ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. അദാനി, കര്‍ഷക സമരം, മണിപ്പൂര്‍ കലാപം, സംഭല്‍ വിഷയം എന്നിവ ഉയര്‍ത്തിയാണ് കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്.

പേരെടുത്ത് പറയാതെയായിരുന്നു ഗൗതം അദാനിയും ബി.ജെ.പിയുമായുള്ള ബന്ധം എടുത്തിട്ടത്. രാജ്യത്തെ 142 കോടി പൗരന്മാരെ തള്ളി ചില വ്യക്തികള്‍ക്കുവേണ്ടി മാത്രമായാണ് ബി.ജെ.പി. സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു.

'142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുകയാണ്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് മാത്രം നല്‍കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരാള്‍ക്ക് മാത്രമായി നല്‍കുന്നു.' -പ്രിയങ്ക പറഞ്ഞു. ശതകോടീശ്വരന്റെ ലാഭത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. ഭരണഘടനയിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കന്നി പ്രസംഗം. ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചമാണെന്നും ഭരണകക്ഷിയായ ബി.ജെ.പി. അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

'നമ്മുടെ ഭരണഘടന നീതിയുടേയും ഐക്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയുമെല്ലാം സംരക്ഷണകവചമാണ്. അത് ജനങ്ങളെ സംരക്ഷിച്ചുപിടിക്കുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, 10 വര്‍ഷമായി ഭരണകക്ഷി ആ കവചത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.' -പ്രിയങ്ക പറഞ്ഞു.

ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയില്‍ ആവര്‍ത്തിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന വേളയിലും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് അദാനിയെ ആണ്. കര്‍ഷകരെ ഉപേക്ഷിച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് വേണ്ടി മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വഞ്ചിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കിയിരിക്കുകയാണ്. വാഷിംഗ് മെഷീന്‍ സര്‍ക്കാരായി മോദി സര്‍ക്കാര്‍ മാറിയെന്നും പ്രിയങ്ക പരിഹസിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. ഭരണഘടനയെ കുറിച്ചാണ് ചര്‍ച്ചയെന്ന് പ്രിയങ്കയെ സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

ഭരണഘടനയെ വഞ്ചിക്കുന്നതിനെതിരെ രൂക്ഷമായ പ്രതിഷേധമുയര്‍ത്തുമെന്ന് പ്രിയങ്ക മറുപടി നല്‍കി. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് പ്രിയങ്ക ഭരണപക്ഷത്തോട് ചോദിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എല്ലാവരെയും ജയിലിലടുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അദാനി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് ഭയമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി, സ്വകാര്യവത്കരണം എന്നീ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികനീതിയുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കന്നിപ്രസംഗത്തില്‍ പ്രിയങ്ക പറഞ്ഞു.

യുപിയിലെ സംഭല്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തെ ജനങ്ങളുടെ ദുഃഖങ്ങളും പ്രിയങ്ക പങ്കുവച്ചു. മുഗള്‍ ഭരണകാലത്തു ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ ജില്ലാ കോടതി നിര്‍ദേശപ്രകാരം സര്‍വേ നടത്തുന്നതിനിടയില്‍ കഴിഞ്ഞ 24ന് സംഭലില്‍ ഉണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലും 5 പേര്‍ കൊല്ലപ്പെട്ടിരുന്നു.

''സംഭലില്‍നിന്ന് ചില കുടുംബങ്ങള്‍ എന്നെ കാണാനെത്തിയിരുന്നു. രണ്ടു കുട്ടികള്‍ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. തയ്യല്‍ക്കാരനായിരുന്നു അച്ഛന്‍. രണ്ടുപേരെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. വെടിവയ്പ്പില്‍ അച്ഛന്‍ കൊല്ലപ്പെട്ടു. ഡോക്ടറാകണമെന്നാണ് മുതിര്‍ന്ന കുട്ടി പറഞ്ഞത്. ഈ സ്വപ്നവും പ്രതീക്ഷയും ഇന്ത്യന്‍ ഭരണഘടനയാണ് അവന്റെ ഹൃദയത്തില്‍ നിറച്ചത്.''പ്രിയങ്ക പറഞ്ഞു.