- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മണിപ്പൂർ വിഷയത്തെ ചൊല്ലി സഭാസ്തംഭനം തുടരുന്നു; കടുത്ത അതൃപ്തിയിൽ ലോക്‌സഭാ സ്പീക്കർ; സഭയുടെ അന്തസിന് ചേരുവിധം അംഗങ്ങൾ പെരുമാറും വരെ സഭാ നപടപടികളിൽ പങ്കെടുക്കില്ലെന്ന് ഓം ബിർള; ബുധനാഴ്ചയും സഭ ഇന്നത്തേക്ക് പിരിഞ്ഞു; മണിപ്പൂർ വിഷയം സംസാരിക്കാൻ പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് വിളിച്ചുവരുത്താൻ ആവില്ലെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നതിൽ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കടുത്ത അതൃപ്തി. സഭയുടെ അന്തസിന് ചേരും വിധം അംഗങ്ങൾ പെരുമാറുന്നത് വരെ താൻ സഭാനടപടികളിൽ പങ്കെടുക്കില്ലെന്ന കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച ലോക്‌സഭ തുടങ്ങിയപ്പോൾ ഓം ബിർളയുടെ അഭാവം ശ്രദ്ധേയമായിരുന്നു. ഭരണപക്ഷ-പ്രതിപക്ഷ പോർവിളികൾ തുടർന്നതോടെ. സഭ ആദ്യം രണ്ടുമണി വരെയും, പിന്നീട് ഇന്നത്തേക്കും പിരിഞ്ഞു. മണിപ്പൂർ വിഷയത്തിലാണ് ലോക്‌സഭയിൽ പ്രതിപക്ഷം പ്രതിഷേധം തുടരുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം. സഭാനടപടികൾ നിയന്ത്രിച്ച ബിജെപി അംഗം കിരിത് സോളങ്കി പ്രതിക്ഷത്തെ ശാന്തരാക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല.
ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ പരിഗണിച്ച് പാസാക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, സഭ പിരിഞ്ഞതോടെ, ബിൽ ചർച്ച ചെയ്യാനോ വോട്ടിനിടാനോ കഴിഞ്ഞില്ല. ബിജെപി വിഷയത്തിൽ വിപ്പും പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ച ബില്ലുകൾ പാസാക്കുന്ന വേളയിലെ ഭരണ-പ്രതിപക്ഷ ബഞ്ചുകളുടെ പെരുമാറ്റത്തിൽ സ്പീക്കർ ഓം ബിർള ആകെ അസ്വസ്ഥനായിരുന്നു. സഭയുടെ അന്തസ് കാക്കേണ്ടത് സുപ്രധാനമാണെന്നും, സഭാ നടപടികളിൽ, അംഗങ്ങൾ പെരുമാറ്റത്തിലെ അന്തസ് കാത്തുസൂക്ഷിക്കുന്ന വിധം പെരുമാറണമെന്നുമാണ് സ്പീക്കർ പ്രതീക്ഷിക്കുന്നത്. ജൂലൈ 20 ന് പാർലമെന്റിലെ വർഷകാല സമ്മേളനം തുടങ്ങിയത് മുതൽ തുടർച്ചയായി സഭ തടസ്സപ്പെടുന്നതിൽ, സ്പീക്കറുടെ അതൃപ്തി പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മണിപ്പുർ വിഷയത്തെപ്പറ്റി സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിലേക്ക് വിളിച്ചുവരുത്താനാവില്ലെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ. പ്രധാനമന്ത്രിയെ സഭയിലേക്ക് വിളിച്ചുവരുത്താൻ നിയമപ്രകാരം കഴിയില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും സഭയിലെ പ്രതിപക്ഷാവശ്യത്തിന് മറുപടിയായി ധൻകർ വ്യക്തമാക്കി. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഭരണഘടനയുടെ ചട്ടങ്ങൾ അനുസരിച്ച്, പ്രധാനമന്ത്രിയെ സഭയിലേക്ക് വിളിച്ചുവരുത്താനാകില്ലെന്ന് താൻ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ അത് ഭരണഘടനാലംഘനമാകും. സഭയിൽ വരണമോ വേണ്ടയോ എന്നത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ തീരുമാനമാണ്.
ഈ കസേരയിൽ ഇരുന്നുകൊണ്ട് അത്തരമൊരു ആവശ്യം വയ്ക്കാൻ തനിക്കാവില്ലെന്നും ഇക്കാര്യം പ്രതിപക്ഷത്തുള്ള നിയമവിദഗ്ധരോട് ചോദിച്ചാൽ വ്യക്തമാകുമെന്നും ധൻകർ അറിയിച്ചു. മണിപ്പുർ വിഷയത്തെപ്പറ്റി ചർച്ച ആവശ്യപ്പെട്ട് 267-ാം വകുപ്പ് അനുസരിച്ച് 58 നോട്ടീസുകൾ ലഭിച്ചെന്നും എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞതായും ധൻകർ അറിയിച്ചു. ജൂലൈ 20-ന് 167-ാം ചട്ടം അനുസരിച്ച് നൽകിയ അപേക്ഷയിന്മേൽ, മണിപ്പുർ വിഷയത്തെപ്പറ്റി ഹ്രസ്വചർച്ചയ്ക്കായി അനുവാദം നൽകിയതിനാലാണ് മറ്റ് നോട്ടീസുകൾ തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ