മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനും നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്നു. എസ്പിയെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ പി.വി. അന്‍വറിനെ അകത്തേക്ക് കടത്തിവിട്ടില്ല. എസ്.പിയുടെ വസതിയില്‍ സ്ഥിതി ചെയ്യുന്ന പറമ്പിലെ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് എംഎല്‍എ അറിയിച്ചത്. പാറാവ് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എം.എല്‍.എയെ കടത്തിവിട്ടില്ല.

എസ് പിയുടെ വസതിയില്‍ നിന്നും മരങ്ങള്‍ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അന്‍വര്‍ എം.എല്‍.എ വൈകിട്ട് അഞ്ചുമണിയോടെ എസ് പിയുടെ വീട്ടിലെത്തിയത്. എസ് പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എം എല്‍ എ പൊലീസിനെ നിര്‍ബന്ധിച്ചു.

ഓഫീസില്‍ പോയി അനുവാദം വാങ്ങാന്‍ പറഞ്ഞപ്പോള്‍, 'അയാളുടെ ഓഫീസില്‍ പോകേണ്ട പണി എനിക്കില്ല, ഇതും ഓഫീസാണ് എന്നായിരുന്നു എം.എല്‍.എയുടെ മറുപടി. അനുവാദം കൂടാതെ കടത്തിവിടാന്‍ കഴിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അനുവാദത്തിനാണ് ചോദിക്കുന്നതെന്ന് എം.എല്‍.എ. മറുപടി നല്‍കി.

വിവരം അറിയാന്‍ എം എല്‍ എക്ക് അവകാശമുണ്ടെന്നും മുറിച്ച മരത്തിന്റെ കുറ്റി കാണണമെന്നും അന്‍വര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് അറിയിച്ച് പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്‍വറിനെ തടയുകയായിരുന്നു. ഏറെ നേരം സംസാരിച്ചിട്ടും പൊലീസുദ്യോഗസ്ഥന്‍ കടത്തി വിടാതെ വന്നതോടെ അന്‍വര്‍ പിന്നീട് മടങ്ങി.

പൊതുവേദിയില്‍ പി വി അന്‍വര്‍ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അന്‍വര്‍ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറഞ്ഞിരുന്നത്. പി വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജില്‍ കേരളത്തിന്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിന്റെയും മാപ്പ് ഇട്ടുകൊണ്ടായിരുന്നു എംഎല്‍എയുടെ പരിഹാസം. 'കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്.'-എന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്.