- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി; പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്ത് നിർണായക ബില്ലുകൾ പാസാക്കി കേന്ദ്രസർക്കാർ; കേന്ദ്ര നടത്തിയത് സുപ്രീംകോടതി വിധിയെ മറികടക്കുന്ന നിയമ നിർമ്മാണം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബിൽ ലോക്സഭ കടന്നു. നേരത്തെ, രാജ്യസഭ പാസാക്കിയ ബിൽ, സസ്പെൻഡ് ചെയ്യപ്പെട്ട് മൂന്നിൽ രണ്ട് പ്രതിപക്ഷനേതാക്കളും പുറത്തുനിൽക്കവെയാണ് കേന്ദ്രം അതിനിർണായകമായ ബിൽ പാസാക്കിയെടുത്തത്. 'ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്സ് (അപ്പോയിന്റ്മെന്റ്, കണ്ടിഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്)' ബില്ലാണ് ലോക്സഭ പാസാക്കിയത്. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും.
കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെയും കമീഷണർമാരെയും തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങളടങ്ങിയ നിർണായക ബിൽ ലോക്‌സഭ പാസ്സാക്കിയപ്പോൾ ടെലികോം ബിൽ രാജ്യസഭയിലും പാസ്സാക്കി. തെരഞ്ഞെടുപ്പ് കമീഷണർ നിയമന ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും കമീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതാണ് നിർണായക മാറ്റം.
തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി വിധിച്ചിരുന്നു. കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വളർന്ന ഈ വിധിയെ നിയമനിർമ്മാണത്തിലൂടെ മറികടന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ മാത്രമാണ് സമിതിയിലെ അംഗങ്ങൾ. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങൾ മുതലയാവയുമായി ബന്ധപ്പെട്ടതാണ് പുതിയതായി പാസ്സാക്കിയ ബിൽ. ഇത് രാജ്യസഭ ഡിസംബർ 12ന് പാസ്സാക്കിയിരുന്നു. ലോക്‌സഭയും പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.
കഴിഞ്ഞ ദിവസം രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കിയിരുന്നു. ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്‌സഭയിൽ പാസാക്കിയത്. നേരത്തെ ഓഗസ്റ്റിൽ അവതരിപ്പിച്ച ബില്ലുകൾ പിൻവലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. പ്രതിപക്ഷത്തെ മൂന്നിൽ രണ്ട് എംപിമാരും സസ്‌പെൻഡ് ചെയ്യപ്പെട്ട് പുറത്തുനിൽക്കുമ്പോൾ ശബ്ദ വോട്ടോടെയാണ് ബില്ലുകൾ ലോക്‌സഭയിൽ പാസാക്കിയെടുത്തത്.
1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാർശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സർദാർ പട്ടേൽ തുടങ്ങി നിരവധി നേതാക്കൾക്ക് വർഷങ്ങളോളം ജയിൽ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ഷാ പറഞ്ഞു.ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലിൽ കൂടുതൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതാഷാ ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ ബെഞ്ചിൽ 11 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ ക്രിമിനൽ ബിൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ബിൽ തുടങ്ങിയ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനാണ് നീക്കമെന്ന് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.
മറുനാടന് ഡെസ്ക്