ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്താന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ മൂന്നുസുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ധാക്കയിലെ അധികാര മാറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഹ്രസ്വകാല-ദീര്‍ഘകാല തന്ത്രങ്ങള്‍ എന്തൊക്കെ എന്നതായിരുന്നു ആദ്യചോദ്യം. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു വരികയാണെന്ന് മന്ത്രി മറുപടി നല്‍കി.

ബംഗ്ലാദേശിലെ നാടകീയ സംഭവങ്ങളില്‍ വിദേശ ശക്തികളുടെ വിശേഷിച്ച് പാകിസ്ഥാന്റെ പങ്കുണ്ടാകുമോ എന്നും രാഹുല്‍ ആരാഞ്ഞു. അക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശിലെ മാറുന്ന സാഹചര്യം സൂചിപ്പിക്കാന്‍ ഒരു പാകിസ്ഥാന്‍ നയതന്ത്രപ്രതിനിധി നിരന്തരം സോഷ്യല്‍ മീഡിയ ചിത്രം മാറ്റുകയാണെന്ന വിഷയവും ചര്‍ച്ചയായി. ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ബംഗ്ലാദേശിലെ നാടകീയ സാഹചര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ എന്നും രാഹുല്‍ ചോദിച്ചു. സാഹചര്യം വിലയിരുത്തി വരികയാണെന്ന് മന്ത്രി മറുപടി നല്‍കി.

പാക്ക് ചാര ഏജന്‍സിയായ ഐഎസ്‌ഐയ്ക്കും ചൈനയ്ക്കും ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും സംശയിക്കുന്നുണ്ട്. ബംഗ്ലദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ഛാത്ര ശിബിര്‍ (ഐസിഎസ്) ആണ് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി വഴിമാറ്റി വിട്ടതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കി പാക്ക്‌ചൈന ചായ്വ് പുലര്‍ത്തുന്ന ഭരണകൂടത്തെ പ്രതിഷ്ഠിക്കാനാണ് ഇതെന്നാണ് വിലയിരുത്തല്‍.