- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ചരിത്രദിനം! വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ; കേന്ദ്ര നിയമമന്ത്രി അവതരിപ്പിച്ചത് 128ാം ഭരണഘടനാ ഭേദഗതിയായി; 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംവരണം നടപ്പിലാകില്ല
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ 128ാം ഭരണഘടനാ ഭേദഗതിയായാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ. ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും.
ബിൽ അവതരണത്തിനു മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്‌ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു. നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞു പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു. കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജ്വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ ലോക്‌സഭയിലെത്തിയില്ല.
മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ഇതോടെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയിൽ 46 വനിതാ എംഎൽഎ മാർ ഉണ്ടാകും. നിലവിലെ സഭയിൽ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും. ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ആറ് പേർ വനിതകൾ ആയിരിക്കും.
നിയമനിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബിൽ. അതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകൾ ചാക്രിക ക്രമത്തിൽ മാറും. യു.പി.എ. ഭരണകാലത്ത് 2008-ൽ കൊണ്ടുവന്ന ബിൽ 2010-ൽ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവർഷത്തിലേറെയായിട്ടും ബിൽ ലോക്‌സഭയിൽ വന്നില്ല.
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം തുറന്നത്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.സ്പീക്കർ ഓം ബിർല ലോക്സഭ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു.
പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു പ്രധാനമന്ത്രി തുടർന്ന് ലോക്സഭയിൽ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിതാ സംവരണ ബിൽ നാളെ ചർച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയിൽ വനിത ബില്ലിൽ ചർച്ച നടക്കും.
പഴയ പാർലമെന്റ് മന്ദിരം ഇനി ഭരണഘടന മന്ദിരം ('സംവിധാൻ സദൻ') എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നു.,പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി ആശംസിച്ചു.
അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്. രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ എടുത്തിരുന്നു.
ഫോട്ടോ സെഷനുശേഷം സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം. പുതിയ മന്ദിരത്തിൽ എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, സ്മരണികയായി നാണയം, സ്റ്റാംപുകൾ തുടങ്ങിയവ സമ്മാനമായി നൽകും.
കാത്തിരുന്ന വനിതാ സംവരണം
ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലോക്സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവരുന്നത്.
നിലവിൽ വനിതാ എംപിമാർ ലോക്‌സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം പത്ത് ശതമാനത്തിൽ താഴെയുമാണ്. 27 വർഷമായി സംവരണ ബില്ല് ചർച്ചയിലുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ അന്തിമ ചുവട് വെക്കാൻ സാധിച്ചിരുന്നില്ല. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുള്ള ബിൽ 2010-ൽ രാജ്യസഭ പാസാക്കിയതാണ് അവസാനത്തെ പ്രധാന സംഭവ വികാസം. എന്നാൽ ലോക്‌സഭയിൽ പരാജയപ്പെട്ടതോടെ ബിൽ അസാധുവായി.
ബിജെപിയും കോൺഗ്രസും ബില്ലിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും, മറ്റ് പാർട്ടികളുടെ എതിർപ്പും വനിതാ ക്വാട്ടയ്ക്കുള്ളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന ചിലരുടെ ആവശ്യങ്ങളുമാണ് പ്രധാന തടസ്സങ്ങളായി ഉയർന്ന് വന്നത്.
കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റുമായി പങ്കുവെച്ച കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം.
2022 ഡിസംബറിലെ സർക്കാർ കണക്കുകൾ പ്രകാരം ബീഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10-12 ശതമാനം വനിതാ എംഎൽഎമാരുണ്ട്. ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവടങ്ങളിലും യഥാക്രമം 14.44, 13.7, 12.35 ശതമാനവും വനിതാ എംഎൽഎമാരുണ്ട്.
ബി ജെ ഡിയും ബി ആർ എസും ഉൾപ്പെടെ നിരവധി പാർട്ടികൾ ബിൽ പുനരുജ്ജീവിപ്പിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന ഹൈദരാബാദ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസും ഇത് സംബന്ധിച്ച പ്രമേയം പാസാക്കി.
2008-2010-ലെ ശ്രമം പരാജയപ്പെട്ടതിന് മുമ്പ്, 1996, 1998, 1999 വർഷങ്ങളിൽ സമാനമായ ഒരു ബിൽ സംബന്ധിച്ച ചർച്ചയും ഉയർന്ന് വന്നിരുന്നു. ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതി 1996ലെ ബിൽ പരിശോധിച്ച് ഏഴ് ശുപാർശകളും നൽകി. ഇതിൽ അഞ്ചെണ്ണം 2008-ലെ ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ