ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ അവകാശ ലംഘനത്തിന് രാജ്യസഭയില്‍ പരാതി. സന്തോഷ് കുമാര്‍ എം പി യാണ് പരാതി നല്‍കിയത്. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.

ഉരുള്‍പൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്ന് നോട്ടീസില്‍ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശ ലംഘനമാണെന്നും ഇതില്‍ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നല്കിയിട്ടുണ്ട്.

മൂന്ന് തവണ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയിലും രാജ്യസഭയിലും വ്യക്തമാക്കിയത്. കഴിഞ്ഞ 18, 23, 25 തീയതികളില്‍. 26ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും , ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

മണ്ണിടിച്ചില്‍ സാധ്യത കണ്ട് തന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഡിആര്‍എഫിന്റെ 9 സംഘത്തെ അവിടേക്ക് അയച്ചതെന്നും കേരളം എന്ത് ചെയ്‌തെന്നും അമിത് ഷാ ചോദിച്ചു.ദുരന്തമേഖലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് കേന്ദ്രം നല്‍കിയിരുന്നതെന്നും അപകമുണ്ടായ ശേഷമാണ് റെഡ് അലേര്‍ട്ട് വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വയനാട് വിഷയത്തില്‍ സിപിഎമ്മും പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയിരുന്നു. വി.ശിവദാസനാണ് (സിപിഎം) നോട്ടിസ് നല്‍കിയത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങളാണ് അമിത് ഷാ രാജ്യസഭയില്‍ നല്‍കിയതെന്നു കാട്ടി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നല്‍കിയതിനു പിന്നാലെയാണിത്.

കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന മട്ടിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഈ വാദം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു. സിപിഎമ്മിന്റെ രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ.റഹീം, വി.ശിവദാസന്‍ എന്നിവര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി രാജ്യസഭാധ്യക്ഷനു കത്തും നല്‍കിയിരുന്നു.