പത്തനംതിട്ട: പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കൊച്ചിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

2023 മെയിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇ- ടെന്‍ഡര്‍ നടക്കുമ്പോള്‍ മറുവശത്ത് വേറെ കരാര്‍ ഉണ്ടാക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്വകാര്യ കമ്പനിയും തമ്മില്‍ കരാറില്‍ ഏര്‍പെടുകയായിരുന്നു. സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

ഇവര്‍ അഭിഭാഷകരായ മാഗ്‌നം സ്‌പോര്‍ട്‌സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നാണ് രാഹുലിന്റെ ആരോപണം. പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിത്. ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടില്‍ പരാതി കൊടുക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇപി ജയരാജനെതിരെ വേഗത്തില്‍ നടപടിയെടുത്ത പിണറായി വിജയന് പി ശശി, അജിത്ത് കുമാര്‍, സുജിത്ത് ദാസ് എന്നിവരെ തൊടാന്‍ പേടിയാണ്.

മുന്‍ പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. താനൂര്‍ കസ്റ്റഡി മരണം ആസൂത്രിതമാണ്. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിന് വേണ്ടി നടത്തിയ കൊലപാതകമാണത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന കാലത്ത് മോശം ട്രാക്ക് റെക്കോഡ് ഉള്ള ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ലോട്ടറി മാഫിയയെ വിരട്ടി പണം തട്ടുന്ന ആളാണ് സുജിത്ത് ദാസെന്നും ഇയാളുടെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സിപിഎം എംഎല്‍എയെക്കാള്‍ പവര്‍ഫുള്‍ ആണ് എഡിജിപി അജിത് കുമാര്‍. അതാണ് അന്‍വര്‍ വായ മൂടിയത്. മുഖ്യമന്ത്രിക്ക് ഭയം ആണ്. അജിത്ത് കുമാര്‍ മുന്‍പ് ഇടപെട്ടത് സ്വര്‍ണ്ണകടത്ത് കേസില്‍ ആണ്. അത് മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ ഭയമാണ്. സിപിഎം ക്വട്ടേഷന്‍ ഏല്‍പ്പിച്ച കൊടി സുനിയാണ് അജിത്ത് കുമാര്‍. മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.