ന്യൂഡൽഹി: ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബില്ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവ അടിമുടി മാറും. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായും ഒഴിവാക്കുമെന്നും ഭാരതീയ സംഹിത സുരക്ഷാ ബിൽ 2023 അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. 1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകൾ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ പാർലമെന്റിനെ അറിയിച്ചു.

കേസുകളിൽ ശിക്ഷാ അനുപാതം 90 ശതമാനത്തിന് മുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഏഴുവർഷത്തിൽ കൂടുതൽ തടവുശിക്ഷയുള്ള കേസുകളിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധന ഉറപ്പാക്കും. ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നൽകുന്ന നിബന്ധന പുതിയ നിയമങ്ങളിലുണ്ട്. ഐപിസിയിൽ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്യും.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ് ബില്ലിൽ പറയുന്നത്. ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും നൽകും.

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

ആരെങ്കിലും, മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കിൽ സാമ്പത്തിക മാർഗങ്ങൾ എന്നിവയിലൂടെ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുകയോ ചെയ്താൽ ജീവപര്യന്തം തടവോ ഏഴ് വർഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ വ്യക്തമാക്കി.

പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ പാസാകുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാകും.

നീതി ഉറപ്പാക്കുക എന്നതിനാണ് മാറ്റങ്ങൾ എന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്. ബ്രിട്ടിഷുകാർ കൊണ്ടുവന്ന രാജ്യദ്രോക്കുറ്റം ഇപ്പോഴും അതേരീതിയിൽ ഉപയോഗിക്കുന്നതിൽ സുപ്രീം കോടതി ഇടപെടുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. അതു പൂർണമായും പിൻവലിച്ച്, പുതിയ ബില്ലിന്റെ സെക്ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.

ആൾക്കൂട്ട കൊലപാതക കേസുകളിൽ വധശിക്ഷ കൊണ്ടുവരുന്നതിനുള്ള പ്രൊവിഷൻ കേന്ദ്രം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെയുള്ള നിയമങ്ങൾക്കു പുതിയ ബിൽ പ്രധാന്യം നൽകുന്നതായി അമിത് ഷാ വിശദീകരിച്ചു. ആളുകളെ ശിക്ഷിക്കുക എന്നതല്ല, നീതി നൽകുക എന്നതാണു ലക്ഷ്യം. ശിക്ഷകൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്നും അമിത് ഷാ പറഞ്ഞു.

2020-ലാണ് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡെൻസ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന പ്രൊഫസർ ഡോ രൺബീർ സിങ് അധ്യക്ഷനായ സമിതിയിൽ അന്നത്തെ എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ. ജി.എസ്. ബാജ്‌പേയ്, ഡിഎൻഎൽയു വിസി പ്രൊഫസർ ഡോ ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി എന്നിവരും ഉൾപ്പെടുന്നു.