ന്യൂഡല്‍ഹി: ബിജെപി വിപ് നല്‍കിയിട്ടും, കഴിഞ്ഞ ദിവസം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണ വേളയില്‍, വിട്ടുനിന്നത്, ഒന്നല്ല, 20 എംപിമാരായിരുന്നു. നിതിന്‍ ഗഡ്കരി, ഗിരിരാജ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നീ പ്രമുഖ നേതാക്കളും ലോക്‌സഭയില്‍ ഹാജാരാകാതിരുന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു.

നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എംപിമാരും ഹാജരായിരിക്കണമെന്ന് പാര്‍ട്ടി മൂന്നുവരി വിപ് ഇറക്കിയിരുന്നു. അതുകൊണ്ട് തന്നെ പങ്കെടുക്കാത്ത അംഗങ്ങള്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഗഡ്കരി അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന വിവരം പാര്‍ട്ടിയെ മുന്‍കൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ്, സി.ആര്‍.പാട്ടീല്‍ എന്നിവരും സഭയിലുണ്ടായിരുന്നില്ല. ശന്തനു ഠാക്കൂര്‍, ജഗദംബിക പാല്‍, ബി.വൈ.രാഘവേന്ദ്ര, വിജയ് ഭാഗല്‍, ജയന്ത് കുമാര്‍, വി.സോമയ്യ, ചിന്താമണി മഹാരാജ്, ഉദയരാജ് ഭോണ്‍സലെ, ജഗന്നാഥ് ശങ്കര്‍ അടക്കമുള്ളവരും പങ്കെടുത്തില്ല. ബില്ലുകള്‍ പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്ക്കു വിടുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലുകളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്നാണ് സൂചന. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ഓര്‍മ്മപ്പെടുത്തി. 461 വോട്ടുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. കേന്ദ്ര സര്‍ക്കാരിന് 269 വോട്ട് മാത്രമേ നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. പ്രതിപക്ഷത്തിന് 198 വോട്ടുകളുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പരാജയപ്പെട്ടിരിക്കുന്നു'- മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചു.

ഇതേ വാദം തന്നെയാണ് കോണ്‍ഗ്രസ് എംപി ശശി തരൂരും ഉന്നയിച്ചത്. സര്‍ക്കാരിന് പ്രതിപക്ഷത്തേക്കാള്‍ വലിയ സംഖ്യയുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ജെപിസിയിലും അതിന്റെ ഘടനയുടെ അടിസ്ഥാനത്തിലും അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊരു ഭരണഘടന ഭേദഗതി ബില്ലാണ്. പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതുകൊണ്ട് തന്നെ ഇതുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനുള്ള 129ാം ഭരണഘടന ഭേദഗതി ബില്‍ ഇന്നലെ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. സര്‍ക്കാരിന് കേവല ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ പാസാക്കുക എളുപ്പമല്ല. അഞ്ച് ഭരണഘടനാ വകുപ്പുകളില്‍ ഭേദഗതി വേണം. ഇരു സഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പാസാക്കണം. മൂന്നില്‍ രണ്ട് നിയമസഭകളും അംഗീകരിക്കണം. നിയമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി ഉള്‍പ്പെടുന്നതിനാലാണ് നിയമസഭകളുടെ അംഗീകാരം വേണ്ടിവരുന്നത്. നീക്കം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഇടതു കക്ഷികള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്.