും; ഡേറ്റഡ് സെക്യൂരിറ്റികളിൽ നിന്ന് 11.8 ലക്ഷം കോടി സമാഹരിക്കും; ചെറു സമ്പാദ്യ പദ്ധതികളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നും കമ്മി നികത്തും; ഈ വർഷം വായ്പയെടുത്തത് 14.21 ലക്ഷം കോടിയും
ന്യൂഡൽഹി: തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള കേന്ദ്രസർക്കാറിന്റെ ബജറ്റിൽ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ വായ്‌പ്പകളിലേക്കാണ് കടക്കുന്നത്. അടുത്ത സാമ്പത്തിക വർഷം 15.4 ലക്ഷം കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇത് മുൻ കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ റെക്കോർഡ് തുകയാണിത്. ഈ വർഷം 14.21 ലക്ഷം കോടിയാണ് സർക്കാർ വായ്പയെടുത്തത്. അതിൽ നിന്നും കൂടുതലാണ് ഇത്തവണത്തെ കടമെടുപ്പ്.
ഡേറ്റഡ് സെക്യൂരിറ്റികളിൽനിന്ന് 11.8 ലക്ഷം കോടി സമാഹരിക്കുമെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ചെറു സമ്പാദ്യ പദ്ധതികളിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നുമായി, കമ്മി നികത്തുന്നതിന് ശേഷിച്ച തുക കണ്ടെത്തും. വിപണിയിൽനിന്നുള്ള ആകെ കടമെടുപ്പ് 15.4ലക്ഷം കോടി രൂപ ആയിരിക്കും.
ഈ സാമ്പത്തിക വർഷം ജനുവരി 27 വരെയുള്ള കണക്ക് അനുസരിച്ച് 12.93 ലക്ഷം കോടിയാണ് വായ്പയെടുത്തത്. വായ്പാ ലക്ഷ്യത്തിന്റെ 91 ശതമാനമാണിത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മൊത്തം കടം ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 83 ശതമാനമാണ്. ഈ വർഷം ധനകമ്മി 6.4 ശതമാനത്തിൽ നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനങ്ങൾക്ക് അമ്പതു വർഷത്തേക്കു നൽകുന്ന പലിശരഹിത വായ്‌പ്പ ഒരു വർഷത്തേക്കു കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വായ്പ നൽകുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയ്ക്ക് പലിശയില്ലെന്നതാണ് പ്രത്യേകത.
അതേസമയം രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഹെലിപാഡുകൾ, വാട്ടർ എയ്‌റോ ഡ്രോണുകൾ, ലാൻഡിങ് ഗ്രൗണ്ടുകൾ എന്നിവ നവീകരിച്ച് വ്യോമ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നഗര വികസനത്തിനായി പ്രതിവർഷം 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. റെയിൽവേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് വികസിപ്പിക്കും. ആഭ്യന്തര-രാജ്യേന്തര സഞ്ചാരികൾക്ക് പാക്കേജിന്റെ ഭാഗമായി സന്ദർശിക്കാൻ കഴിയുന്ന തരത്തിലായിരിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക.
കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി വരും. ഭൂമിശാസ്ത്രം, ഭാഷകൾ, സാഹിത്യം, ഉപകരണങ്ങൾ അടക്കമുള്ളവ സംബന്ധിച്ച പുസ്തകങ്ങളായിരിക്കും ലഭ്യമാക്കുക. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിലാണ് ഈ പ്രഖ്യാപനങ്ങൾ. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റൽ ലൈബ്രറി ഉറവിടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. കൂടാതെ, വായനയുടെ ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും മഹാമാരി കാലത്ത് നഷ്ടമായ വായനാ ശീലം കൂട്ടുന്നതിനും പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷ് ഭാഷയിലും പാഠ്യേതര കാര്യങ്ങൾ ഇതിലൂടെ ഉൾപ്പെടുത്തും. നാഷണൽ ബുക്ക് ട്രസ്റ്റും ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് മറ്റു ചേർന്നായിരിക്കും ഇതിന് നേതൃത്വം നൽകുക.
മറുനാടന് ഡെസ്ക്