- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്ററി സമിതികളിൽ പ്രതിപക്ഷത്തെ വെട്ടിനിരത്തി കേന്ദ്രം; പ്രധാന സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കി; തരൂരിന് ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം നഷ്ടം; സർക്കാർ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ നടപടി; മോദി ചൈനീസ് ഏകാധിപത്യ രീതികൾ മാതൃകയാക്കുന്നെന്ന് വിമർശനം
ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി തുടർച്ചയായി അധികാരത്തിൽ എത്തിയത് മുതൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ പാർലമെന്ററി സമിതികളിലും വെട്ടിനിരത്താണ് ഉണ്ടായിരിക്കുന്നത്. പ്രധാന പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനങ്ങളിൽ നിന്നെല്ലാം പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കി കൊണ്ടാണ് കേന്ദ്ര സർക്കാർ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
കോൺഗ്രസ്സിന് 2 പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനങ്ങൾ നഷ്ടപ്പെട്ടു. ആഭ്യന്തരം, ഐ.ടി പാർലമെന്റ് സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങളാണ് നഷ്ടമായത്. ഐ.ടി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി ശശി തരൂരിന് പകരം ശിവസേന എംപി പ്രതാപ് റാവു ജാഥവിനെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം മനു അഭിഷേക് സിങ്വിക്ക് നഷ്ടമായി. ബിജെപി അംഗം ബ്രിജ് ലാലാണ് പുതിയ അധ്യക്ഷൻ.
ടി.എം.സിയുടെ പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനവും നഷ്ടമായി. കടുത്ത വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസ്സും രംഗത്ത് വന്നു. ബിജെപിയുടേത് കിരാതമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ്, റഷ്യൻ ഏകാധിപത്യ രീതികൾ മാതൃകയാക്കുകയാണെന്ന് ഗൗരവ് ഗോഗോയ് ആരോപിച്ചു.
നേരത്തെ പാർലമെന്റ് സമിതികൾ നൽകിയ റിപ്പോർട്ടുകളിൽ ചിലത് സർക്കാറിന് തിരിച്ചടിയായിരുന്നു. കോവിഡ് വിഷയത്തിലായിരുന്നു ഒന്ന്. കോവിഡ് പ്രതിരോധം പാളിയെന്നാിരുന്നു ഒരു റിപ്പോർട്ട്. അതുപോലെ പെഗസ്സസ് വിഷയത്തിൽ തരൂർ നയിച്ച ഐ ടി സമിതിയുടെ റിപ്പോർട്ടും സർക്കാറിന് തലവേദന ആയിരുന്നു. രാജ്യത്ത് കോവിഡ് തരംഗങ്ങളുടെ വ്യാപ്തിയും തുടർ വ്യാപനവും മുൻകൂട്ടി മനസിലാക്കി പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പാർലമെന്ററി സ്ഥിരം സമിതി റിപ്പോർട്ടു നൽകിയത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിനുകീഴിലെ സമിതിയാണ് ഗുരുതര വീഴ്ചകൾ എണ്ണമിട്ട് നിരത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് കോവിഡ് രോഗികൾ മരിച്ച സംഭവം മന്ത്രാലയം നിഷേധിച്ചത് ദൗർഭാഗ്യകരമാണ്. ഇത്തരം മരണങ്ങളെ കോവിഡ് അനുബന്ധ രോഗത്തെതുടർന്നുള്ള മരണങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓക്സിജൻ ക്ഷാമ മരണസംഖ്യ, പ്രത്യേകിച്ച് രണ്ടാം തരംഗത്തിലുണ്ടായവ സംസ്ഥാനങ്ങളുമായി സഹകരിച്ച് മന്ത്രാലയം പരിശോധിക്കണമെന്ന് റിപ്പോർട്ട് ശക്തമായി ശുപാർശ ചെയ്തിരുന്നു. കേന്ദ്രം ശ്രദ്ധചെലുത്തിയിരുന്നെങ്കിൽ രണ്ടാംതരംഗത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നായിരുന്നു സമിതി റിപ്പോർട്ട്.
അതേസമയം തുടർച്ചയായി കേന്ദ്രസർക്കാർ കീഴ് വഴക്കങ്ങൾ ലംഘിക്കുന്നതിനെതിരെ ശശി തരൂരും രംഗത്തുവന്നിരുന്നു. ചർച്ചകൾ പരിമിതപ്പെടുത്തി ബില്ലുകൾ പാസാക്കി വിടുന്ന സർക്കാർ ശീലവും ബഹളങ്ങളും മാറ്റിവയ്ക്കലുകളും ഒക്കെക്കൂടി പാർലമെന്റ് ഏതാണ്ട് പ്രവർത്തനരഹിതമാകുന്ന കാലമാണിത്. ആ കാലത്തിന് മാന്യമായ ഒരപവാദമാണ് വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥിരസമിതികൾ. ഈ 24 കമ്മിറ്റികളിലാണ് 8 എണ്ണത്തിന്റെ അധ്യക്ഷർ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളാണ്.
ഐടിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതിയുടെ അധ്യക്ഷസ്ഥാനം കീഴ്‌വഴക്കങ്ങൾ ലംഘിച്ച് ഏകപക്ഷീയമായി കോൺഗ്രസിൽ നിന്നെടുത്തുമാറ്റിയ ബിജെപി നടപടി അതിശയിപ്പിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഏതു പാർട്ടി അധികാരത്തിലിരുന്നാലും അവർ പാലിച്ചുകൊണ്ടിരുന്ന വഴക്കങ്ങളാണ് സർക്കാർ അട്ടിമറിച്ചതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.
സമിതിയുടെ നേതൃത്വം സർക്കാരിന്റെ വരുതിയിലാക്കുകയും അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്ന അധ്യക്ഷനെ ഒഴിവാക്കുകയും ചെയ്യുകയാണു ലക്ഷ്യമെന്നു വ്യക്തം. വിവിധ പാർട്ടികളിൽപെട്ട അഞ്ചു സഹപ്രവർത്തകർ ഇതിനെതിരെ സ്പീക്കർക്കു കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. അവരെടുത്ത നിലപാടും എന്നിൽ അവർക്കുള്ള വിശ്വാസവും എന്നെ വല്ലാതെ സ്പർശിക്കുന്നതായിരുന്നു. പക്ഷേ, അവർക്ക് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല എന്നാണറിവ്. എന്റെ സ്ഥാനനഷ്ടത്തിനപ്പുറം, മറ്റു പല കാരണങ്ങളാൽ സർക്കാരിന്റെ നീക്കം അസ്വാസ്ഥ്യജനകമാണ്. രാജ്യസഭയിൽ ആഭ്യന്തര വകുപ്പ് സമിതിയുടെ അധ്യക്ഷസ്ഥാനം കോൺഗ്രസിൽനിന്നെടുത്തു മാറ്റിയപ്പോൾ പറഞ്ഞ ന്യായം അവിടെ കോൺഗ്രസിനു നാമമാത്രമായ അംഗങ്ങളേയുള്ളൂ എന്നാണ്.
എന്നാൽ, ലോക്‌സഭയിലെ കാര്യം അങ്ങനെയല്ല. സ്ഥിരസമിതികൾ രൂപീകരിക്കപ്പെട്ടശേഷം കോൺഗ്രസിനു ലോക്‌സഭയിൽ ഒരു എംപി കൂടി അധികമായുണ്ടായി. ഒരു വിശദീകരണത്തിനുപോലും കൂട്ടാക്കാതെയുള്ള ഈ നീക്കത്തിലൂടെ സർക്കാരിന്റെ യഥാർഥ ഉദ്ദേശ്യമെന്തെന്ന ചോദ്യം ഉയരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ