- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം; തെളിവുകൾ ഇല്ലാതെയാണ് തനിക്കെതിരെ നടപടിയെടുത്തത്; നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് ഉറപ്പാണ്; അടുത്ത ആറുമാസം തന്നെ ദ്രോഹിക്കുന്നത് തുടരും; പാർലമെന്റിന് പുറത്തും തെരുവിലും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര
ന്യൂഡൽഹി: പാർലമെന്റിൽ നിന്നും തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്തു മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയിൽ തന്നെ പുറത്താക്കിയതിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് മഹുവ രംഗത്തുവന്നത്. തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് അവർ വ്യക്തമാക്കി. തെളിവുകൾ ഇല്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടിയെടുത്തതെന്നും അവർ വിമർശിച്ചു.
'എനിക്കിപ്പോൾ 49 വയസ്സാണ്. അടുത്ത 30 വർഷം പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. എന്നെ പുറത്താക്കാൻ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങൾക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു. ഒരു വനിതാ എംപിയെ നിശബ്ദയാക്കാൻ നിങ്ങൾ ഏതറ്റംവരെ പോകുമെന്നും നടപടികൾ വ്യക്തമാക്കുന്നു. നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് എനിക്ക് ഉറപ്പാണ്. അടുത്ത ആറുമാസം തന്നെ ദ്രോഹിക്കുന്നത് തുടരും', മഹുവ പറഞ്ഞു.
അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തുനടപടിയാണ് സിബിഐ. എടുത്തത്? ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമർശത്തിൽ നടപടികളൊന്നുമെടുത്തില്ല. ബിജെപി ന്യൂനപക്ഷത്തേയും സ്ത്രീകളേയും വെറുക്കുന്നു. തനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തങ്ങൾ തിരിച്ചുവരുമെന്നും നിങ്ങളുടെ അവസാനം കാണുമെന്നും മഹുവ പറഞ്ഞു.
നേരത്തെ പ്രതിപക്ഷം ഉയർത്തിയ കടുത്ത എതിർപ്പും മറികടന്നാണ് മഹുവയെ സ്പീക്കർ ഓം ബിർള ലോക്‌സഭയിൽ നിന്നും പുറത്താക്കിയത്. ഇന്ന് ഉച്ചയ്ക്കാണ് മഹുവയെ പുറത്താക്കണമെന്നു ശുപാർശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ വച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കർ സമർപ്പിച്ച റിപ്പോർട്ട് രണ്ടു മണിക്കു സഭ ചർച്ചയ്‌ക്കെടുത്തു. ഒന്നേകാൽ മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ റിപ്പോർട്ട് സഭ അംഗീകരിക്കുകയായിരുന്നു.
അംഗത്തെ പുറത്താക്കുന്നതിനു ശുപാർശ നൽകാൻ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂൽ അംഗം കല്യാണി ബാനർജി വാദിച്ചു. 405 പേജുള്ള റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്നും ചർച്ച മാറ്റിവയ്ക്കണമെന്നും കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ സഭയുടെ അന്തസ്സു നിലനിർത്താൻ കടുത്ത നടപടി എടുക്കേണ്ടപ്പോൾ അത് എടുക്കുക തന്നെ വേണമെന്ന് സ്പീക്കർ ഓം ബിർല നിലപാട് എടുക്കുകയായിരുന്നു. മഹുവ മൊയ്ത്രയെ ചർച്ചയിൽ പങ്കെടുക്കാൻ അധ്യക്ഷൻ അനുവദിച്ചില്ല. മഹവുയ്ക്കു സമിതിക്കു മുമ്പാകെ സംസാരിക്കാൻ അവസരം നൽകിയതാണെന്ന് ഓം ബിർല പറഞ്ഞു.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. 'മെഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങൾ ഈ സഭ അംഗീകരിക്കുന്നു. അതുകൊണ്ട് അവർ എംപിയായി തുടരുന്നത് ഉചിതമല്ല', മെഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കർ ഓം ബിർള പറഞ്ഞു.
ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി. എംപി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയിൽ ആരോപണം ഉന്നയിച്ചിരുന്നത്. തുടർന്ന് സ്പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരനനന്ദാനി മഹുവയ്ക്കു പണം നൽകിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങൾ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തിൽ സമിതിയെ അറിയിച്ചിരുന്നു.
മഹുവയുടെ പാർലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പുറത്താക്കാൻ ശുപാർശ ചെയ്ത് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സമിതിയിലെ നാലു പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിനോടു വിയോജിച്ചു.
മറുനാടന് ഡെസ്ക്