- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കൊടിക്കുന്നിൽ സുരേഷ് എം പി പ്രോട്ടെം സ്പീക്കർ
ന്യൂഡൽഹി: ആരായിരിക്കും പുതിയ ലോക്സഭാ സ്പീക്കർ? തീരുമാനമാകും വരെ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് എം പി പ്രോട്ടെം സ്പീക്കർ ആയിരിക്കും. എം പിമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്.
68 കാരനായ കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. പാർലമെന്റിൽ ഏറ്റവും മുതിർന്ന അംഗമാണ് കൊടിക്കുന്നിൽ. ജൂൺ 24 ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കൊടിക്കുന്നിൽ സുരേഷിന് സത്യവാചകം ചൊല്ലി കൊടുക്കും. അതേസമയം, മന്ത്രിസഭാംഗങ്ങൾക്കും മറ്റ് എംപിമാർക്കും സത്യവാചകം ചൊല്ലി കൊടുക്കുന്നതുകൊടിക്കുന്നിൽ സുരേഷ് ആയിരിക്കും.
സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാണ് കീഴ് വഴക്കം. ഒൻപതുവട്ടം എംപി.യായിരുന്ന ബിജെപി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്സഭയിലെത്തിയ ബിജെപി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്തു.
തിരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയം 9,501 വോട്ടുകൾക്കായിരുന്നു. മണ്ഡലത്തിൽ ചിരപരിചിതനായ കൊടിക്കുന്നിൽ സുരേഷിനെ പുതുമുഖമായ സി.എ. അരുൺകുമാർ വിറപ്പിച്ചെങ്കിലും ഒടുവിൽ കൊടിക്കുന്നിൽ ജയിച്ചുകയറി.
ജൂൺ 24 നാണ് ലോക്സഭാ സമ്മേളനം ആരംഭിക്കുന്നത്. ജൂലൈ മൂന്നിന് അവസാനിക്കും. 9 ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ, സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടക്കും.
17 ാമത് ലോക്സഭയിൽ ബിജെപിയുടെ ഓം ബിർലയായിരുന്നു സ്പീക്കർ. ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടന്നു. ഇന്ത്യ സഖ്യം 233 സീറ്റിൽ ജയിച്ചുകയറിയതോടെ, പ്രതിപക്ഷ പാർട്ടികൾ വർദ്ധിച്ച ഉത്സാഹത്തിലാണ്. തുടർച്ചയായി മൂന്നാം ഊഴത്തിലും മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിച്ചെങ്കിലും, യുപി, രാജസ്ഥാൻ, ഹരിയാന അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ക്ഷീണമായി.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുന്നണി സർക്കാർ അതിന്റെ യഥാർഥ അർഥത്തിൽ നിലവിൽ വന്നതോടെ, ടിഡിപി അടക്കമുള്ള സഖ്യകക്ഷികൾ സ്പീക്കർ പദവിയിൽ കണ്ണുവച്ചിരിക്കുകയാണ്. എന്നാൽ, സ്പീക്കർ പദവി വിട്ടുകൊടുക്കാൻ ആവില്ലെന്ന് ബിജെപിയും ഉറച്ചിരിക്കുകയാണ്.
ഭരണകക്ഷിയുടെയോ ഭരണ മുന്നണിയുടെയോ ലോക്സഭയിലെ കരുത്തിന്റെയും, നിയന്ത്രണത്തിന്റെയും പ്രതീകമായാണ് സ്പീക്കർ പദവിയെ കണക്കാക്കുന്നത്. സ്പീക്കറിനൊപ്പം, ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുക ഡപ്യൂട്ടി സ്പീക്കറായിരിക്കും.
ലോക്സഭാ സ്പീക്കർ പാർലമെന്റിന്റെ സംയുക്ത സിറ്റിങ്ങിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നയാളാണ്. ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് നിർണയിക്കുന്നതും സ്പീക്കറാണ്. ലോക്സഭാ കമ്മിറ്റിയും സ്പീക്കറുടെ അദ്ധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്. ഭരണഘടനപ്രകാരം ഡപ്യൂട്ടി സ്പീക്കറുടേത് സ്വതന്ത്ര ഓഫീസാണ്. അത് സ്പീക്കർക്ക് വിധേയമായല്ല പ്രവർത്തിക്കുന്നത്.