- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ജനസംഖ്യ കുറഞ്ഞാൽ ശിക്ഷയും കൂടിയാൽ അനുഗ്രഹവുമോ? കേരളത്തിൽ 20 സീറ്റിൽ നിന്ന് കാര്യമായി കൂടാത്തപ്പോൾ യുപിയിൽ 80 ൽ നിന്ന് 140 വരെയായി വർദ്ധിക്കുമോ? മണ്ഡല പുനർനിർണയം വരുമ്പോൾ ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക
ന്യൂഡൽഹി: ജനസംഖ്യാനുപാതികമായാണ് പാർലമെന്റംഗങ്ങളെ നിശ്ചയിക്കുന്നത്. ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി പാർലമെന്റംഗങ്ങളും വർദ്ധിക്കും. വനിതാ സംവരണ ബിൽ പാസാക്കുന്നതിന്റെ ഭാഗമായി മണ്ഡല പുനർനിർണയവും വേണ്ടിവരും. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നിർവഹിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡലങ്ങൾ കുറഞ്ഞുപോകുമോ എന്ന ആശങ്കയുണ്ട്. തങ്ങളുടെ മികവിന്റെ പേരിൽ സീറ്റെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടേക്കുമെന്നാണ് ആ ആശങ്ക.
ജനസംഖ്യ കൂടുതലുള്ള വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ കിട്ടുകയും, ദക്ഷിണേന്ത്യക്കാർക്ക് കുറഞ്ഞുപോകുകയും ചെയ്യുമോ എന്നതാണ് സംവാദ വിഷയം. സർക്കാരിന് ആശങ്കയെ കുറിച്ച് ധാരണയുണ്ടെന്നും, വേണ്ടത് തക്ക സമയത്ത് ചെയ്യുമെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും, മണ്ഡല പുനർനിർണയവും നടത്തണം. അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കും. എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും കമ്മീഷൻ. അതിനൊപ്പം സെൻസസും നടത്തും. വനിതാ ക്വാട്ട 2029 ഓടെ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭരണഘടനയുടെ 82 ാം വകുപ്പ് പ്രകാരം, 2026 ന് ശേഷമുള്ള സെൻസസ് ഡാറ്റ മാത്രമേ മണ്ഡല പുനർനിർണയത്തിന് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഈ കടമ്പ സർക്കാർ എങ്ങനെ കടക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ മണ്ഡല നിർണയ പ്രക്രിയ 18 മാസം നീണ്ടു നിന്നിരുന്നു. ഓരോ സംസ്ഥാനത്തും പബ്ലിക് ഹിയറിങ്ങുമായി 211 യോഗങ്ങൾ നടന്നിരുന്നു. പാർലമെന്റിൽ 7 മണിക്കൂർ നീണ്ട സംവാദത്തിൽ വനിതാ സംവരണ ബിൽ കാലതാമസം കൂടാതെ നടപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
പത്തുവർഷം കൂടുമ്പോൾ നടത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന് ആനുപാതികമായി ഒരു പുനഃപരിശോധനക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. 1961ലെയും 1971ലെയും ജനസംഖ്യാ കണക്കെടുപ്പിന് ശേഷം അതിൻപ്രകാരം മണ്ഡല പുനർവിഭജനം നടത്തുകയുണ്ടായി. എന്നാൽ, 1976ൽ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അത് അവസാനിപ്പിച്ചു. ഓരോ സംസ്ഥാനത്തിന്റെയും സീറ്റ് വിഹിതം 2001ലെ സെൻസസ് കഴിയുംവരെ മരവിപ്പിച്ചതായി വ്യവസ്ഥ ചെയ്തു.
ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 2002ൽ മണ്ഡല പുനർനിർണയം നടത്തേണ്ടതായിരുന്നു. അത് 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിച്ചിരിക്കയാണ്. അതനുസരിച്ച് 2026ന് ശേഷം നടത്തുന്ന സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസിന്റെ നടപടികൾ പൂർത്തിയായ ശേഷമാവും ഇനി മണ്ഡല പുനർനിർണയം. 1951 -52ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യ ലോക്സഭ 489സീറ്റുമായി നിലവിൽ വന്നു. പിന്നീട് മണ്ഡലം പുനർനിർണയങ്ങളിലാണ് നിലവിൽ 543 സീറ്റായത്. 1952, 1963, 1973, 2002 വർഷങ്ങളിലാണ് മണ്ഡലം പുനർനിർണയ കമ്മിഷനുകളെ നിയമിച്ചത്. .
കേരളത്തിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറവായതിനാൽ സീറ്റുകൾ കാര്യമായി വർദ്ധിച്ചേക്കില്ല. എന്നാൽ നിലവിലെ 20 സീറ്റുകൾ കുറയാനിടയില്ല. അതേസമയം, യുപിയിലേത് നിലവിലെ എൺപതിൽനിന്ന് 140 വരെയായി വർധിക്കുകയും ചെയ്യാനാണു സാധ്യത ജനസംഖ്യാനുപാതികമായി (10 ലക്ഷം വോട്ടർമാർക്ക് ഒരു എംപി) സീറ്റ് കണക്കാക്കുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഇക്കാരണത്താലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്കയുള്ളത്. ഒരുപക്ഷേ മണ്ഡല പുനർനിർണയത്തിലെ പഴയ രീതിയിൽ മാറ്റം വരുത്തിയാകും കേന്ദ്രസർക്കാർ ഇതിന് പരിഹാരം കാണുക.
മറുനാടന് മലയാളി ബ്യൂറോ