- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വിവാഹേതര ബന്ധവും സ്വവർഗ്ഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കണമെന്ന് ഉള്ള പാർലമെന്ററി സമിതി റിപ്പോർട്ട്; രണ്ടുശുപാർശകളോടും വിയോജിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും; അവ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തൽ
ന്യൂഡൽഹി: വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിച്ചത് 2018 സെപ്റ്റംബറിലാണ്. എന്നാൽ, വിവാഹേതര ബന്ധം വീണ്ടും ക്രിമിനൽ കുറ്റം ആക്കണമെന്നാണ് ഭാരതീയ ന്യായ സംഹിതയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. വിവാഹം എന്നത് പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടണമെന്നും സമിതി ശുപാർശ ചെയ്തു.
പ്രധാനമന്ത്രിയും, അദ്ദേഹത്തിന്റെ ഓഫീസും മന്ത്രിസഭയും സമിതിയുടെ രണ്ട് ശുപാർശകളോട് വിയോജിച്ചതായി എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദ്ദേശങ്ങളോടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.
''ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ രണ്ട് നിർദ്ദേശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വിയോജിക്കുന്നു. കാരണം അവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സുപ്രീം കോടതി വിധിന്യായങ്ങൾക്കും വിരുദ്ധമാകുമാണിത്'' ഉന്നതവൃത്തങ്ങൾ അറിയിച്ചു.
പരിഷ്‌കരിച്ച വിവാഹേതരബന്ധ നിയമം ജെൻഡർ ന്യൂട്രൽ(ലിംഗ നിഷ്പക്ഷം) ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും, ഇരു കക്ഷികളും, പുരുഷനും സ്ത്രീക്കും തുല്യ ബാധ്യത കൽപ്പിക്കണമെന്നും റിപ്പോർട്ടിൽ വാദിക്കുന്നു. സമിതിയുടെ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, 2018 ലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് കടകവിരുദ്ധമായി മാറും.
സുപ്രീം കോടതി വിധിയിൽ പറഞ്ഞത്
വ്യക്തികളുടെ സ്വകാര്യതയിൽ, പൊതുതാൽപര്യം വേണ്ടാത്ത വിഷയത്തിൽ ഭരണകൂടം ഇടപെടേണ്ടതില്ല. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന തീർപ്പിനു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറയുന്ന പ്രധാന കാരണമിതാണ്. വിവാഹേതര ബന്ധം കുറ്റമാക്കുമ്പോൾ തികച്ചും സ്വകാര്യമായ ദാമ്പത്യവിഷയത്തിൽ ചൂഴ്ന്നിറങ്ങാനുള്ള അവസരമാണ് അനുവദിക്കുന്നതെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെഴുതിയ വിധിന്യായത്തിൽ പറഞ്ഞിരുന്നു. ഭർത്താവിന്റെയും ഭാര്യയുടെയും അന്തസ്സും അവരുടെ ബന്ധത്തിന്റെ സ്വകാര്യതയുമാണ് ഹനിക്കപ്പെടുന്നത്. അത് ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണ്.
വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ, പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെ നടപടിയും കുറ്റകരമാക്കണമെന്നാണു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. വിവാഹേതര ബന്ധം കുറ്റമല്ലാതാക്കുന്നതു വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുമെന്നും കേന്ദ്രം വാദിച്ചു. വിവാഹ ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടുതന്നെ, ശിക്ഷാവകുപ്പുകളെ ലിംഗനിഷ്പക്ഷമാക്കുന്നതിനോടു കോടതി വിയോജിച്ചു.
ഭർത്താവ് ഭാര്യയുടെ യജമാനനല്ല ഭാര്യയെന്നത് ഉപഭോഗവസ്തുവുമല്ല എന്നതായിരുന്നു വിധിയുടെ സത്ത. സ്ത്രീയെ അന്തസ്സില്ലാതെ കാണുന്ന 497 ാം വകുപ്പ് പ്രത്യക്ഷത്തിൽ ഏകപക്ഷീയമാണെന്നും ഇതു ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതേ വ്യവസ്ഥകളുള്ള ക്രിമിനൽ നടപടിച്ചട്ടത്തിലെ (സി.ആർ.പി.സി.) 198 (2) വകുപ്പും കോടതി റദ്ദാക്കി.
ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പു നൽകുന്നു. ലൈംഗികബന്ധത്തിന് സ്ത്രീയ്ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് അർഹമായ ബഹുമാനം ഉറപ്പു വരുത്തണം. അതിനെ വിവാഹത്തിലൂടെ ഹനിക്കാനാവില്ല. സമൂഹത്തിന്റെ താൽപര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാവില്ലെന്നും സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.
ഭർത്താവ് ഭാര്യയുടെ യജമാനനല്ലെന്നും പങ്കാളിയുടെമേൽ നിയമപരമായി പരമാധികാരം ഭർത്താവ് സ്ഥാപിച്ചെടുക്കുന്നതു തെറ്റാണെന്നുമുള്ള സുപ്രധാന നിരീക്ഷണവും വിധിന്യായത്തിലുണ്ടായി. ദാമ്പത്യ ജീവിതത്തിലെ പുരുഷ മേധാവിത്വ സംസ്‌കാരത്തിന് നിയമത്തിലൂടെ സാധുത നൽകുന്ന വകുപ്പാണ് വിധിയോടെ ഇല്ലാതായത്. അതേസമയം വിവാഹേതര ലൈംഗികബന്ധം കൊണ്ട് വിവാഹമോചനം നേടുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗികബന്ധം ഒരാളുടെ ആത്മഹത്യയിലേക്കു നയിച്ചാൽ പങ്കാളിയുടെ പേരിൽ ഐ.പി.സി. 306-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പ്രേരണക്കുറ്റം ചുമത്താമെന്നാണ് കോടതി വിശദീകരിച്ചത്.
വിവാഹേതര ബന്ധം സിവിൽ കുറ്റമായി തുടരുന്നു
വിവാഹേതരബന്ധം എന്നത് ക്രിമിനൽ കുറ്റമല്ല പകരം വ്യക്തിയുടെ ധാർമ്മികതയുമായി മാത്രം ചേർന്നു നിൽക്കുന്ന കാര്യമാണെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. കുടുംബ നിയമത്തിൽ മാത്രം സ്ഥാനംപിടിക്കേണ്ട ഒരു സങ്കല്പമാണത്. സ്‌നേഹമായിരിക്കണം അതിന്റെ അടിസ്ഥാന തത്വം അല്ലാതെ കുറ്റവും ശിക്ഷയും എന്ന ദ്വന്ദത്തെ അടിസ്ഥാനപ്പെടുത്തിയാവരുത്. സുപ്രീംകോടതി വിവാഹേതരബന്ധത്തെ ഡിക്രിമിനലൈസ് ചെയ്യുകയും കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ചെയ്തെങ്കിലും അത് ഒരു സിവിൽ തെറ്റ് അല്ലാതാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത്, വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു തെറ്റായി ഈ വിഷയം തുടരും.
റദ്ദാക്കിയ 497ാം വകുപ്പ് ഇങ്ങനെ
ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നിരിക്കെ ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ, ബലാൽസംഗമാകാത്ത ലൈംഗിക വേഴ്ച നടത്തുന്നതാണ് അറൗഹലേൃ്യ / ജാരവൃത്തി/ വിവാഹേതര ബന്ധം എന്ന നിർവ്വചനത്തിൽ വരുന്നത്.
അഞ്ചു കൊല്ലം വരെ തടവോ പിഴയോ രണ്ടും കൂടിയോ ആണ് ഇതിനുള്ള ശിക്ഷ. 497 പ്രകാരം വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീ ശിക്ഷയുടെ പരിധിയിൽ വരില്ല.
ഈ വകുപ്പ് പ്രകാരം പുരുഷൻ മാത്രമായിരുന്നു കുറ്റക്കാരൻ. മാത്രമല്ല അത് ക്രിമിനൽ കുറ്റവുമായിരുന്നു. സ്ത്രീയുടെ ഭർത്താവിനു പരാതിയുണ്ടെങ്കിൽ മാത്രമാണു പുരുഷൻ കുറ്റവാളിയാകുന്നത്.
പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്
പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന പഴയ വിവാഹേതര ബന്ധ നിയമത്തിൽ തിരുത്തൽ വരുത്തി പുരുഷനെയും സ്ത്രീയെയും ഒരുപോലെ ശിക്ഷാർഹരാക്കണമെന്നാണ് ശുപാർശ.
ഇന്ത്യൻ പീനൽ കോഡിനും, ക്രിമിനൽ പ്രൊസിഡ്യുർ കോഡിനും ഇന്ത്യൻ തെളിവു നിയമത്തിനും പകരമായി കൊണ്ടുവരുന്ന മൂന്നുഭാഗങ്ങളുള്ള നിയമസംഹിതയാണ് ഭാരതീയ നിയമസംഹിത. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്.
എതിരഭിപ്രായം പറഞ്ഞവരിൽ കോൺഗ്രസ് എംപി പി ചിദംബരം ഉൾപ്പെടുന്നു. ദമ്പതികളുടെ ജീവിതത്തിൽ കൈകടത്താൻ സ്റ്റേറ്റിന് അവകാശമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ