- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പുതിയ പാർലമെന്റ് മന്ദിരത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് വനിതാ സംവരണബിൽ ലോക്സഭയുടെ കടമ്പ കടന്നു; ബില്ലിനെ അനുകൂലിച്ച് 454 എംപിമാർ; എതിർപ്പിന്റെ സ്വരം രണ്ടു എംപിമാർക്ക് മാത്രം; രാജ്യസഭയിൽ ബിൽ പാസായാലും യാഥാർഥ്യമാവുക 2029 ഓടെ
ന്യൂഡൽഹി: വനിതകൾക്ക് ലോക്‌സഭയിലും, സംസ്ഥാന നിയമസഭകളിലും, 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന നാരീശക്തി വന്ദൻ അധിനിയം എന്ന വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി.
454 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് എംപിമാർ മാത്രമാണ് ബില്ലിനെ എതിർത്തത്. വനിതാ സംവരണ ബിൽ പുതുയുഗത്തിന്റെ തുടക്കമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. രാജ്യത്തെ നയരൂപീകരണത്തിലും, തീരുമാനങ്ങൾ എടുക്കുന്നതിലും വനിതകളുടെ പങ്കാളിത്തം നിയമം ഉറപ്പാക്കും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം വനിതകളുടെ സുരക്ഷ, ആദരം, തുല്യ പങ്കാളിത്തം എന്നിവയാണ് കേന്ദ്രസർക്കാരിന്റെ ജീവശക്തിയെന്നും അമിത്ഷാ പറഞ്ഞു.
ബില്ല് ലോക്‌സഭയിൽ കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ ചൊവ്വാഴ്ചയാണ് അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ ഇന്ന് ബിൽ പാസാക്കുകയായിരുന്നു. വ്യാഴാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളുടെ മൂന്നിലൊന്നും ബില്ലിൽ വനിതകൾക്കായി സംവരണം ചെയ്യുന്നുണ്ട്. പൂർണ സംസ്ഥാനപദവിയില്ലാത്ത ഡൽഹിയിലെ നിയമസഭയിലും സമാനമായ സംവരണമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. 15 വർഷത്തേക്കായിരിക്കും ഒരുസീറ്റ് വനിതാസംവരണമായി നിലനിർത്തുക. ഓരോ മണ്ഡല പുനർനിർണയത്തിനുംശേഷം വനിതാസംവരണ സീറ്റുകൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറും. ഇത് സംബന്ധിച്ച് 334-എ എന്ന അനുച്ഛേദം ബില്ലിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും, മണ്ഡല പുനർനിർണയവും നടത്തണം. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കും. എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും കമ്മീഷൻ. അതിനൊപ്പം സെൻസസും നടത്തും. വനിതാ ക്വാട്ട 2029 ഓടെ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭരണഘടനയുടെ 82 ാം വകുപ്പ് പ്രകാരം, 2026 ന് ശേഷമുള്ള സെൻസസ് ഡാറ്റ മാത്രമേ മണ്ഡല പുനർനിർണയത്തിന് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഈ കടമ്പ സർക്കാർ എങ്ങനെ കടക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ മണ്ഡല നിർണയ പ്രക്രിയ 18 മാസം നീണ്ടു നിന്നിരുന്നു. ഓരോ സംസ്ഥാനത്തും പബ്ലിക് ഹിയറിങ്ങുമായി 211 യോഗങ്ങൾ നടന്നിരുന്നു. പാർലമെന്റിൽ 7 മണിക്കൂർ നീണ്ട സംവാദത്തിൽ വനിതാ സംവരണ ബിൽ കാലതാമസം കൂടാതെ നടപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എന്നാൽ, മണ്ഡല പുനർനിർണയ കമ്മീഷൻ സുപ്രധാനമാണെന്നും കമ്മീഷന് മാത്രമേ ആ ചുമതല നിർവഹിക്കാൻ കഴിയു എന്നും അമിത് ഷാ പറഞ്ഞു. ' നമ്മൾ മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുകയാണെങ്കിൽ അത് ആരു ചെയ്യും? ഞങ്ങൾ അതുനിർവ്വഹിച്ചാൽ, നിങ്ങൾ ചോദ്യം ചെയ്യും. വയനാടോ, ഹൈദരാബാദോ വനിതാ സംവരണമാക്കിയാൽ നിങ്ങൾ അത് രാഷ്ട്രീയമാണെന്ന് പറയും, അമിത് ഷാ രാഹുലിനെ പരോക്ഷമായി കളിയാക്കി കൊണ്ടുപറഞ്ഞു. നേരത്തെ, വനിതാ ക്വാട്ട നടപ്പിലാക്കാൻ സർക്കാർ എന്തിന് പുതിയ സെൻസസും, മണ്ഡല പുനർനിർണയവും നടത്തുന്നുവെന്ന് രാഹുൽ ഗാന്ധി ആരാഞ്ഞിരുന്നു. ബിൽ ഈ നിലയിൽ അപൂർണമാണെന്നും ഒബിസി സംവരണം ഉൾപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്തായാലും മണ്ഡല പുനർനിർണയം സുതാര്യമായി നടത്താൻ കമ്മീഷൻ തന്നെയാണ് ഉചിതമെന്നും അമിത്ഷാ തീർത്തുപറഞ്ഞു.
പത്തുവർഷം കൂടുമ്പോൾ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന് ആനുപാതികമായി ഒരു പുനഃപരിശോധനക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. 1961ലെയും 1971ലെയും ജനസംഖ്യാ കണക്കെടുപ്പിന് ശേഷം അതിൻപ്രകാരം മണ്ഡല പുനർവിഭജനം നടത്തുകയുണ്ടായി. എന്നാൽ, 1976ൽ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അത് അവസാനിപ്പിച്ചു. ഓരോ സംസ്ഥാനത്തിന്റെയും സീറ്റ് വിഹിതം 2001ലെ സെൻസസ് കഴിയുംവരെ മരവിപ്പിച്ചതായി വ്യവസ്ഥ ചെയ്തു.
ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 2002ൽ മണ്ഡല പുനർനിർണയം നടത്തേണ്ടതായിരുന്നു. അത് 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിച്ചിരിക്കയാണ്. അതനുസരിച്ച് 2026ന് ശേഷം നടത്തുന്ന സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസിന്റെ നടപടികൾ പൂർത്തിയായ ശേഷമാവും ഇനി മണ്ഡല പുനർനിർണയം. 1951 -52ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യ ലോക്സഭ 489സീറ്റുമായി നിലവിൽ വന്നു. പിന്നീട് മണ്ഡലം പുനർനിർണയങ്ങളിലാണ് നിലവിൽ 543 സീറ്റായത്. 1952, 1963, 1973, 2002 വർഷങ്ങളിലാണ് മണ്ഡലം പുനർനിർണയ കമ്മിഷനുകളെ നിയമിച്ചത്. .
മറുനാടന് മലയാളി ബ്യൂറോ