ന്യൂഡല്‍ഹി: ലോക്സഭയില്‍ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ചര്‍ച്ചയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. ലോക്‌സഭയില്‍ 269 അംഗങ്ങള്‍ ബില്‍ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബില്‍ എന്നിവയാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്നായിരുന്നു കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചത്. വോട്ടെടുപ്പ് നടത്തിയശേഷം ഇന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഓര്‍മപ്പെടുത്തി. ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലഭൂരിപക്ഷം മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോര്‍, ശശി തരൂര്‍ തുടങ്ങിയ എംപിമാര്‍ പറഞ്ഞു.

'ഇന്ന് സഭയില്‍ ഹാജരായത് 461 എംപിമാരാണ്. ഇതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 307 എംപിമാരുടെ പിന്തുണ വേണം. എന്നാല്‍ സര്‍ക്കാരിന് ലഭിച്ചത് 263 വോട്ടുകള്‍ മാത്രമാണ്. പ്രതിപക്ഷത്തിന് 198 വോട്ട് ലഭിച്ചു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നിര്‍ദേശം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു' മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചു.

ശശി തരൂരും സമാനമായ വാദം ഉന്നയിച്ചു. സര്‍ക്കാരിന് ഞങ്ങളേക്കാള്‍ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊരു ഭരണഘടനാഭേദഗതി ബില്ലാണ്. പാസാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് ഇതുമായി അധികകാലം മുന്നോട്ട്പോകാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചകള്‍ക്കായി വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ മന്ത്രിസഭ പരിഗണിച്ചപ്പോള്‍, ഇത് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ തലങ്ങളിലും ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം,' അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

ബില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ സേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സമാജ് വാജി പാര്‍ട്ടിയിലെ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും ഫെഡറല്‍ ഘടനയെയും ഇത് തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.