- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പ്രതിപക്ഷത്തിന്റെ ശ്രദ്ധ മണിപ്പൂർ വിഷയത്തിൽ മാത്രം! രാജ്യത്തെ ജനങ്ങളെ മുഴുവൻ ബാധിക്കുന്ന പല ബില്ലുകളിലും ചർച്ച കൂടാതെ പാസാക്കിയെടുത്തു കേന്ദ്രം; പാർലമെന്റിലെ ബഹളങ്ങൾ ഗുണമാകുന്നത് ഭരണ മുന്നണിക്ക് തന്നെ; ചർച്ചകളിൽ പങ്കെടുത്ത് പാർലമെന്ററി പ്രവർത്തനം ഉജ്ജ്വമാക്കിയ ചരിത്രമുള്ള ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും കടുത്ത നിരാശയിൽ
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിലേക്ക് മാത്രമായി പ്രതിപക്ഷം ശ്രദ്ധ ഊന്നുമ്പോൾ അതിന്റെ ഗുണഭോക്താക്കലായി മാറുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. മണിപ്പൂർ വിഷയത്തിൽ മാത്രം ഉന്നിയാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ പ്രവർത്തിച്ചത്. ബഹളവും ഇറങ്ങിപ്പോക്കും സസ്‌പെൻഷനുമെല്ലാം ആയപ്പോൾ പ്രതിപക്ഷത്തിന് തന്നെയാണ് ഇക്കാര്യത്തിൽ നഷ്ടം സംഭവിച്ചത്. പാർലമെന്റിൽ അപ്പംചുടുന്നതും പോലെ ബില്ലുകൾ പാസാക്കാൻ കേന്ദ്രസർക്കാറിന് ശൂന്യമായ പ്രതിപക്ഷ ബെഞ്ചുള്ളപ്പോൾ സാധിച്ചു.
യാതൊരു വിധ എതിർപ്പുകളും ഉയരാതെയാണ് രാജ്യത്തെ ജനങ്ങളെ മുഴുവൻ ബാധിക്കുന്ന ബില്ലുകൾ പാർലമെന്റിൽ പാസാക്കിയെടുത്തത്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തു തന്നെ തന്ത്രപരമായ പിഴവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ക്രിമിനൽ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷം ഉണ്ടായിരുന്നില്ല. സുപ്രധാനമായ ഇത്തരം ബില്ലുകൾ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഇല്ലാത്ത അവസ്ഥ അവരുടെ തന്നെ അവസരങ്ങൾ പാഴാക്കി കളയലാണ്. പാർലമെന്റിൽ ചർച്ചകൾ നടക്കുമ്പോൾ അതിൽ സജീവമായി ഇടപെടുന്ന ശശി തരൂരും എൻ കെ പ്രേമചന്ദ്രനും പോലുള്ളവരും ഇക്കാര്യത്തിൽ കടുത്ത നിരാശയിലാണ്. ചർച്ചകൾ വേണമെന്ന പക്ഷക്കാരാണ് ഇവർ.
അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ അപ്രതീക്ഷിതമായി പുതിയ ബില്ലുകൾ കൊണ്ടുവന്ന് അവസാനദിവസവും കേന്ദ്രസർക്കാർ അവസരം മുതലാക്കി. വർഷകാലസമ്മേളനത്തിൽ ലോക്‌സഭ പ്രവർത്തിച്ചത് 63 ശതമാനം. രാജ്യസഭ 45 ശതമാനം. നവംബറിൽചേരുന്ന ശീതകാലസമ്മേളനം പുതിയമന്ദിരത്തിലാകുമെന്നാണ് സൂചനകൾ.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിലെത്തി സംസാരിക്കണമെന്നാവശ്യപ്പെട്ട് ആദ്യദിനംമുതൽ സഭ പ്രതിപക്ഷപ്രതിഷേധത്തിൽ മുങ്ങി. എന്നാൽ, പ്രധാനമന്ത്രി സഭയിൽ എത്തിയത് അവസാന രണ്ടുദിവസങ്ങളിൽ. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ ചർച്ചയ്ക്ക് മറുപടിപറയാൻ വ്യാഴാഴ്ച വൈകീട്ടും സഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് വെള്ളിയാഴ്ചയും. ചരിത്രത്തിലാദ്യമായി പ്രതിപക്ഷത്തെ മുഖ്യപാർട്ടിയുടെ കക്ഷിനേതാവിനെ സസ്പെൻഡ് ചെയ്തതിനും സഭ സാക്ഷ്യംവഹിച്ചു.
പ്രതിപക്ഷബഹളത്തിന്റെ മറവിൽ ഒട്ടേറെ ബില്ലുകൾ സർക്കാർ അനായാസം പാസാക്കിയെടുത്തു. ലോക്‌സഭ 22 ബില്ലുകളും രാജ്യസഭ 25 ബില്ലുകളും പാസാക്കി. ഡൽഹി ബിൽ, ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ബിൽ, കടൽമത്സ്യകൃഷി ഭേദഗതിബിൽ, ബഹുസംസ്ഥാന സഹകരണസംഘം ബിൽ, ജൈവവൈവിധ്യസംരക്ഷണ ഭേദഗതി ബിൽ, ധാതുലവണ ഖനനബിൽ, കടൽഖനന ബിൽ, വനസംരക്ഷണ ഭേദഗതിബിൽ, ഐ.ഐ.എം. ബിൽ തുടങ്ങിയ വിവാദബില്ലുകൾ ചർച്ചകൂടാതെ പാസാക്കിയെടുക്കാൻ കേന്ദ്രത്തിനുകഴിഞ്ഞു. നേരത്തേ, പലവട്ടം എതിർപ്പുയർത്തിയ ഈ ബില്ലുകളിൽ ഭേദഗതികൾ നിർദേശിക്കാനും പ്രതിപക്ഷ അംഗങ്ങൾക്ക് കഴിഞ്ഞില്ല.
ഇതേച്ചൊല്ലി പ്രതിപക്ഷപാർട്ടികൾക്കിടയിൽത്തന്നെ അസ്വസ്ഥതകൾ പുകഞ്ഞിരുന്നു. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കണമെന്ന പക്ഷക്കാരായിരുന്നു. എന്നാൽ, മണിപ്പൂർ വിഷയം മാത്രം മുന്നിൽ കണ്ടുള്ള മറ്റുള്ളവരുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ, അതിന് പിന്തുണകിട്ടിയില്ല. തിരഞ്ഞെടുപ്പു കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിന് കൊണ്ടുവന്ന ബിൽ വോട്ടിനിടണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്താതിരുന്നതും വീഴ്ചയായെന്ന് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സുപ്രധാനമായ ഈ ബിൽ വന്നപ്പോൾ ബഹളം വെച്ച് അവസരം മുതലെടുക്കാതിരിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഈ അവസരത്തിലെല്ലാം ഭരണപക്ഷം സ്‌കോർ ചെയ്യുകയും ചെയ്തു. അതേസമയം, മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയെ സഭയിലെത്തിക്കാനും സംസാരിപ്പിക്കാനും കഴിഞ്ഞത് നേട്ടമായെന്ന് പ്രതിപക്ഷനേതാക്കൾ അവകാശപ്പെട്ടു. ചർച്ചകൂടാതെ ബില്ലുകൾ പാസാക്കാൻ സർക്കാരിന് താത്പര്യമില്ലായിരുന്നുവെന്നും പ്രതിപക്ഷം പങ്കെടുക്കാതിരുന്നതിനാൽ മറ്റുവഴികളില്ലായിരുന്നുവെന്നും വെള്ളിയാഴ്ച പാർലമെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി അവകാശപ്പെട്ടു. പത്രസമ്മേളനത്തിൽ പാർലമെന്ററികാര്യ സഹമന്ത്രിമാരായ അർജുൻ മേഘ്വാൾ, വി. മുരളീധരൻ എന്നിവരും പങ്കെടുത്തു.
മറുനാടന് ഡെസ്ക്