മാഫിയ ഭരണം ഇനി അനുവദിക്കാനാകില്ലെന്ന് കിരണ്‍ റിജിജു; മുസ്ലിംകളോടുള്ള അനീതിയെന്ന് പ്രതിപക്ഷം; വഖഫ് ബില്ലിനെച്ചൊല്ലി ലോക്സഭയില്‍ ബഹളം
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നതിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ബില്ലിന്മേലുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണു ചോദ്യങ്ങള്‍ ഉയര്‍ന്നത്. ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യാ സഖ്യ നേതാക്കള്‍ ക്ഷേത്രഭരണത്തില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്ലിനെയാണ് ലോക്സഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തില്‍നിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും ഫെഡറല്‍ സംവിധാനത്തിനുമെതിരെയുള്ള […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നതിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ബില്ലിന്മേലുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണു ചോദ്യങ്ങള്‍ ഉയര്‍ന്നത്. ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യാ സഖ്യ നേതാക്കള്‍ ക്ഷേത്രഭരണത്തില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്ലിനെയാണ് ലോക്സഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തില്‍നിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും ഫെഡറല്‍ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്താറുണ്ടോയെന്നു കെ.സി.വേണുഗോപാല്‍ ചോദിച്ചു.
മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ പഠിപ്പിച്ച പാഠം നിങ്ങള്‍ തിരിച്ചറിഞ്ഞില്ല. ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണിത്. ആരാധനാ സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണിത്. അടുത്തതായി നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും ജെയിനന്മാര്ക്ക് പിന്നാലേയും പോകുമെന്നും ഇത്തരം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ബില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.എം.കെ. എം.പി. കനിമൊഴി പറഞ്ഞു. ഭരണഘടനയുടെ 30-ാം വകുപ്പിന്റെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൂടിയാലോചനകളില്ലാതെ അജന്‍ഡകള്‍ നടപ്പാക്കരുതെന്നും ഒന്നുകില്‍ ബില്‍ പിന്‍വലിക്കണം അല്ലെങ്കില്‍ സ്ഥിരം സമിതിക്ക് വിടണമെന്നും എന്‍.സി.പി. എം.പി. സുപ്രിയ സുലെ ആവശ്യപ്പെട്ടു.
വഖഫ് കൗണ്‍സിന്റേയും ബോര്‍ഡിന്റേയും അധികാരങ്ങള്‍ ഇല്ലാതാക്കുകയാണ്. വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമമാണിത്. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണ് നീക്കം. ജുഡീഷ്യല്‍ പരിശോധന നടന്നുകഴിഞ്ഞാല്‍, ബില്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെടുമെന്നും ആര്.എസ്.പി. അംഗം എന്‍.കെ പ്രേമചന്ദ്രന് പറഞ്ഞു.
എസ്.പിക്കുവേണ്ടി അഖിലേഷ് യാദവും എ.ഐ.എം.ഐ.എമ്മിന് വേണ്ടി അസദുദ്ദീന്‍ ഒവൈസിയും ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുവരും ബില്ലിനെ എതിര്‍ത്തു. സുതാര്യതയ്ക്കുവേണ്ടിയാണ് ബില്‍ കൊണ്ടുവരുന്നതെന്ന് ജെ.ഡി.യു. എം.പിയും കേന്ദ്രമന്ത്രിയുമായ ലല്ലന്‍ സിങ് പറഞ്ഞു. ക്ഷേത്രങ്ങളുമായി താരതമ്യംചെയ്ത് വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി മുസ്ലിംകളോടുള്ള അനീതിയാണിതെന്നും വലിയൊരു തെറ്റാണു നടക്കാന്‍ പോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും പ്രസ്താവിച്ചു. ബില്‍ മതസ്വാതന്ത്ര്യത്തിന് എതിരെന്നു തൃണമൂല്‍ കോണ്‍ഗ്രസും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ഡിഎംകെയും അറിയിച്ചു. വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണു ബില്ലില്‍ ഏറ്റവും പ്രധാനം.
വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 1923 ലെ മുസല്മാന് വഖഫ് ആക്ട് പിന്‍വലിക്കാന്‍ മറ്റൊരു ബില്ലും അവതരിപ്പിക്കും.
1995ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ബില്‍ നിയമം ആയാല്‍ വഖഫ് ഇടപാടുകളിലും സ്വത്തു തര്‍ക്കങ്ങളിലും തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് സവിശേഷാധികാരം ലഭിക്കും. ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ചു വഖഫ് ബോര്‍ഡിലെ 6 അംഗങ്ങള്‍ തിരഞ്ഞെടുപ്പിലൂടെയാണു സ്ഥാനം ഏല്‍ക്കുന്നത്. ഇനി മുതല്‍ മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാരിനു നേരിട്ടു നിയമിക്കാം.
ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടുന്നതല്ല ബില്ലെന്ന് ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജു മറുപടി നല്കി. ആരുടേയും അധികാരം കവരുകയല്ലെന്നും ഇതുവരെ അധികാരങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് അത് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച സചാര്‍ കമ്മിഷന് ശുപാര്‍ശകള്‍ പ്രകാരമാണ് ബില്ലുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തില്‍ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയോ, മതസ്വാതന്ത്രത്യത്തയോ ബില്ല് ചോദ്യം ചെയ്യുന്നില്ല. 2013 ബില്ലില്‍ അനാവശ്യ ഭേദഗതികള്‍ കൊണ്ടുവന്നു. ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ തന്നെയാണ് ബില്‍.
എല്ലാവര്ക്കും കേള്‍ക്കാനുള്ളത് കേള്‍ക്കുമെന്നും എല്ലാവരെയും വിശ്വാസത്തിലെടത്താണ് ബില്‍ കൊണ്ടുവരുന്നതെന്നും കിരണ്‍ റിജുജു പറഞ്ഞു.നീതി ലഭിക്കാത്ത മുസ്ലീം സഹോദരങ്ങള്‍ക്ക് ഈ ബില്‍ നീതി നല്‍കും.പാവപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സംരക്ഷണമൊരുക്കും.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനല്ല ബില്‍.വഖഫ് ബോര്‍ഡുകളില്‍ കൃത്യമായി ഓഡിറ്റ് നടക്കാറില്ലെന്ന മുന്‍കാല റിപ്പോര്‍ട്ടുകളുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പല പരാതികളും ഉയര്‍ന്നിരുന്നു.
വഖഫിന്റെ ആസ്തികളും, വരുമാനവും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു.കൈവശഭൂമിയുടെ വിസ്തൃതിയും,വിലയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്.വഖഫ് കൗണ്‍സിലിനെയും ബോര്‍ഡുകളെയും ശാക്തീകരിക്കാനാണ് ബില്‍.സച്ചാര്‍ കമ്മിറ്റിയില്‍ ശുപാര്‍ശയുണ്ടായിരുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ചാണ് ഭേദഗതികള്‍ വരുത്തിയത്. യു പി എ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യമാണിത്. നീതി നിഷേധം ഉണ്ടാകാതിരിക്കാനാണ് ട്രിബ്യൂണല്‍ കൊണ്ടുവരുന്നത്.
വഖഫ് വസ്തുവകകള്‍ റീസര്‍വേ ചെയ്യണമെന്ന ജെ പി സി റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ പത്ത് വര്‍ഷമായി സര്‍ക്കാര്‍ ബില്ലിന്റെ പണിപ്പുരയിലായിരുന്നു നിരവധി ചര്‍ച്ചകള്‍ നടന്നു. നിരവധി പരാതികള്‍ കേട്ടു. വഖഫ് ഭൂമിയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച പരാതികള്‍ പോലും കിട്ടി. രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോലും വഖഫിലേക്ക് സ്വത്തുക്കള്‍ നല്‍കിയിട്ടുണ്ട്. മാഫിയ ഭരണം ഇനി അനുവദിക്കാനാവില്ല. പല മാഫിയകളും വഖഫ് സ്വത്തുക്കള്‍ കൈയടക്കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുത്തിയ പിഴവുകള്‍ തിരുത്താനാണ് ശ്രമമെന്നും കിരണ്‍ റിജുജു പറഞ്ഞു.
കിരണ്‍ റിജിജുവാണ് ബില്ല് അവതരിപ്പിക്കാന്‍ ലോക്സഭയില്‍ അനുമതി തേടിയത്. ബില്ലിനെ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും തുറന്നെതിര്‍ത്തു.