'മുല്ലപ്പെരിയാര്‍ ഡാം ജലബോംബായി നില്ക്കുന്നു; മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം'; അടിയന്തരപ്രമേയ നോട്ടീസ് നല്കി ഡീന്‍ കുര്യാക്കോസ് എം.പി
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടുക്കി ജനതയെ രക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അതേസമയം വിഷയം ലോക്സഭയില്‍ ഉയര്‍ത്തി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നു. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന് അപകടത്തിലാണെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നുമാണ് […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടുക്കി ജനതയെ രക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അതേസമയം വിഷയം ലോക്സഭയില്‍ ഉയര്‍ത്തി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നു.
മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന് അപകടത്തിലാണെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നുമാണ് ആവശ്യമെന്ന് ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. പുതിയ ഡാം വേണമെന്നതുതന്നെയാണ് ആവശ്യം. 130 വര്‍ഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയും. പുതിയ ഡാം പുതിയ കരാര്‍ എന്നതായിരുന്നു കേരളം മുന്നോട്ടുവെച്ചിരുന്നത്. അതോടെപ്പം തമിഴ്നാടിന് ആവശ്യത്തിന് ജലം നല്‍കണമെന്ന നിലപാടും സംസ്ഥാനം സ്വീകരിച്ചിരുന്നു.
നിയമസഭയില്‍ പാസാക്കിയ കാര്യമാണിത്. വിഷയത്തില്‍ ഇടപെടാതെ കേന്ദ്രം കൈയും കെട്ടി നില്‍ക്കുകയാണ്. തമിഴ്നാടിനെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണം. എം.കെ. സ്റ്റാലിനുമായി സംസാരിക്കുമെന്ന് പലതവണ പിണറായി വിജയന് പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കുന്നില്ല, ഡീന്‍ പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന് എം.പി. രാജ്യസഭയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലി അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന് ആവശ്യപ്പെട്ടിരുന്നു. പാട്ടക്കരാറിന്റെ സാധുത പുനപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെ മുല്ലപ്പെരിയാര്‍ കേസ് കേരളത്തിന് ഏറ്റവും അനുകൂല സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു. ഡാമിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി സര്‍ക്കാര്‍ യോഗം വിളിച്ചു.
പതിറ്റാണ്ടുകളായി കേരളത്തിന്റെ നെഞ്ചിലെ പേടിസ്വപ്നമാണ് 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം. വയനാട്ടിലെ വന്‍ദുരന്തം കണ്ട മലയാളി മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തേക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാക്കി.
ഡാമിന്റെ താഴ് വാരത്തുള്ളവരുടെ ആശങ്ക പരിഗണിച്ചാണ് നിലവിലെ സാഹചര്യവും ജലനിരപ്പ് ഉയരുമ്പോളുള്ള മുന്നൊരുക്കവും ചര്‍ച്ച ചെയ്യാന്‍ 12ന് മന്ത്രി ഇടുക്കി കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥയോഗം വിളിച്ചത്.
ആശങ്ക ശക്തമാകുമ്പോളും വൈകാരിക പ്രതികരണങ്ങള്‍ക്ക് അപ്പുറം സുപ്രീംകോടതിയിലെ കേസാണ് നിര്‍ണായകം. 1886ല്‍ തിരുവിതാംകൂര്‍ രാജാവും ബ്രിട്ടീഷ് സെക്രട്ടറി ഫോര്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് കരാറിന്റെ തുടക്കം. ഈ രണ്ട് കക്ഷികളും ഇന്നില്ലാത്ത സാഹചര്യത്തില്‍ കരാറിന്റെ സാധുത പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേരളത്തിന്റെ പ്രതീക്ഷ അവിടെയാണ്.
സെപ്തംബര്‍ 30ന് ഹര്‍ജി പരിഗണിക്കും മുന്‍പ്, കരാറിനെതിരായ പരമാവധി തെളിവുകള്‍ ഹാജരാക്കുകയാണ് കേരളം ചെയ്യേണ്ടത്. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ ഈ രണ്ട് ആവശ്യമുയര്‍ത്തി, തമിഴ്നാടിനെ പിണക്കാതെയുള്ള പരിഹാരവുമാണ് മലയാളി മനസിലെ ജലബോംബ് അണയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.