- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രം കനിയുന്നില്ലെന്ന് കേരളത്തിന്റെ പതിവു പരാതി; ജിഎസ്ടി കുടിശ്ശികയുടെ കാര്യത്തിലും വിവേചനമെന്ന് വാദം; കേരളം അഞ്ച് വർഷമായി ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകിയിട്ടില്ല, ആദ്യം രേഖ തരട്ടെ, എന്നിട്ടാകാം കുടിശ്ശികയെന്ന് നിർമല സീതാരാമൻ; ജിഎസ്ടി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന വാദങ്ങൾ പൊളിച്ച് കേന്ദ്ര ധനമന്ത്രി
ന്യൂഡൽഹി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴിക്കുന്ന പതിവു പല്ലവിയാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പതിവായി ഉന്നയിക്കുന്നത്. ഇത്രയും കാലം ജിഎസ് ടി നഷ്ടപരിഹാര തുകയുടെ പേരിൽ പിടിച്ചു നിന്ന കേരള സർക്കാർ ഇപ്പോൾ നഷ്ടപരിഹാരം നിലച്ചതോടെയാണ് ചക്രശ്വാസം വലിച്ചു തുടങ്ങിയത്. പതിവായി കേന്ദ്രത്തെ പഴി പറഞ്ഞു രക്ഷപെടുന്ന കേരള തന്ത്രത്തിന് ഇന്ന് പാർലമെന്റിൽ തന്നെ തിരിച്ചടിയേറ്റു.
കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്തുവന്നു. കേരളം അഞ്ചു വർഷമായി കൃത്യമായ രേഖ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ വിശദീകരിച്ചു. കൊല്ലം എംപി എൻ.കെ. പ്രമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാൽ കേരളം അഞ്ചു വർഷമായിട്ട് ഇത് നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു. '2018 മുതൽ ഒരു വർഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തും', ധനമന്ത്രി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യം കേരള സർക്കാരിനോട് ചോദിക്കാനും എൻ.കെ.പ്രേമചന്ദ്രനോട് നിർമല നിർദേശിച്ചു.
ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ ചോദിച്ചിരുന്നു. 15ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വർഷാവർഷം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ നികുതി പിരിവിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തിരുന്നു. ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നു. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ വേണ്ടവിധം ക്രമീകരിച്ചില്ല. വിഷയത്തിലെ സർക്കാരിന്റെ അനാസ്ഥ മൂലമാണ് നികുതി പിരിവ് രണ്ട് ശതമാനമാകാൻ കാരണമെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.
'സ്വർണ്ണത്തിന്റെ വ്യാപക കള്ളക്കച്ചവടം നടക്കുന്നു. വരുമാനം എവിടെപ്പോയി? ജിഎസ്ടി വകുപ്പ് ഇത് അറിയുന്നുണ്ടോ? ബാറുകളുടെ എണ്ണം കൂടുന്നു, എന്നിട്ടും ടേൺ ടാക്‌സ് ഇടിഞ്ഞു. കൃത്യമായ പരിശോധന നടക്കാത്തതാണ് ഇതിന് കാരണം. വരുമാന കമ്മി ഗ്രാന്റ് 39,000 കോടിയിലധികം കിട്ടി. ഇത് കേന്ദ്രം നൽകി. ജിഎസ്ടി നഷ്ട പരിഹാരം കിട്ടിയില്ല എന്ന് പറയുന്നത് ശരിയല്ല', വി ഡി സതീശൻ വ്യക്കമാക്കിയിരുന്നു.
അതേസമയം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. പണമില്ലാത്തതിനാൽ പദ്ധതി വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ പദ്ധതിച്ചെലവ് 56 ശതമാനമേ ആയിട്ടുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്ന പതിവുള്ളതിനാൽ 25,000 കോടി രൂപയെങ്കിലും അടുത്ത മാസം ട്രഷറിയിൽനിന്നു ചെലവിടാമെന്നതായിരുന്നു സർക്കാർ മനസ്സിൽ കണ്ടത്. എന്നാൽ സാമ്പത്തിക നില പരുങ്ങലിൽ ആയതോടെ ആകെ മൊത്തം പ്രതിസന്ധിയാണ് സർക്കാറിൽ. ഇപ്പോഴത്തെ നിലയിൽ സാമ്പത്തിക ദുരവസ്ഥയിൽ നിന്നും കരകരറണമെങ്കിൽ ഇന്ധന സെസിന് പുറമേ മറ്റു വരുമാന മാർഗ്ഗങ്ങളും കണ്ടത്തേണ്ട അവസ്ഥയാണ് സർക്കാറിനുള്ളത്.
6,000 കോടി നികുതി വരുമാനവും 500 കോടി നികുതിയിതര വരുമാനവും കടമെടുക്കുന്ന 937 കോടിയും മറ്റെല്ലാ വരുമാനങ്ങളും ചേർത്ത് 10,000 കോടി രൂപയിൽ താഴെ മാത്രമേ ഇപ്പോഴത്തെ നിലയിൽ സർക്കാറിന് സമാഹരിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ചെലവിനായി വേണ്ടത് 25000 കോടി രൂപയുമാണ്. നേരിട്ടുള്ള വരുമാനങ്ങൾ ഇല്ലാതായതോടെ കടമെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ, കേന്ദ്രത്തിന്റെ ഉടക്കാണ് ഇവിടെയും പ്രശ്നമായതെന്നാണ് പുറത്തുവരുന്ന സൂചന.
കടമെടുക്കാമെന്ന് കരുതിയ തുകയിൽനിന്നു 2,700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. മുൻപു കടമെടുത്തതിന്റെ പലിശ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിവിധ സബ്സിഡികൾ എന്നിവയ്ക്കായി നൽകാൻ മാർച്ചിൽ മാത്രം 5,000 കോടി രൂപയെങ്കിലും വേണം. ഇവ ഒഴിവാക്കാൻ കഴിയാത്ത ചെലവുകളാണ്. പിന്നെ ബാക്കിയുള്ള 5,000 കോടി കൊണ്ടു വർഷാവസാന ചെലവുകളിൽ കാൽ പങ്കു പോലും നിറവേറ്റാൻ കഴിയില്ല.
മറുനാടന് മലയാളി ബ്യൂറോ