- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഏറ്റവും മിടുക്കർ കേരളത്തിൽ നിന്നുള്ള എംപിമാർ
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാനും, ചർച്ചകളിൽ പങ്കാളികളാകാനും കേരളത്തിൽ നിന്നുള്ള എംപിമാർ മിടുക്കർ. ചർച്ചകളിൽ പങ്കെടുത്തതിൽ എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ശശി തരൂർ എന്നിവരാണ് മുന്നിൽ. പക്ഷേ വയനാട് പ്രതിനിധിയായ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ പിന്നിലാണ്.
ഹാജർ നിലയിലും കേരല എംപിമാർ മുന്നിലാണ്. 15 സെഷനുകളിലായി ആകെ 274 ദിവസമാണ് 17-ാം ലോകസഭ സമ്മേളിച്ചത്. അംഗങ്ങളുടെ ഹാജർനിലയിൽ ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഹാജർ. ദേശീയ ശരാശരി 79 ശതമാനമാണെങ്കിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്. എന്നാൽ കണ്ണൂർ എംപി കെ. സുധാകരനും രാഹുൽ ഗാന്ധിയുമാണ് കേരളത്തിൽ നിന്നുള്ള എംപിമാരിൽ കുറഞ്ഞ ഹാജർനിലയുള്ളത്. സുധാകരന് 50 ശതമാനവും രാഹുൽ ഗാന്ധിക്ക് 51 ശതമാനവുമാണ് ഉള്ളത്.
ചോദ്യങ്ങൾ ചോദിക്കുന്നതിലും പ്രമേയങ്ങൾ കൊണ്ടുവരുന്നതിലും കേരളത്തിൽ നിന്നുള്ള എംപിമാർ മികച്ച പ്രകടനം കാട്ടി. 17-ാം ലോക്‌സഭയിലെ ചോദ്യങ്ങളുടെ ദേശീയ ശരാശരി 210 ആണെങ്കിലും കേരളത്തിന്റെത് 268 ആണ്. 5346 ചോദ്യങ്ങൾ ഉന്നയിച്ച കേരളത്തിന് മുമ്പിലുള്ളത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണ്.
ചോദ്യങ്ങൾ ചോദിച്ചതിൽ മുമ്പിൽ അടൂർ പ്രകാശും ആന്റോ ആന്റണിയും ബെന്നി ബെഹനാനും ആണ്. ജനങ്ങളെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ ശദ്ധക്ഷണിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ശൂന്യവേള ചർച്ച, ചട്ടം 377, ചട്ടം 193 പ്രകാരമുള്ള പ്രമേയങ്ങളും ചർച്ചകളും. ഇവയിലെല്ലാം കേരള എംപിമാരുടെ പ്രകടനം ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഇക്കാര്യത്തിൽ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
17-ാം ലോക്‌സഭയിൽ ആകെ 221 ബില്ലുകളാണ് പാസാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധന നിയമം, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം സംബന്ധിച്ച നിയമം, പുതിയ ക്രിമിനൽ കോഡുകൾ, വനിതാ സംവരണ നിയമം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങൾ ഈ ലോക്‌സഭയിലാണ് പാസാക്കിയത്. ഇതിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ആകെ 302 നിയമനിർമ്മാണ ചർച്ചകളിലാണ് പങ്കെടുത്തത്.
ഓരോ വർഷവും അഞ്ചുകോടിയാണ് പ്രാദേശിക വികസന ഫണ്ടെന്ന നിലയിൽ ഓരോ എംപിമാർക്കും കിട്ടുന്നത്. കോവിഡ് മൂലം ആദ്യ രണ്ടുവർഷം ഈ തുക രണ്ടുകോടിയായി ചുരുക്കിയിരുന്നു. അതിനാൽ ഈ ലോക്‌സഭയിൽ 17 കോടി മാത്രമാണ് അംഗങ്ങൾക്ക് കിട്ടിയത്. ഇത് ചിലവഴിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള ചില എംപിമാർ നിരാശപ്പെടുത്തുന്നുണ്ട്. അഞ്ച് എംപിമാർ മാത്രമേ ഈ തുക ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളു.
കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാരാണ് ഫണ്ട് ചിലവഴിക്കുന്നതിൽ ഏറ്റവും പിന്നിൽ. അടൂർ പ്രകാശ്, എ.എം. ആരിഫ്, തോമസ് ചാഴിക്കാടൻ, ശശി തരൂർ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരാണ് ഫണ്ട് വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്നത്.
വികസനഫണ്ടായി 17 കോടി രൂപ ലഭിച്ചതിൽ കൂടുതൽ ചെലവഴിച്ചത് തോമസ് ചാഴികാടനാണ്. അദ്ദേഹത്തിന്റെ ഫണ്ടിൽ ഇനി ബാക്കിയുള്ളത് രണ്ടു ലക്ഷം രൂപ മാത്രം. ശശി തരൂർ-നാലു ലക്ഷമേ ഇനി ചെലവഴിക്കാനുള്ളൂ.
അടൂർ പ്രകാശ്-11 ലക്ഷം, രാജ്‌മോഹൻ ഉണ്ണിത്താൻ-28 ലക്ഷം, കെ.മുരളീധരൻ-75 ലക്ഷം, എ.എം.ആരിഫ്-76 ലക്ഷം, ആന്റോ ആന്റണി-85 ലക്ഷം, ബെന്നി ബെഹനാൻ-91 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടിൽ കുറച്ചുമാത്രം ബാക്കിയുള്ള എംപിമാർ.
ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എംപിമാരിൽ കൊടിക്കുന്നിൽ സുരേഷാണ് മുന്നിൽ-6.24 കോടി. രാഹുൽ ഗാന്ധിയുടെ ഫണ്ടിൽ 1.25 കോടി രൂപയുണ്ട്. ഡീൻ കുര്യാക്കോസ്-4.44 കോടി, വി.കെ. ശ്രീകണ്ഠൻ-3.19 കോടി, കെ.സുധാകരൻ-2.70 കോടി, ഇ.ടി.മുഹമ്മദ് ബഷീർ-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എൻ.കെ.പ്രേമചന്ദ്രൻ-2.41 കോടി, ടി.എൻ.പ്രതാപൻ-2.04 കോടി, ഹൈബി ഈഡൻ-1.80 കോടി, എംപി.അബ്ദുൾസമദ് സമദാനി-1.55 കോടി, എം.കെ.രാഘവൻ-1.43 കോടി എന്നിങ്ങനെയാണ് ചെലവഴിക്കാൻ ബാക്കിയുള്ള തുക.