ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പിലെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വനിത എം.പിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള എം.പി ഫാംഗ്നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി.

വനിത എം.പിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിത കമീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ നിര്‍ദേശം നല്‍കി. നാഗാലാന്‍ഡില്‍നിന്നുള്ള ബിജെപി എംപിയാണ് ഫാംഗ്‌നോന്‍ കോണ്യാക്ക്. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധത്തിനിടെ രാഹുല്‍ തന്റെ അടുത്തുവന്ന് ആക്രോശിച്ചെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. തന്റെ അന്തസ്സും ആത്മാഭിമാനവും രാഹുല്‍ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവര്‍ പരാതിപ്പെട്ടു.

അതേ സമയം, പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്റ് പൊലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ കേസെടുത്തിട്ടില്ല. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, അമിത് ഷാക്കെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത് ബഹുമതിയായി കാണുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കേസെടുത്തെന്നുവെച്ച് ആര്‍.എസ്.എസ് - ബി.ജെ.പി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്‍കിയ പരാതികളില്‍ എന്തുകൊണ്ട് ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

രാഹുല്‍ ഗാന്ധി ആക്രമണം നടത്തിയെന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ബി.ജെ.പി വളരെ നിരാശരാണ്. തെറ്റായ എഫ്.ഐ.ആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല. രാജ്യത്തിനും ഇതറിയാം. അംബേദ്കറോടുള്ള അവരുടെ വികാരം പുറത്തുവന്നിട്ടുണ്ട്. ഞങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നതുകൊണ്ട് അവര്‍ പ്രതിപക്ഷത്തെ ഭയപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അംബേദ്കറെ പരാമര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് രാഹുല്‍ ഗന്ധിക്കെതിരെ ബി.ജെ.പി എം.പി ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്‌സഭ സെക്രട്ടറിക്ക് നോട്ടീസ് സമര്‍പ്പിച്ചത്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയും അവകാശ നോട്ടീസ് നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.