ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രം ശേഷിക്കെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. വമ്പൻ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ പത്ത് വർഷത്തെ മോദി സർക്കാരിന്റെ ഭരണനേട്ടം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. 58 മിനിറ്റ് ആയിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യം. നിർമലയുടെ ബജറ്റ് അവതരണത്തിൽ ഏറ്റവും ദൈർഘ്യംകുറഞ്ഞതും ഇതാണ്. 

കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ൽ,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ൽ രണ്ട് മണിക്കൂറും 42 മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. ദീർഘമായി അവർ ബജറ്റ് അവതരിപ്പിച്ചത് 2020-ൽ ആണ്. 2019-ൽ ഇത് രണ്ടുമണിക്കൂറും 20 മിനിറ്റുമായിരുന്നു. മുഴുവൻ സമയം ധനമന്ത്രിയായ ഒരു വനിത അവതരിപ്പിക്കുന്ന ആദ്യ കേന്ദ്രബജറ്റെന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ടായിരുന്നു.

2021-ൽ ഒരുമണിക്കൂർ 40 മിനിറ്റും 2022-ൽ ഒരുമണിക്കൂർ 31 മിനിറ്റുമാണ് നിർമലയുടെ ബജറ്റ് അവതരണം നീണ്ടത്. കഴിഞ്ഞ വർഷം ഇത് 1 മണിക്കൂർ 27 മിനിറ്റായിരുന്നു. ആ ബജറ്റിലെ 87 മിനിറ്റ് ആയിരുന്നു നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിൽ ഏറ്റവും ദൈർഘ്യംകുറഞ്ഞത്.

ഉപയോഗിച്ച വാക്കുകളുടെ എണ്ണം പരിഗണിച്ചാൽ, ഏറ്റവും വലിയ ബജറ്റ് പ്രസംഗം 1991-ൽ മന്മോഹൻസിങിന്റെതായിരുന്നു. 18650 വാക്കുകളാണ് അന്ന് അദ്ദേഹം ഉപയോഗിച്ചത്. അരുൺ ജെയ്റ്റ്ലി 2018-ൽ അവതരിപ്പിച്ച ബജറ്റാണ് പട്ടികയിൽ രണ്ടാമത്. 1977-ൽ ഹിരുഭായ് മുൽജിഭായ് പട്ടേൽ നടത്തിയ അവതരണമാണ് വാക്കുകളുടെ എണ്ണത്തിൽ ഏറ്റവും ചെറുത്. വെറും 800 വാക്കുകൾ മാത്രം.

ഏറ്റവും കൂടുതൽതവണ കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി എന്ന റെക്കോർഡ് നിലവിൽ മൊറാർജി ദേശായിയുടെ പേരിലാണ്. 1962 മുതൽ 1969 വരെ ധനമന്ത്രിയായിരുന്ന അദ്ദേഹം 10 ബജറ്റുകളാണ് അവതരിപ്പിച്ചത്. പി. ചിദംബരം ഒമ്പത്, പ്രണബ് മുഖർജി, യശ്വന്ത് സിൻഹ എന്നിവർ എട്ട്, മന്മോഹൻ സിങ് ആറ് എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ കണക്ക്.

ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് മോദി സർക്കാരിന്റെ സാമ്പത്തിക പ്രകടനപത്രികയായാണ് കാണുന്നത്. നടപ്പുവർഷത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5.8 ശതമാനമായി കുറഞ്ഞതിനെത്തുടർന്ന് 2024/25 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 5.1% ആയി കുറയ്ക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.

ഏപ്രിൽ 1 ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ ധന ഏകീകരണത്തിനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത സീതാരാമൻ ഊന്നിപ്പറഞ്ഞു. ജിഡിപിയുടെ 5.1% എന്ന താഴ്ന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിനും മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനും പുതിയ ക്ഷേമ നയങ്ങൾ നടപ്പിലാക്കുന്നതിനും ഇത് സഹായകമാകും

അതേ സമയം കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. ബജറ്റിൽ നിർമല സീതാരാമന്റേത് അവ്യക്തമായ ഭാഷയാണെന്നും കൃത്യമായ കണക്കുകളില്ലെന്നും ശശി തരൂർ വിമർശിച്ചു. ബജറ്റ് പ്രസംഗം ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരുന്നു. കാര്യമായ വിവരങ്ങൾ ഇല്ലാത്തതാണ് രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റെന്നും തരൂർ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു ഇത്. കാര്യമായ പ്രഖ്യാപനങ്ങളൊന്നും അതിലുണ്ടായില്ല. കൃത്യമായ കണക്കുകൾ ഉൾപ്പെടുത്താതെ പ്രതീക്ഷ, ആത്മവിശ്വാസം എന്നിങ്ങനെ ചില വാക്കുകൾ മാത്രമാണ് ബജറ്റിൽ പറയുന്നത്.

വ്യക്തമായ കണക്കുകൾ ഇല്ലാത്തത് ബജറ്റിനെ നിരാശമാക്കുന്നു. സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തരൂർ പറഞ്ഞു. ബജറ്റിലെ18 ലക്ഷം കോടിയുടെ കമ്മി സർക്കാറിന്റെ കടമെടുപ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ സർക്കാറിന്റെ ധനകമ്മി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.