- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷം വേണം; ബില്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്; ഹാജരാകാതിരുന്ന 20 ലധികം ബിജെപി എംപിമാര്‍ക്ക് നോട്ടീസ്; 77 വട്ടം ഭരണഘടന ഭേദഗതി ചെയ്ത കോണ്‍ഗ്രസിന് ബില്ലിനെ എതിര്‍ക്കാനാവില്ലെന്ന് അമിത്ഷാ
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍ പാസാകുമോ?
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് 77 തവണ ഭരണഘടന മാറ്റുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന നിബന്ധന വയ്ക്കുകയും ചെയ്യാമെങ്കില്‍, ഭരണഘടന ഭേദഗതി ആവശ്യമെന്ന പേരില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ എതിര്‍ക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ലോക്‌സഭയില്‍ നിയമമന്ത്രി ബില്‍ അവതരിപ്പിച്ച ശേഷം രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധി 19 എ വകുപ്പ് കൊണ്ടുവന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ആണെന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അമിത് ഷാ പറഞ്ഞു.
ഭരണഘടനാ ശില്‍പിയായ ബി ആര്‍ അംബേദ്കറെ ഉദ്ധരിച്ച് കൊണ്ട് ' ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അതിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നവര്‍ക്ക് നല്ല ഉദ്ദേശ്യമില്ലെങ്കില്‍ ദോഷമായി ഭവിക്കുമെന്ന് ' -അമിത്ഷാ പറഞ്ഞു. 129 ാമത് ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് അവതരിപ്പിച്ചത്.
രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ചതും സമഗവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് പറഞ്ഞ അമിത് ഷാ ബിജെപി രാജ്യത്തെ ശക്തമാക്കാനാണ് 16 തവണയായി ഭേദഗതി കൊണ്ടുവന്നതെന്നും പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ രൂപപ്പെട്ടപ്പോള്‍ പലരും രാജ്യം തകരുമെന്ന് കളിയാക്കിയെന്ന് അദ്ദേഹം പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലുള്ളവരുടെ പ്രവര്‍ത്തനഫലമായാണ് രാജ്യം ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ബ്രിട്ടനും ഇപ്പോള്‍ ഇന്ത്യക്ക് പിറകിലാണ്. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്.
കോണ്‍ഗ്രസ് ഭരണഘടനയുടെ അന്തസ്സ് ഹനിക്കും വിധം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഭേദഗതി തന്നെ ഇതിനായാണ്. കോണ്‍ഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തു. ബിജെപി ഭരണഘടന ഭേദഗതി ചെയ്ത് വനിതാ സംവരണം കൊണ്ടുവരുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ചതാണത്. സുപ്രീം കോടതിക്ക് വോട്ട് ബാങ്കുണ്ടോ? മുത്തലാഖ് റദ്ദാക്കിയതും വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ വരുത്തിയതും ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ രാജ്ഞിയുടെ വാച്ചിലെ സമയത്തിനനുസരിച്ച് വൈകീട്ടത്തെ ബജറ്റ് അവതരണം മാറ്റാന്‍ പോലും കോണ്‍ഗ്രസിന് പറ്റിയില്ല. രാഹുല്‍ ഗാന്ധി 'വിലകുറഞ്ഞ പബ്ലിസിറ്റി'ക്ക് വേണ്ടിയാണ് ഭരണഘടനയെ ഉപയോഗിക്കുന്നത്. ഭരണഘടന കൈയ്യില്‍ വെച്ച് കോണ്‍ഗ്രസ് കള്ളം പറയുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ജയിലിലായവരുടെ പാര്‍ട്ടികള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇപ്പോള്‍ ആരോടൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരെന്ന് ചോദിച്ച് അദ്ദേഹം ഇടതുപക്ഷത്തെ പരിഹസിച്ചു. അടിയന്തരാവസ്ഥ കാലത്ത് പാട്ടുകള്‍ പോലും കോണ്‍ഗ്രസ് നിരോധിച്ചു. ഇവരാണ് ജനാധിപത്യത്തെ പറ്റി പറയുന്നത്. ഇന്ദിരാ ഗാന്ധിക്കെതിരെ എഴുതിയ ദുഷ്യന്ത് കുമാറിന്റെ കവിത സഭയില്‍ വായിച്ച് കൊണ്ടാണ് അമിത് ഷാ വിമര്‍ശനം ഉന്നയിച്ചത്.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭരണഘടനയെ തകിടം മറിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, സര്‍ക്കാര്‍ ആ ആരോപണം നിഷേധിക്കുന്നു.
മൂന്നില്‍ രണ്ടുഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ്
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ഓര്‍മ്മപ്പെടുത്തി. 461 വോട്ടുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. കേന്ദ്ര സര്‍ക്കാരിന് 269 വോട്ട് മാത്രമേ നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. പ്രതിപക്ഷത്തിന് 198 വോട്ടുകളുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പരാജയപ്പെട്ടിരിക്കുന്നു'- മാണിക്കം ടാഗോര്‍ എക്‌സില്‍ കുറിച്ചു.
ഇതേ വാദം തന്നെയാണ് കോണ്‍ഗ്രസ് എംപി ശശി തരൂരും ഉന്നയിച്ചത്. സര്‍ക്കാരിന് പ്രതിപക്ഷത്തേക്കാള്‍ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തിലും അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊരു ഭരണഘടന ഭേദഗതി ബില്ലാണ്. പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് തന്നെ ഇതുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനുള്ള 129ാം ഭരണഘടന ഭേദഗതി ബില്‍ ഇന്നലെ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. സര്‍ക്കാരിന് കേവല ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ പാസാക്കുക എളുപ്പമല്ല. അഞ്ച് ഭരണഘടനാ വകുപ്പുകളില്‍ ഭേദഗതി വേണം. ഇരു സഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പാസാക്കണം. മൂന്നില്‍ രണ്ട് നിയമസഭകളും അംഗീകരിക്കണം. നിയമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി ഉള്‍പ്പെടുന്നതിനാലാണ് നിയമസഭകളുടെ അംഗീകാരം വേണ്ടിവരുന്നത്. നീക്കം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഇടതു കക്ഷികള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.
20 ലധികം ബിജെപി എംപിമാര്‍ ഹാജരായില്ല
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള ഭരണഘടനാ ഭേദഗതി 'ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിക്കുമ്പോള്‍ ലോക്സഭയില്‍ ഹാജരാകാതിരുന്ന പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നോട്ടീസയക്കും. ബില്‍ ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചോള്‍ 20 ലധികം ബിജെപി എംപിമാര്‍ ഹാജരുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.
സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസംതന്നെ ബിജെപി പാര്‍ട്ടി എംപിമാര്‍ വിപ്പ് നല്‍കിയിരുന്നു.