ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജയിച്ച ഭരണപക്ഷം ഡപ്യൂട്ടി സ്പീക്കർ പദവിയും പ്രതിപക്ഷത്തിന് വിട്ടുനൽകിയേക്കില്ലെന്ന് വിലയിരുത്തൽ. കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം സാധാരണ പ്രതിപക്ഷത്തിനാണ് നൽകാറുള്ളതെങ്കിലും ഇത്തവണ എൻഡിഎയിലെ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം. ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ ഒഴിവാക്കി സഭയെ പൂർണ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഡപ്യൂട്ടി സ്പീക്കറെ ഉടൻ പ്രഖ്യാപിക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിക്കാകും ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുകയെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. വാജ്‌പേയ് സർക്കാരിൽ സ്പീക്കറായിരുന്ന ടിഡിപി എംപി ജിഎംസി ബാലയോഗിയുടെ മകൻ ഹരീഷ് ബാലയോഗിക്കാണ് സാധ്യത കൽപ്പിക്കുന്നത്. ഭരണമുന്നണിയിലെ ഘടകകക്ഷിക്ക് നൽകാനാൻ ബിജെപി നീക്കം തുടങ്ങിയതോടെ സഭയ്ക്കുള്ളിൽ ഒറ്റക്കെട്ടായി പോരാടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

സ്പീക്കർ പദവിയിലേക്ക് ഓം ബിർലയ്ക്കു പിന്തുണ തേടി ബിജെപി പ്രതിപക്ഷത്തെ സമീപിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ തയാറായാൽ ഓം ബിർലയെ പിന്തുണയ്ക്കാൻ തയാറാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. ഇതിനുവഴങ്ങാൻ ബിജെപി തയാറാവാതിരുന്നതോടെ സ്പീക്കർ പദവിയിലേക്കു മത്സരിക്കാൻ പ്രതിപക്ഷം തയാറായി. തങ്ങളെ പരിഗണിക്കാത്ത ഭരണപക്ഷത്തോട് ഒത്തുതീർപ്പിന് തയാറായല്ലെന്ന സൂചനയാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരംഗത്ത് ഇറക്കിയതിലൂടെ പ്രതിപക്ഷം നൽകിയത്.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ അപൂർവമായാണ് സ്പീക്കർ സ്ഥാനത്തേക്കു മത്സരം നടന്നത്. ഇത്തവണ രാജസ്ഥാനിലെ കോട്ടയിൽനിന്നു മൂന്ന് തവണ എംപിയായ ഓം ബിർലയാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞതവണയും ഓം ബിർലയായിരുന്നു സ്പീക്കർ. ആ സമയത്ത പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്തയാളാണ് ബിർല.

സാധാരണഗതിയിൽ സ്പീക്കർ പദവി ഭരണപക്ഷവും ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷവും വഹിക്കുന്നതാണ് കീഴ്‌വഴക്കം. 1990 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രതിപക്ഷമായിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ചിരുന്നത്. ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന 2019ൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഉണ്ടായിരുന്നില്ല.

പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാതിരിക്കാനുള്ള തന്ത്രമായിരുന്നു ബിജെപിയുടെ ഈ നീക്കത്തിനുപിന്നിൽ. എന്നാൽ ഇത്തവണ 232 സീറ്റുകൾ നേടി സർക്കാരുമായി ബലാബലമെന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷം പ്രതീക്ഷിച്ചിരിക്കെയാണ് അക്കാര്യത്തിൽ ഉറപ്പുനൽകാതെയുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്.

കീഴ്‌വഴക്കം പാലിച്ച് സർക്കാർ പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയാൽ ഓം ബിർലയെ സ്പീക്കർ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അതേസമയം ഓം ബിർലയ്ക്ക് വേണ്ടി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ മന്ത്രി രാജ്നാഥ് സിങ്ങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാൻ തയാറായാൽ സ്പീക്കർ സ്ഥാനത്തേക്ക് ബിർലയെ പിന്തുണയ്ക്കാമെന്നായിരുന്നു ഖാർഗെയുടെ മറുപടി.

പാർട്ടിയുമായി ആലോചിച്ച് പിറ്റേദിവസം രാവിലെ 10നുള്ളിൽ മറുപടി അറിയിക്കാമെന്ന് രാജ്നാഥ് സിങ് പറഞ്ഞെങ്കിലും വീണ്ടുമൊരു വിളിയുണ്ടായില്ല. ഇതോടെ സഭയിൽ സൗഹാർദത്തിന് ഭരണപക്ഷം തയാറാല്ലെന്നു വിലയിരുത്തിയാണ് പ്രതിപക്ഷം കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ അവസാന നിമിഷം തീരുമാനമെടുത്തത്.

ഡെപ്യൂട്ടി സ്പീക്കർ

ഭരണഘടനയുടെ 95 (1) അനുച്ഛേദം പ്രകാരം സ്പീക്കർ ഒഴിവാണെങ്കിൽ സ്പീക്കറുടെ പദവി നിർവഹിക്കേണ്ടയാളാണ് ഡെപ്യൂട്ടി സ്പീക്കർ. സഭാധ്യക്ഷനാകുമ്പോൾ സ്പീക്കറുടെ അതേ അധികാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർക്കുമുണ്ട്. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും പെട്ടെന്ന് നിയമിക്കണം. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും പെട്ടെന്ന് തന്നെ ജനങ്ങളുടെ സഭയിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് വകുപ്പ് 93 അനുശാസിക്കുന്നത്. നിയസഭകളിലെ സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കുമുള്ള നിർദേശങ്ങൾ ഭരണഘടനയിലെ 178ാം വകുപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കുന്നതിലെ സമയപരിധി എത്രയാണെന്ന് ഭരണഘടന വ്യക്തമാക്കുന്നില്ല. ഡെപ്യൂട്ടി സ്പീക്കർ നിയമനം വൈകിപ്പിക്കുന്നതിലും ഒഴിവാക്കുന്നതിലും സർക്കാരുകളെ പ്രേരിപ്പിക്കുന്നതും ഈയൊരു വിടവാണ്. അതേസമയം അനുച്ഛേദം 93ലും 178ലും സൂചിപ്പിക്കുന്നത് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നിർബന്ധമാണെന്ന് മാത്രമല്ലെന്നും വേഗത്തിൽ നടത്തണമെന്നുമാണെന്ന് ഭരണഘനാ വിശകലന വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

ലോക്സഭയിലെയും നിയമസഭകളിലെയും സ്പീക്കർ തിരഞ്ഞെടുപ്പ് സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ നടക്കുന്നതാണ് പതിവ്. ആദ്യത്തെ രണ്ട് ദിവസത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം മൂന്നാമത്തെ ദിവസമാണ് പൊതുവെ സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് സാധാരണയായി രണ്ടാമത്തെ സമ്മേളനത്തിലും നടക്കുന്നു. ഒഴിവാക്കാനാകാത്തതും വ്യക്തവുമായ കാരണങ്ങളില്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് രണ്ടാമത്തെ സമ്മേളനത്തിനപ്പുറം വൈകാറില്ല.

ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം എട്ട് പ്രകാരമാണ്. ഇതുപ്രകാരം സ്പീക്കർ നിശ്ചയിക്കുന്ന തീയതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഡെപ്യൂട്ടി സ്പീക്കറുടെ പേര് നിർദേശിച്ച പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞാൽ ആ വ്യക്തിയെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കും. ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടാൽ സഭ പിരിച്ചുവിടുന്നത് വരെ ആ വ്യക്തി തന്നെയായിരിക്കും ഡെപ്യൂട്ടി സ്പീക്കർ.

അതേസമയം 94ാം അനുച്ഛേദം പ്രകാരം ഏതെങ്കിലും അവസരത്തിൽ സ്പീക്കർ അഥവാ ഡെപ്യൂട്ടി സ്പീക്കർ രാജിവെക്കുകയോ, അയോഗ്യനാക്കുകയും ചെയ്താൽ ആ പദവി ഒഴിഞ്ഞുകിടക്കും. ഉദാഹരണമായി ആദ്യ സ്പീക്കറായ ജിവി മാവലങ്കർ തന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അന്തരിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ എം അനന്തശയനമാണ് 1956 മുതൽ 1957 വരെയുള്ള കാലഘട്ടത്തിൽ പ്രവർത്തിച്ചത്. പിന്നീട് രണ്ടാം ലോക്സഭയുടെ സ്പീക്കറായി അയ്യങ്കാർ തിരഞ്ഞെടുക്കപ്പെട്ടു. 13ാം ലോക്സഭയിലെ സ്പീക്കർ തെലുങ്കുദേശം പാർട്ടിയുടെ ബാലയോഗി അന്തരിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന പിഎം സഈദ് രണ്ട് മാസം ആക്ടിങ് സ്പീക്കർ. പിന്നീട് ശിവസേനയിലെ മനോഹർ ജോഷിയെ സ്പീക്കറായി തിരഞ്ഞെടുത്തു.