ന്യൂഡൽഹി: ലോക്‌സഭയിൽ തങ്ങളുടെ സീറ്റുകൾ കൂടിയതോടെ, എൻഡിഎയുമായി ബലാബലം നോക്കാൻ ഉറച്ച് ഇന്ത്യ സഖ്യം. 18 ാമത് ലോക്‌സഭയിൽ തങ്ങൾക്ക് ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ, സ്പീക്കർ പദവിക്കായി മത്സരിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ. ഇന്ത്യ ടുഡേ ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ജൂൺ 24 നാണ് ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നത്. ജൂലൈ മൂന്നിന് അവസാനിക്കും. 9 ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ, സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26 ന് നടക്കും.

17 ാമത് ലോക്‌സഭയിൽ ബിജെപിയുടെ ഓം ബിർലയായിരുന്നു സ്പീക്കർ. ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടന്നു. ഇന്ത്യ സഖ്യം 233 സീറ്റിൽ ജയിച്ചുകയറിയതോടെ, പ്രതിപക്ഷ പാർട്ടികൾ വർദ്ധിച്ച ഉത്സാഹത്തിലാണ്. തുടർച്ചയായി മൂന്നാം ഊഴത്തിലും മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിച്ചെങ്കിലും, യുപി, രാജസ്ഥാൻ, ഹരിയാന അടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ക്ഷീണമായി.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുന്നണി സർക്കാർ അതിന്റെ യഥാർഥ അർഥത്തിൽ നിലവിൽ വന്നതോടെ, ടിഡിപി അടക്കമുള്ള സഖ്യകക്ഷികൾ സ്പീക്കർ പദവിയിൽ കണ്ണുവച്ചിരിക്കുകയാണ്. എന്നാൽ, സ്പീക്കർ പദവി വിട്ടുകൊടുക്കാൻ ആവില്ലെന്ന് ബിജെപിയും ഉറച്ചിരിക്കുകയാണ്.

ഭരണകക്ഷിയുടെയോ ഭരണ മുന്നണിയുടെയോ ലോക്‌സഭയിലെ കരുത്തിന്റെയും, നിയന്ത്രണത്തിന്റെയും പ്രതീകമായാണ് സ്പീക്കർ പദവിയെ കണക്കാക്കുന്നത്. സ്പീക്കറിനൊപ്പം, ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുക ഡപ്യൂട്ടി സ്പീക്കറായിരിക്കും.

ലോക്‌സഭാ സ്പീക്കർ പാർലമെന്റിന്റെ സംയുക്ത സിറ്റിങ്ങിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നയാളാണ്. ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് നിർണയിക്കുന്നതും സ്പീക്കറാണ്. ലോക്‌സഭാ കമ്മിറ്റിയും സ്പീക്കറുടെ അദ്ധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്. ഭരണഘടനപ്രകാരം ഡപ്യൂട്ടി സ്പീക്കറുടേത് സ്വതന്ത്ര ഓഫീസാണ്. അത് സ്പീക്കർക്ക് വിധേയമായല്ല പ്രവർത്തിക്കുന്നത്.