ന്യൂഡല്‍ഹി: ലോക്സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റ് കിട്ടിയത് വലിയ നേട്ടമെന്ന രീതിയില്‍ ആഘോഷമാക്കുന്ന രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹസം. 100ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് ആഘോഷിക്കുന്നതെന്നും 543-ലാണ് 99 കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുലിനെ കുട്ടിയോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

'ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു, 99 മാര്‍ക്ക് നേടിയ ഒരു പയ്യന്‍ ഉണ്ടായിരുന്നു, അവന്‍ അത് എല്ലാവരേയും കാണിക്കുമായിരുന്നു, 99 എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ അവനെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ ഒരു ടീച്ചര്‍ വന്നു ചോദിച്ചു നിങ്ങള്‍ എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്ന്.. 100-ല്‍ 99 അല്ല, 543-ല്‍ 99 ആണ് കിട്ടിയതെന്ന് ആ ടീച്ചര്‍ക്ക് പറയണമെന്നുണ്ടായിരുന്നു. കുട്ടികളുടെ ബുദ്ധിയല്ലേ. തോല്‍വിയില്‍ നിങ്ങള്‍ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് ഇപ്പോള്‍ ആ കുട്ടിയോട് ആരാണ് വിശദീകരിക്കുക', പ്രധാനമന്ത്രി ലോക്സഭയില്‍ ചോദിച്ചു.

1984-ലെ തിരഞ്ഞെടുപ്പിന് ശേഷം 10 ലോക്‌സഭാ തെരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടന്നത്. എന്നാല്‍, ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് 250 കടക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയതെന്നും മോദി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭകളിലേക്ക് കൂടി തിരഞ്ഞെടുപ്പ് നടന്നു. നാലു സംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യം വന്‍വിജയം നേടി. ഒഡീഷയിലെ ജനങ്ങളും ബിജെപിയെ അനുഗ്രഹിച്ചു. മൂന്നാംതവണയും തങ്ങള്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. താന്‍ നേരത്തെ പറഞ്ഞതുപോലെ മൂന്നിരട്ടി വേഗത്തിലായിരിക്കും പ്രവര്‍ത്തനങ്ങളും, അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. മോദി പ്രസംഗത്തിനിടെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളമുയര്‍ത്തിയതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. മോദിയുടെ പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. 2 വട്ടം പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ നടപടി ലോക്സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയില്‍ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു.

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിരാശ മനസ്സിലാകും. തെരഞ്ഞെടുപ്പില്‍ അവരെ ജനം പരാജയപ്പെടുത്തി. ജനം മതേതരത്വത്തിന് വോട്ടു ചെയ്തു. പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വികസിത ഭാരതമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് 2014 ന് മുന്‍പ് ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. അഴമിതിയുടെ വാര്‍ത്തകളായിരുന്നു എല്ലായിടത്തും. ഒരു രൂപയില്‍ 85 പൈസയും അഴിമതിക്കാര്‍ കൊണ്ടു പോയിരുന്നു. 2014 ന് മുന്‍പ് രാജ്യത്ത് എവിടെയും ഭീകരാക്രമണം നടക്കും എന്ന അവസ്ഥയായിരുന്നു. രാജ്യത്തിന്റെ പല സ്ഥലങ്ങളും ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. 2014 ന് ശേഷം തീവ്രവാദികളുടെ വീട്ടില്‍ കയറി എല്ലാം അവസാനിപ്പിക്കുന്ന സ്ഥിതിയായി. സര്‍ജിക്കല്‍ സ്‌ട്രൈക്കും, എയര്‍ സ്‌ട്രൈക്കും നടന്നു. ഭാരതം ഇപ്പോള്‍ എല്ലാം സാധിച്ചെടുക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരതയ്ക്കും തുടര്‍ച്ചയ്ക്കും ജനം വോട്ടു ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും എന്‍ഡിഎ മികച്ച പ്രകടനം നടത്തി. ഒഡീഷയില്‍ ജയിച്ചു. കേരളത്തില്‍ അക്കൗണ്ട് തുറന്നു. ആന്ധ്രപ്രദേശ് തൂത്തുവാരി. സിക്കിമിലും അരുണാചല്‍ പ്രദേശിലും വീണ്ടും എന്‍ഡിഎ അധികാലത്തിലെത്തി. മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇവിടെയെല്ലാം വോട്ട് വിഹിതം കൂട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷോലെ സിനിമയിലെ ഡയലോഗ് പറഞ്ഞ് കോണ്‍ഗ്രസിനെ പരിഹസിച്ച നരേന്ദ്ര മോദി, ജനവിധി കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയിച്ചു എന്ന് വ്യാജമായി തോന്നിപ്പിക്കരുത്. ജനവിധി കോണ്‍ഗ്രസ് മനസിലാക്കാന്‍ ശ്രമിക്കണം. കോണ്‍ഗ്രസ് 'പരജീവി' പാര്‍ട്ടിയായി. സഖ്യകക്ഷികളെ ആശ്രയിച്ച് സീറ്റുകള്‍ നേടി. ഒറ്റയ്ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ ക്ഷീണം ഉണ്ടായി. കോണ്‍ഗ്രസ് രാജ്യത്ത് അരാജകത്വം പടര്‍ത്താന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനും കോണ്‍ഗ്രസ് നോക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കില്‍ കലാപത്തിന് കോണ്‍ഗ്രസ് തയ്യാറെടുത്തിരുന്നു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടു. രാഹുലിന് 'കുട്ടി ബുദ്ധി' യാണ്. രാഹുല്‍ ഗാന്ധി അഴിമതി കേസില്‍ ജാമ്യത്തിലുള്ള നേതാവാണ്. സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞ നേതാവാണ്. ഒബിസി വിഭാഗത്തെ ആക്ഷേപിച്ചതിന് ശിക്ഷ കിട്ടിയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രസംഗത്തിനിടെ മണിപ്പൂര്‍ മണിപ്പൂര്‍, മണിപ്പൂരിന് നീതി വേണം എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗങ്ങള്‍ മുഴക്കിക്കൊണ്ടേയിരുന്നു.