ന്യൂഡല്‍ഹി: തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതിനെ അപലപിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനമാണ് ഉവൈസി ഉയര്‍ത്തിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ഉവൈസി, ഭരണഘടനാപരമായ അവകാശങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

ഞാന്‍ ഇവിടെ പാര്‍ലമെന്റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാല്‍ പാര്‍ലമെന്റ് എന്റേതാണെന്ന് അര്‍ത്ഥമാക്കുമോ? എന്ന് ഉവൈസി ചോദിച്ചു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഉവൈസി ഇക്കാര്യം ചോദിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കുകയും സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26, 29, 30 എന്നിവ പരാമര്‍ശിച്ച്, മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളും നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ ഗോവധ നിരോധനം ഉണ്ടാക്കി. ഹരിയാനയിലും രാജസ്ഥാനിലും പശു സംരക്ഷകര്‍ക്ക് പൊലീസ് അധികാരം നല്‍കി.

അവര്‍ അത് ഉപയോഗിച്ച് ആള്‍ക്കൂട്ടക്കൊല നടത്തി. ബംഗാളില്‍ സാബിര്‍ മാലിക് എന്ന ആണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ വച്ച് അടിച്ചു കൊന്നു. ഇന്ന് പെണ്‍മക്കളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് തടയുന്നു. അപ്പോള്‍ ആര്‍ട്ടിക്കിള്‍ 25ന്റെ വിജയം എവിടെയാണ്? -അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഹൈദരാബാദ് എംപി ആരോപിച്ചു. 'ആര്‍ട്ടിക്കിള്‍ 26 നോക്കൂ, മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ തുടങ്ങാനും പരിപാലിക്കാനുമുള്ള അവകാശം അത് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്നു. വഖഫിന് ഭരണഘടനയുമായി ബന്ധമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു.ആരാണ് ഇത് പ്രധാനമന്ത്രിയെ പഠിപ്പിച്ചത്. വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യം.- ഉവൈസി പറഞ്ഞു.