ന്യൂഡൽഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താൽക്കാലികമായി സർക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകാരം നൽകിയ ബിൽ, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങൾ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സർക്കാറിന് അധികാരം നൽകുന്നതായി വ്യവസ്ഥയുണ്ട്.

പൊതുജന താൽപര്യാർഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടയില്ല. കൊളോണിയൽ കാലത്തെ നിയമങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പുതിയ ഇന്ത്യയുടെ ആഗ്രഹം കണക്കിലെടുത്താണ് ടെലികമ്യൂണിക്കേഷൻ ബിൽ കൊണ്ടുവന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

അഴിമതി കാരണം നശിച്ച ടെലികോം മേഖല കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ ഉയിർത്തെഴുന്നേറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ൽ ടെലികോം ടവറുകളുടെ എണ്ണം ആറ് ലക്ഷമായിരുന്നത് നിലവിൽ 25 ലക്ഷമായി. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 1.5 കോടിയിൽനിന്ന് 85 കോടിയായി വർധിച്ചെന്നും മന്ത്രി പറഞ്ഞു. സിം സ്വന്തമാക്കാൻ ആൾമാറാട്ടം നടത്തി വ്യാജ രേഖകൾ നൽകിയാൽ മൂന്നുവർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ബില്ലിലെ പ്രധാന കാര്യമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സിം കാർഡുകൾ സ്ഥാപിക്കാൻ കഴിയുന്ന സിം ബോക്‌സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർക്കും സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് മറ്റൊരാളുടെ ഫോൺ നമ്പർ വഴി കബളിപ്പിക്കുന്നവർക്കും സമാനമായ പിഴ ചുമത്തും. ലൈസൻസ് നൽകുന്നത് ലളിതമാക്കും. പുതിയ ബിൽ പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്‌സ് നിയമം എന്നിവ പിൻവലിക്കും.

ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ. ടെലികോം സേവനം വിലക്കുന്നതിലേക്ക് വരെ നയിക്കാം. ടെലികോം കോളുകളും, മെസേജുകളുമാണ് ബില്ലിന്റെ പരിധിയിൽ വരുന്നത്. ഇന്റർനെറ്റ് കോളും മെസേജും ഈ പരിധിയിൽ വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അനുവദനീയമായ എണ്ണത്തിലുമധികം സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ഈടാക്കാം. ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആണ്. സൈബർ തട്ടിപ്പുകൾ തടയാനാണിത്. ഒരാളെ ചതിയിൽപ്പെടുത്തി അയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡ് എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിന് കമ്പനികൾക്ക് നിർദ്ദേശം നൽകാം. യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം.

സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ 'ഇന്റർസെപ്റ്റ്' ചെയ്യാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതും പൂർണമല്ല, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയുമെന്നും ബില്ലിൽ പറയുന്നു. ഒരു സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്ക് സർക്കാർ വഴി അനുമതി ലഭിക്കും. ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴയെന്നും ബില്ലിൽ തിരിച്ചടിച്ചു.