- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പുതിയ പാർലമെന്റ് മന്ദിരം, ചരിത്രപരമായ തുടക്കം! ആദ്യബിൽ, രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബിൽ; ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും; നാളെ പാസ്സാക്കും; വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും; ഓരോ മണ്ഡലത്തിലും മൂന്നിൽ ഒരു തവണ വനിത പ്രാതിനിധ്യം
ന്യൂഡൽഹി: പുതിയ മന്ദിരം ഇനി 'ഇന്ത്യയുടെ പാർലമെന്റ്' എന്നറിയപ്പെടുമെന്ന് ഔദ്യോഗിക വിജ്ഞാപനം. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്നു മുതൽ ഈ മന്ദിരത്തിലാകും പാർലമെന്റ് സമ്മേളനം. വനിതാ സംവരണ ബിൽ പുതിയ പാർലമെന്റിലെ ആദ്യ ബിൽ ആകുമെന്നാണ് സൂചന. ബിൽ ഇന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിക്കുമെന്നാണു സൂചന.
രാജ്യം ഉറ്റുനോക്കുന്ന വനിത സംവരണ ബിൽ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തി. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും ഇത്. നാളെ ലോക്‌സഭ ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയിൽ ചർച്ച നടക്കും. വനിത സംവരണ ബിൽ കോൺഗ്രസിന്റെതെന്ന് സോണിയ ഗാന്ധി രാവിലെ അവകാശപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ബില്ലെന്ന് എംപി രഞ്ജീത്ത് രഞ്ജനും പറഞ്ഞു. കോൺഗ്രസാണ് ബിൽ ആദ്യം കൊണ്ടുവന്നത് .2010 ൽ മാർച്ചിൽ രാജ്യസഭയിൽ ബിൽ പാസാക്കി. ഒൻപതര വർഷമായി ബിജെപി അധികാരത്തിൽ വന്നിട്ട്, എങ്കിലും തെരഞ്ഞെടുപ്പിന് മുൻപ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് മാത്രമാണ് ബിൽ കൊണ്ട് വരുന്നതെന്നും രഞ്ജീത്ത് രഞ്ജൻ ആരോപിച്ചു.
പുതിയ മന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമായത്. പഴയ മന്ദിരത്തിലെ അവസാന സമ്മേളന ദിനവുമായിരുന്നു ഇന്നലെ. ഭാരതത്തിന്റെ ആത്മാവിന്റെ ശബ്ദം ഇവിടെ മുഴങ്ങുമെന്നും 50 വർഷം കഴിഞ്ഞ് ഇവിടെ വരുന്നവർക്കും അത് അനുഭവപ്പെടുമെന്നും മോദി പറഞ്ഞു.
രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ എടുത്തു. ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി നർഹരി അമിൻ ആണു കുഴഞ്ഞുവീണത്. ഫോട്ടോ സെഷനുശേഷം സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നിവർ പങ്കെടുക്കുന്നുണ്ട്.
ഉച്ചയ്ക്ക് പുതിയ മന്ദിരത്തിൽ സമ്മേളനം ആരംഭിക്കും. എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, പുതിയ മന്ദിരത്തിന്റെ സ്മരണികയായി നാണയം, സ്റ്റാംപുകൾ, പുതിയ മന്ദിരത്തിന്റെ വിവരങ്ങളടങ്ങിയ ലഘുലേഖ എന്നിവ നൽകും. ഭരണഘടനയുടെ പകർപ്പുമായി പഴയ മന്ദിരത്തിൽനിന്ന് പുതിയതിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും എംപിമാരും അനുഗമിക്കും. ഉച്ചയ്ക്കു 1.15ന് ലോക്‌സഭയും 2.15ന് രാജ്യസഭയും ചേരും.
വനിത സംവരണ ബിൽ പാസ്സായാൽ
കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവരുന്നത്.
നിലവിൽ വനിതാ എംപിമാർ ലോക്സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം പത്ത് ശതമാനത്തിൽ താഴെയുമാണ്. 27 വർഷമായി സംവരണ ബില്ല് ചർച്ചയാണെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ അന്തിമ ചുവട് വെക്കാൻ സാധിച്ചിട്ടില്ല. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുള്ള ബിൽ 2010-ൽ രാജ്യസഭ പാസാക്കിയതാണ് അവസാനത്തെ പ്രധാന സംഭവ വികാസം. എന്നാൽ ലോക്സഭയിൽ പരാജയപ്പെട്ടതോടെ ബിൽ അസാധുവായി.
ബിജെപിയും കോൺഗ്രസും ബില്ലിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും, മറ്റ് പാർട്ടികളുടെ എതിർപ്പും വനിതാ ക്വാട്ടയ്ക്കുള്ളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന ചിലരുടെ ആവശ്യങ്ങളുമാണ് പ്രധാന തടസ്സങ്ങളായി ഉയർന്ന് വന്നത്. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരുന്നതിനും പാസാക്കുന്നതിനുമായി ഞായറാഴ്ച പല പാർട്ടികളും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ 'ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും' എന്ന് സർക്കാർ അറിയിച്ചു.
നിലവിലെ ലോക്സഭയിൽ 78 വനിതാ അംഗങ്ങൾ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റുമായി പങ്കുവെച്ച കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം.
2022 ഡിസംബറിലെ സർക്കാർ കണക്കുകൾ പ്രകാരം ബീഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10-12 ശതമാനം വനിതാ എംഎൽഎമാരുണ്ട്. ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവടങ്ങളിലും യഥാക്രമം 14.44, 13.7, 12.35 ശതമാനവും വനിതാ എംഎൽഎമാരുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ബി ജെ ഡിയും ബി ആർ എസും ഉൾപ്പെടെ നിരവധി പാർട്ടികൾ ബിൽ പുനരുജ്ജീവിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന ഹൈദരാബാദ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസും ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. മൂന്നിലൊന്ന് സംവരണം സ്ത്രീകൾക്ക് ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്ന് തെരഞ്ഞെടുപ്പുകൾക്ക് ശേഷം എല്ലാ മണ്ഡലങ്ങളും ഒരിക്കൽ സംവരണം ചെയ്യപ്പെടുന്ന രീതിയിലാണ് ബിൽ വരുന്നതെന്നും സൂചനയുണ്ട്.
2008-2010-ലെ ശ്രമം പരാജയപ്പെട്ടതിന് മുമ്പ്, 1996, 1998, 1999 വർഷങ്ങളിൽ സമാനമായ ഒരു ബിൽ സംബന്ധിച്ച ചർച്ചയും ഉയർന്ന് വന്നിരുന്നു. ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതി 1996ലെ ബിൽ പരിശോധിച്ച് ഏഴ് ശുപാർശകളും നൽകി. ഇതിൽ അഞ്ചെണ്ണം 2008-ലെ ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ