- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'ഐ ആം അംബേദ്കര്‍' പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ശീതകാല സമ്മേളനത്തിന്റെ അവസാന ദിനത്തിലും പ്രതിപക്ഷ പ്രതിഷേധം; പ്രക്ഷുബ്ദമായി പാര്‍ലമെന്റ്; ലോക്‌സഭ പിരിഞ്ഞു; രാഹുലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എന്‍ഡിഎ
പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ദമായി പാര്‍ലമെന്റ്; ലോക്‌സഭ പിരിഞ്ഞു
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനത്തിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമായി. സഭയ്ക്കകത്ത് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചതോടെ ലോക്‌സഭ പിരിഞ്ഞു. വന്ദേമാതരം കഴിഞ്ഞതും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്.
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ വീണ്ടും പാര്‍ലമെന്റ് സമുച്ചയത്തിലും പ്രതിഷേധമുയര്‍ത്തി. പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് അവഗണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രവേശന കവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു പ്രതിഷേധം.
അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിപക്ഷ എംപിമാര്‍ മാര്‍ച്ച് നടത്തി. 'ഐ ആം അംബേദ്കര്‍' എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി, മുദ്രാവാക്യം മുഴക്കിയാണ് എംപിമാര്‍ നടന്നുനീങ്ങിയത്. പ്രതിപക്ഷ എംപിമാരുടെ ഐക്യം വിളിച്ചോതുന്നതായിരുന്നു പ്രതിഷേധം.
രാഹുല്‍ ഗാന്ധിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ എംപിമാരും ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് പാര്‍ലമെന്റിന് അകത്തേക്ക് ഇരുപക്ഷവും കയറുകയും സഭ തുടങ്ങിയതോടെ വീണ്ടും മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞു. രാജ്യസഭാ നടപടികളും അവസാനിച്ചു.
സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ് രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബിജെപി എംപിമാര്‍ ആക്രമിച്ചെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബിആര്‍ അംബേദ്കറുടെ പേര് ഉപയോഗിക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയെന്ന് അമിത് ഷായുടെ രാജ്യസഭ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴി തുറന്നത്. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍' എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. പകരം ദൈവത്തിന്റെ നാമം ഉപയോഗിച്ചിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നുവെന്നും ഷാ പറഞ്ഞിരുന്നു.
പ്രതിപക്ഷം വസ്തുതകള്‍ വളച്ചൊടിച്ചെന്നും വീഡിയോകളുടെ ചിലഭാഗങ്ങള്‍ മാത്രം ഉപയോഗിച്ചെന്നും അമിത്ഷാ ആരോപിച്ചു. കോണ്‍ഗ്രസും തൃണമൂലും അമിത് ഷാക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. അംബേദ്കര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി അക്രമം നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.